ഐപിഎൽ കരിയറിലെ തന്റെ നാലാം മത്സരത്തിൽ തന്നെ എല്ലാവരെയും ഞെട്ടിച്ച ബാറ്റിംഗ് പ്രകടനമാണ് പഞ്ചാബിന്റെ യുവതാരമായ പ്രിയാൻഷ് ആര്യ കാഴ്ചവച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 39 പന്തുകളിലാണ് പ്രിയാൻഷ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. തന്റെ ആദ്യ ഐപിഎൽ മത്സരത്തിൽ തന്നെ 47 റൺസ് സ്വന്തമാക്കിയ പ്രിയാൻഷിന്റെ ഉഗ്രരൂപം ആയിരുന്നു ചെന്നൈയ്ക്കെതിരെ കാണാൻ സാധിച്ചത്.
9 സിക്സറുകളും 7 ബൗണ്ടറികളും അടങ്ങിയ ഇന്നിംഗ്സ് ആയിരുന്നു പ്രിയാൻഷ് ചെന്നൈ ടീമിനെതിരെ കാഴ്ചവെച്ചത്. ഇതോടെ 42 പന്തുകളിൽ 103 റൺസ് സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഐപിഎൽ ക്രിക്കറ്റിൽ പുതിയ വിപ്ലവവുമായി മാറുന്ന പ്രിയാൻഷ് ആര്യ ആരാണെന്ന് പരിശോധിക്കാം.
ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ 3.8 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് പ്രിയാൻഷ് ആര്യ എന്ന 24കാരനെ സ്വന്തമാക്കിയത്. പഞ്ചാബ് ഈ താരത്തെ തങ്ങളുടെ ടീമിലെത്തിക്കാനുള്ള പ്രധാന കാരണം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു. ഡൽഹി പ്രീമിയർ ലീഗിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു. സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് ടീമിനായി കളിച്ചിരുന്ന പ്രിയാൻഷ് 10 ഇന്നിംഗ്സുകളിൽ നിന്ന് 608 റൺസാണ് ടൂർണമെന്റിൽ സ്വന്തമാക്കിയത്. ഈ പ്രകടനത്തിലൂടെ വലിയ റെക്കോർഡുകൾ തീർക്കാനും പ്രിയാൻഷിന് സാധിച്ചു. നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സ് ടീമിനെതിരായ മത്സരത്തിൽ ഒരോവറിൽ 6 സിക്സറുകൾ സ്വന്തമാക്കിയതും വാർത്തയായിരുന്നു.
ശേഷം 2023- 24 സൈദ് മുഷ്തഖ് അലി ട്രോഫി ടൂർണമെന്റിലും പ്രിയാൻഷ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ടൂർണമെന്റിൽ ഡൽഹിക്കായി ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച താരങ്ങളിൽ ഒരാളായിരുന്നു പ്രിയാൻഷ്. ടൂർണമെന്റിൽ 7 ഇന്നിംഗ്സുകളിൽ നിന്ന് 31.71 എന്ന ഉയർന്ന ശരാശരിയിൽ 222 റൺസ് സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. മാത്രമല്ല 166. 91 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റും താരത്തിന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് 2024 ഐപിഎൽ ലേലത്തിലേക്ക് പ്രിയാൻഷിന്റെ പേര് എത്തിയത്. എന്നാൽ ആ സീസണിൽ താരത്തെ സ്വന്തമാക്കാൻ ഒരു ടീമും മുമ്പിലേക്ക് വന്നില്ല.
പക്ഷേ 2025 ഐപിഎൽ ലേലത്തിൽ പഞ്ചാബ് ഈ യുവതാരത്തിന്റെ കഴിവ് കൃത്യമായി മനസ്സിലാക്കുകയും താരത്തിനായി രംഗത്തുവരികയും ചെയ്തു. പഞ്ചാബ് ടീം തന്നിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലമാണ് മത്സരത്തിൽ പ്രിയാൻഷ് നൽകിയത്. ചെന്നൈ സൂപ്പർ കിങ്സിന്റെ മുഴുവൻ ബോളർമാരെയും യാതൊരു ദയയും കൂടാതെ അടിച്ചകറ്റാൻ താരത്തിന് സാധിച്ചു. ഇതിൽ ഏറ്റവുമധികം തല്ലു വാങ്ങിയത് ചെന്നൈയുടെ സൂപ്പർ പേസറായ പതിരാനായിരുന്നു. എന്തായാലും വളരെ മികച്ച തുടക്കം തന്നെയാണ് പ്രിയാൻഷിന്റെ കരിയറിന് ലഭിച്ചിരിക്കുന്നത്.