കഴിഞ്ഞ ദിവസമായിരുന്നു മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് പോരാട്ടം. ഐപിഎല്ലിലെ തുടർ തോൽവികളിൽ നിന്ന് മോചനം നേടി രാജസ്ഥാനെതിരെ അഞ്ചു വിക്കറ്റിന് വിജയിച്ച് മുംബൈയുടെ ഈ സീസണിലെ ആദ്യ വിജയം അവർ കരസ്ഥമാക്കി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 158 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നാലു പന്തുകൾ ശേഷിക്കേ വിജയലക്ഷ്യം മറികടന്നു. ടൂർണ്ണമെൻറിൽ മുംബൈയുടെ ആദ്യ വിജയവും രാജസ്ഥാൻ്റെ മൂന്നാം തോൽവിയും ആണിത്.
തോൽവിക്കു പിന്നാലെ ഇപ്പോഴിതാ സഞ്ജു സാംസനെതിരെ കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
“ഏഴാം ഓവറിൽ ഡാരിൽ മിച്ചൽ പന്തെറിയാൻ വന്നതിലെ യുക്തി എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മത്സരം കഴിയുമ്പോൾ ട്രെൻഡ് ബോൾട്ട് മൂന്നു ഓവർ മാത്രമാണ് എറിഞ്ഞിട്ടുള്ളത് എന്ന് കാണാം.”-ഇതായിരുന്നു പത്താൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ.
സഞ്ജുവിൻ്റെ മോശം ക്യാപ്റ്റൻസിയിൽ മാത്രമല്ല ഇപ്പോൾ ബാറ്റിംഗ് പ്രകടനവും ചർച്ചയാവുകയാണ്. അനാവശ്യ ഷോട്ടുകൾ ഉതിർത്ത് വിക്കറ്റ് വെറുതെ വലിച്ചെറിയുകയാണ് എന്നാണ് ആരാധകർ പറയുന്നത്. രാജസ്ഥാൻ്റെ തോൽവികളിൽ പ്രധാന കാരണം സഞ്ജുവിൻ്റെ മോശം ബാറ്റിംഗ് ആണെന്നും ചില കൂട്ടർ വിമർശിക്കുന്നുണ്ട്.