2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ തന്റെ ആഘോഷങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് ലക്നൗ സൂപ്പർ ജയന്റ്സിന്‍റെ സ്പിന്നറായ ഡിഗ്വേഷ് റാത്തി. തന്റെ ആദ്യ മത്സരങ്ങളിൽ തന്നെ നോട്ടുബുക്ക് സെലിബ്രേഷനുമായി ആയിരുന്നു ഡിഗ്വേഷ് രംഗത്തെത്തിയത്.
ഇതിനെതിരെ ബിസിസിഐ വലിയ പിഴയും താരത്തിനെതിരെ ചുമത്തുകയുണ്ടായി. ആദ്യ മത്സരത്തിൽ ഈ നോട്ടുബുക്ക് സെലിബ്രേഷന്റെ പേരിൽ മാച്ച് ഫീസിന്റെ 25% ആയിരുന്നു ഡിഗ്നേഷിന് പിഴയായി അടയ്ക്കേണ്ടി വന്നത്. രണ്ടാം മത്സരത്തിൽ 50% പിഴയായി അടക്കേണ്ടി വന്നു. ഇതിനുശേഷം ഇപ്പോൾ തന്റെ ആഘോഷ രീതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഡിഗ്വേഷ് എത്തിയിരിക്കുന്നത്.
ആദ്യ മത്സരങ്ങളിൽ തന്നെ 5 ലക്ഷം രൂപയിലധികം ഡിഗ്നേഷിന് പിഴ അടക്കേണ്ടി വന്നിരുന്നു. ശേഷം 3 ഡിമെറിറ്റ് പോയിന്റുകളും താരത്തിന്മേൽ ബിസിസിഐ ചുമത്തുകയുണ്ടായി. ഇനിയും ഡിമെറിറ്റ് പോയിന്റുകൾ ലഭിച്ചാൽ ഡിഗ്വേഷിന് ഒരു മത്സരത്തിൽ നിന്നും മാറി നിൽക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് താരമിപ്പോൾ തന്റെ ആഘോഷരീതിയിൽ മാറ്റം വരുത്തിയത്. കൊൽക്കത്തക്കെതിരായ മത്സരത്തിൽ വിക്കറ്റ് സ്വന്തമാക്കിയ ശേഷം സാധാരണയിൽ നിന്ന് വിപരീതമായി പിച്ചിൽ തന്നെ, നോട്ടുബുക്കിൽ എഴുതുന്നതുപോലെ എഴുതി തന്റെ സെലിബ്രേഷനിൽ താരം മാറ്റം വരുത്തുകയാണ് ഉണ്ടായത്.
മത്സരത്തിൽ സുനിൽ നരേനെയായിരുന്നു ഡിഗ്നേഷ് പുറത്താക്കിയത്. ഉടൻ തന്നെ ഡിഗ്വേഷ് മൈതാനത്ത് ഇരിക്കുകയും അവിടെ എന്തൊക്കെയോ എഴുതുകയും ചെയ്തു. ഇനിയും പിഴ ലഭിക്കാതിരിക്കാൻ ആണ് ഇത്തരത്തിൽ ഒരു മാറ്റം താരം തന്റെ ആഘോഷത്തിൽ വരുത്തിയത്. 13 പന്തുകളിൽ 20 റൺസ് നേടിയായിരുന്നു സുനിൽ നരെയ്ൻ മത്സരത്തിൽ കൂടാരം കയറിയത്. 4 ബൗണ്ടറികളും 2 സിക്സറുകളും സുനിൽ നരേന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.
മത്സരത്തിലേക്ക് കടന്നു വന്നാൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറുകളിൽ 238 റൺസായിരുന്നു സ്വന്തമാക്കിയത്. മിച്ചൽ മാർഷും നിക്കോളാസ് പൂരനുമാണ് ലക്നൗ ടീമിനായി മൈതാനത്ത് വെടിക്കെട്ട് തീർത്തത്. 48 പന്തുകളിൽ 6 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 81 റൺസ് മാർഷ് സ്വന്തമാക്കി. നിക്കോളാസ് പൂരൻ 36 പന്തുകളിൽ 7 ബൗണ്ടറികളും 8 സിക്സറുകളുമടക്കം 87 റൺസാണ് നേടിയത്. മറുപടി ബാറ്റിങ് ആരംഭിച്ച കൊൽക്കത്തയ്ക്ക് മികച്ച തുടക്കം ആയിരുന്നു ലഭിച്ചത്. 35 പന്തുകളിൽ 61 റൺസ് റൺസ് നേടിയ നായകൻ അജിങ്ക്യ രഹാനെ കൊൽക്കത്തക്കായി അടിച്ചു തകർത്തു. എന്നാൽ അവസാന ഓവറുകളിൽ വേണ്ട രീതിയിൽ റൺസ് കണ്ടെത്താൻ ടീമിന് സാധിച്ചില്ല. ഇതോടെ 4 റൺസിന്റെ പരാജയം കൊൽക്കത്ത ഏറ്റുവാങ്ങി.