ഏഷ്യാ കപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാക്ക് മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇഷാന്‍ കിഷന്‍. പതിവു പോലെ ഇന്ത്യന്‍ ടോപ്പ് ഓഡറിനെ പാക്ക് പേസ് നിര കീഴടക്കിയപ്പോള്‍ രക്ഷകനായി ഇഷാന്‍ കിഷന്‍ എത്തുകയായിരുന്നു. 9.5 ഓവറില്‍ 48 ന് 3 എന്ന നിലയില്‍ നിന്നായിരുന്നു ഇഷാന്‍ കിഷന്‍റെ രക്ഷാപ്രവര്‍ത്തനം.
മോശം ബോളുകളെ ശിക്ഷിച്ചും സ്ട്രൈക്ക് റോട്ടേറ്റ് ചെയ്തും ഇഷാന്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 54 പന്തില്‍ നിന്നായിരുന്നു ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചുറി തികച്ചത്. ഏകദിനത്തിലെ ഇഷാന്‍ കിഷന്‍റെ തുടര്‍ച്ചയായ നാലാം അര്‍ധസെഞ്ചുറിയായിരുന്നു ഇത്.
മത്സരത്തില്‍ 81 പന്തില്‍ 82 റണ്‍സാണ് ഇഷാന്‍ നേടിയത്. 9 ഫോറും 2 സിക്സും ഇന്നിംഗ്സില്‍ പിറന്നു. ഹര്‍ദ്ദിക്ക് പാണ്ട്യയുമായി 141 പന്തില്‍ 138 റണ്‍സ് കൂട്ടിചേര്‍ത്തു. 38ാം ഓവറിലാണ് ഇഷാന്‍ പുറത്തായത്. റൗഫിന്‍റെ പന്തില്‍ ബാബര്‍ അസമിന് ക്യാച്ച് നല്‍കിയാണ് ഇഷാന്‍ മടങ്ങിയത്. ഇഷാന്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 200 കടന്നിരുന്നു.
സ്ഥിരം കീപ്പറായ കെല്‍ രാഹുല്‍ പരിക്കേറ്റതോടെയാണ് ഇഷാന്‍ കിഷന് അവസരം ലഭിച്ചത്. ടോപ്പ് ഓഡറില്‍ കളിക്കുന്ന ഇഷാനെ മധ്യനിരയില്‍ ഇറക്കുന്നതിന് ഏറെ വിമര്‍ശനം കേട്ടിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍.