പാക്കിസ്ഥാൻ ക്രിക്കറ്റിനേയും പിസിബിയെയും രൂക്ഷമായി വിമർശിച്ച് മുൻ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. നിലവിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിലാണ് എന്നാണ് അഫ്രീദി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ചിട്ടയില്ലാത്ത പ്രകടനങ്ങളും സ്ഥിരതയില്ലാത്ത തീരുമാനങ്ങളും പാകിസ്ഥാൻ ക്രിക്കറ്റിനെ മോശം അവസ്ഥയിലേക്ക് നയിക്കുന്നു എന്ന വിമർശനമാണ് അഫ്രീദി ഉന്നയിച്ചിരിക്കുന്നത്.
ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ഓൾറൗണ്ടർ ശതാബ് ഖാനെ തിരികെ വിളിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് മാനേജ്മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു അഫ്രീദി സംസാരിച്ചത്. ശതാബിനെ തിരികെ ടീമിലേക്ക് വിളിച്ചതിന്റെ അടിസ്ഥാനം എന്താണ് എന്ന് അഫ്രീദി ചോദിക്കുകയുണ്ടായി
“എന്തടിസ്ഥാനത്തിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ശതാബിനെ തിരികെ ടീമിലേക്ക് വിളിച്ചത്? അവന്റെ സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങൾ നോക്കിയിട്ടാണോ? എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം?”- അഫ്രീദി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു. നിലവിലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ദീർഘകാലത്തേക്കുള്ള പദ്ധതികളില്ല എന്നാണ് അഫ്രീദി തുറന്നു പറയുന്നത്. തീരുമാനങ്ങൾ ഒന്നുംതന്നെ ഫലവത്താവുന്നില്ല എന്നതും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ബാധിക്കുന്നു എന്ന് അഫ്രീദി വെളിപ്പെടുത്തി.
“എല്ലാ സമയത്തും നമ്മൾ സംസാരിക്കുന്നത് തയ്യാറെടുപ്പുകളെ കുറിച്ചാണ്. എന്നാൽ ഒരു വലിയ ഐസിസി ഇവന്റ് വന്നാൽ നമ്മൾ പൂർണമായും പരാജയപ്പെടും. അതിന് ശേഷം നമ്മൾ സർജറിയെപ്പറ്റി സംസാരിക്കും. നിലവിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിലാണ്. ഇതിന് പ്രധാന കാരണം തെറ്റായ തീരുമാനങ്ങൾ തന്നെയാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഒരു തീരുമാനങ്ങൾക്കും തുടർച്ചയില്ല. സ്ഥിരതയുമില്ല. എല്ലായിപ്പോഴും ക്യാപ്റ്റന്മാരെ മാറ്റിക്കൊണ്ടിരിക്കും. അല്ലെങ്കിൽ പരിശീലകരെ മാറ്റിക്കൊണ്ടിരിക്കും. കുറച്ചു താരങ്ങളെ മാറ്റിക്കൊണ്ടിരിക്കും. എന്നാൽ എല്ലാത്തിന്റെയും അവസാനം പരാജയം ഉണ്ടാവും.”- അഫ്രീദി കൂട്ടിച്ചേർക്കുന്നു.
“പരാജയങ്ങൾക്ക് ശേഷം പരിശീലകർ താരങ്ങളെ കുറ്റപ്പെടുത്തുന്നതും ഇപ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റിൽ ഒരു ശീലമായിരിക്കുന്നു. മാനേജ്മെന്റും പരിശീലകരും തങ്ങളുടെ ജോലി രക്ഷിക്കാനായി താരങ്ങളെ കുറ്റപ്പെടുത്തുന്നു.”- അഫ്രീദി പറഞ്ഞു വയ്ക്കുകയുണ്ടായി. ഒപ്പം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനെയും അഫ്രീദി വിമർശിക്കുകയുണ്ടായി. ഇത്തരത്തിൽ മുൻപോട്ടു പോയാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കൂടുതൽ പതനത്തിലേക്ക് നീങ്ങും എന്നാണ് അഫ്രീദി പറഞ്ഞു വയ്ക്കുന്നത്.



