പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഹാർദിക് പാണ്ഡ്യ. ഇന്ത്യയുടെ നട്ടെല്ലായ സൂപ്പർ ഇന്നിങ്സ്.

ഇന്ത്യയുടെ പാക്കിസ്ഥാനിതരായ ഏഷ്യാകപ്പ് മത്സരത്തിൽ ഒരു വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച് ഹാർദിക് പാണ്ഡ്യ. ഇന്ത്യ തകർന്ന സമയത്ത് ക്രീസിലെത്തിയ പാണ്ഡ്യ ഒരു ഉഗ്രൻ പ്രകടനത്തോടെ ടീമിനെ കൈപിടിച്ച് കയറ്റുകയായിരുന്നു. മത്സരത്തിൽ 87 റൺസ് നേടിയ ഹർദിക് പാണ്ഡ്യയുടെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട ഒരു സ്കോറിൽ എത്തിയിരിക്കുന്നത്. എന്തായാലും വലിയ നാണക്കേടിൽ നിന്നാണ് ഈ സൂപ്പർ താരം ഇന്ത്യയെ രക്ഷിച്ചത്. ഹർദിക്കിനോപ്പം ഇഷാൻ കിഷനും ഇന്ത്യക്കായി മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. വളരെ പ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പാക്കിസ്ഥാന്റെ ബോളിങ്ങിന് മുൻപിൽ വിറച്ചുവീണു. ഷാഹിൻ അഫ്രീദിയും ഹാരിസ് റോഫും കൃത്യമായ ലൈനും ലെങ്തും കണ്ടെത്തിയതോടെ ഇന്ത്യയുടെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നു. രോഹിത് ശർമ(11), ശുഭമാൻ ഗിൽ(10), വിരാട് കോഹ്ലി(4), ശ്രേയസ് അയ്യർ(14) എന്നിവർ ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ ഇന്ത്യ 66ന് 4 എന്ന നിലയിൽ തകർന്നു വീഴുകയായിരുന്നു. ഇതിനുശേഷമാണ് ഹർദിക് പാണ്ഡ്യ ക്രീസിലെത്തിയത്.

തന്റെ ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് രണ്ടാം നിരയിലായിരുന്നു ഹർദിക് പാണ്ഡ്യ കളിച്ചത്. ഒരുവശത്ത് ഇഷാൻ കിഷൻ ആക്രമണം അഴിച്ചുവിട്ടപ്പോൾ മറുവശത്ത് ഹർദിക് പാണ്ഡ്യ നല്ലൊരു കൂട്ടുകെട്ട് സമ്മാനിച്ചു. എന്നാൽ ഇന്നിംഗ്സിന്റെ ദൈർഘ്യം കൂടിയതനുസരിച്ച് ഹർദിക് പതിയെ തന്റെ ഷോട്ടുകൾ പുറത്തെടുക്കാൻ തുടങ്ങി. ഇതോടെ സമ്മർദ്ദം പൂർണമായും പാക്കിസ്ഥാൻ ബോളർമാർക്ക് മേൽ പതിക്കുകയായിരുന്നു.

മറ്റു പല ബാറ്റർമാർക്കെതിരെ പ്രയോഗിച്ച എല്ലാ അസ്ത്രവും ഹർദിക് പാണ്ഡ്യക്കെതിരെ പ്രയോഗിക്കാൻ പാകിസ്ഥാൻ ബോളർമാർ തയ്യാറായി. പക്ഷേ ഇന്നിംഗ്സിൽ വീണ്ടും ഇന്ത്യയുടെ രക്ഷകനായി ഹർദിക് മാറുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ഇഷാൻ കിഷനൊപ്പം ചേർന്ന് 138 റൺസിന്റെ പടുകൂറ്റൻ കൂട്ടുകെട്ടാണ് ഇന്ത്യക്കായി ഹർദിക്ക് കെട്ടിപ്പടുത്തത്.

കിഷൻ പുറത്തായ ശേഷവും ഹർദിക് തന്റെ സംഹാരം തുടർന്നു. ഹാരിസ് റോഫ് ആയിരുന്നു ഹർദിക്കിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത്. എന്നാൽ മത്സരത്തിന്റെ 44ആം ഓവറിൽ ഷാഹിൻ ഷാ അഫ്രീദിയുടെ പന്തിൽ ഹർദിക് മടങ്ങുകയായിരുന്നു. സൽമാന് ക്യാച്ച് നൽകി ഹർദിക് പാണ്ഡ്യ മടങ്ങുമ്പോൾ ഇന്ത്യ ഭേദപ്പെട്ട ഒരു സ്കോറിൽ എത്തിയിരുന്നു. മത്സരത്തിൽ 90 പന്തുകൾ നേരിട്ട് ഹർദിക് 87 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 7 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു.