സ്വയം കുഴിച്ച കുഴിയിൽ ഇന്ത്യ വീഴും. സഞ്ജുവിനെ മാറ്റിനിർത്തിയത് ഇന്ത്യയെ ബാധിക്കുമെന്ന് ചോപ്ര.

2023 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ കേവലം റിസർവ് കളിക്കാരനായി മാത്രമാണ് മലയാളി താരം സഞ്ജു സാംസനെ ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. കെഎൽ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിൽ ബാക്കപ്പ് താരമായാണ് സഞ്ജുവിനെ ഇന്ത്യ നിലനിർത്തിയത്. എന്നാൽ ഈ തീരുമാനത്തിലൂടെ ഇന്ത്യ സ്വയം കുഴിച്ച കുഴിയിൽ വീഴും എന്നാണ് മുൻ ഇന്ത്യൻ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്.

ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ 2 മത്സരങ്ങളിലും കെ എൽ രാഹുൽ കളിക്കില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്. സഞ്ജുവിനെ നേരിട്ട് സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തതിനാൽ തന്നെ ഇന്ത്യ ടീം കോമ്പിനേഷനിൽ വലിയ മാറ്റങ്ങൾ ഇനി വരുത്തേണ്ടി വരും എന്നും ചോപ്ര പറയുന്നു.

“കെഎൽ രാഹുലിനെ ഇന്ത്യ നോക്കി കണ്ടിരുന്നത് ഒരു മധ്യനിര ബാറ്ററായി ആയിരുന്നു. അതുകൊണ്ടുതന്നെ രാഹുലിന് ബായ്ക്കപ്പായി സഞ്ജു സാംസണിനെ തിരഞ്ഞെടുക്കുമ്പോൾ അയാളെ സ്ക്വാഡിൽ ഉൾപ്പെടുത്താനും തയ്യാറാവണമായിരുന്നു. അങ്ങനെയെങ്കിൽ ഇന്ത്യയ്ക്ക് മറ്റൊരു മാറ്റത്തിന് വഴങ്ങേണ്ടി വരില്ലായിരുന്നു. ഇപ്പോൾ ഇന്ത്യൻ സ്ക്വാഡിലുള്ള കീപ്പർമാരിൽ ഒരാൾ മധ്യനിര ബാറ്ററും മറ്റൊരാൾ ഓപ്പണറുമാണ്. ഇത് ഇന്ത്യ സ്വയം കുഴിച്ച കുഴിയാണ്. അധികം താമസിയാതെ ഇന്ത്യ അതിൽ വീഴുകയും ചെയ്യും.”- ആകാശ് ചോപ്ര പറയുന്നു.

“ഇന്ത്യൻ ടീമിലെ മറ്റു മധ്യനിര താരങ്ങളെ പരിശോധിക്കണം. ഇതുവരെ തിലക് വർമ്മ ഒരു ഏകദിന മത്സരത്തിൽ പോലും കളിച്ചില്ല. സൂര്യകുമാർ യാദവ് കഴിഞ്ഞ മത്സരങ്ങളിലൊക്കെ കളിച്ചെങ്കിലും മോശം പ്രകടനം തന്നെ ആവർത്തിക്കുകയാണ്. ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരം എന്തായാലും ആവേശം നിറഞ്ഞതായിരിക്കും.

അതിനാൽ തന്നെ ഇത്തരം സാഹചര്യത്തിൽ ഇന്ത്യ എത്രമാത്രം മികവുകാട്ടും എന്നത് കണ്ടറിയണം. ഈ താരങ്ങളെയൊക്കെ സംബന്ധിച്ചും തങ്ങളുടെ മികവ് പുലർത്താനുള്ള വലിയ ഒരു അവസരമാണ് മുമ്പിലുള്ളത്. തങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതൊക്കെ ഈ മത്സരത്തിൽ ചെയ്യണം”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

നിലവിൽ ഇന്ത്യയുടെ 17 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ സഞ്ജു സാംസന് ഏഷ്യകപ്പിൽ കളിക്കാനാവില്ല. എന്നിരുന്നാലും ഒരു റിസർവ് താരമായി സഞ്ജു സാംസൺ ശ്രീലങ്കയിൽ ഇന്ത്യൻ സ്ക്വാഡിനൊപ്പമുണ്ട്. പക്ഷേ കെഎൽ രാഹുൽ ഇന്ത്യയുടെ സ്ക്വാഡിൽ നിന്ന് പൂർണമായി പുറത്തായാൽ മാത്രമേ സഞ്ജുവിന് ടീമിൽ കളിക്കാൻ അവസരം ലഭിക്കുകയുള്ളൂ. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ആദ്യ ഏഷ്യകപ്പ് മത്സരം നടക്കുന്നത്.