“ലോകക്രിക്കറ്റിൽ ഇപ്പോൾ അവനെ പോലെ രണ്ടോ മൂന്നോ താരങ്ങളെ കാണൂ.”, ഇന്ത്യൻ താരത്തിന് ഗംഭീറിന്റെ പ്രശംസ.

ഒരു മത്സരത്തിൽ പോലും പരാജയം നേരിടാതെയാണ് ഇന്ത്യ 2025 ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിൽ 4 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ ന്യൂസിലാൻഡിനെ മുട്ടുകുത്തിച്ചത്. മത്സരത്തിൽ നിർണായകമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ മധ്യനിര ബാറ്റർമാരായ കെഎൽ രാഹുലും ഹർദിക് പാണ്ട്യയും കാഴ്ചവച്ചത്.

നിർണായകമായ സമയത്ത് ക്രീസിലെത്തിയ ഇരുതാരങ്ങളും ഇന്ത്യയ്ക്കായി വെടിക്കെട്ട് പ്രകടനം തന്നെ നടത്തി. 18 റൺസ് മാത്രമാണ് ഹർദിക്കിന് നേടാൻ സാധിച്ചെങ്കിലും ആ സംഭാവന ഇന്ത്യയെ സംബന്ധിച്ച് വലുത് തന്നെയായിരുന്നു. ഇതിന് ശേഷം ഹർദിക് പാണ്ട്യയെ അഭിനന്ദിച്ചു കൊണ്ടാണ് ഇപ്പോൾ ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീർ സംസാരിച്ചത്.

നിലവിൽ നിശ്ചിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ എന്ന് ഗംഭീർ പറയുകയുണ്ടായി. വ്യക്തിപരമായ നാഴികക്കല്ലുകളിൽ ഉപരിയായി ഇമ്പാക്ടുള്ള ഇന്നിങ്സുകൾ കളിക്കാനാണ് ഹർദിക് പാണ്ഡ്യ ശ്രമിക്കാറുള്ളത് എന്ന് ഗംഭീർ പറഞ്ഞു. നിലവിൽ ലോക ക്രിക്കറ്റിൽ രണ്ടോ മൂന്നോ താരങ്ങൾ മാത്രമാണ് ഹർദിക്കിനെ പോലെയുള്ളത് എന്നാണ് ഗംഭീറിന്റെ അഭിപ്രായം. സമ്മർദ്ദ സാഹചര്യങ്ങളെ കൃത്യമായി നേരിടാനുള്ള കഴിവാണ് ഹർദിക്കിനെ വ്യത്യസ്തനാക്കുന്നത് എന്നും ഗംഭീർ കൂട്ടിച്ചേർത്തിരുന്നു.

“എല്ലായിപ്പോഴും സമ്മർദ്ദ സാഹചര്യങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിക്കുന്നുണ്ട്. ഇപ്പോൾ ലോകത്തിൽ ഹർദിക്കിനെ പോലെ രണ്ടോ മൂന്നോ താരങ്ങൾ മാത്രമാണ് ഉള്ളത്. സമ്മർദ്ദമുള്ള സമയങ്ങളിൽ വലിയ ഷോട്ടുകൾ കളിക്കാൻ ഹർദിക്കിന് കഴിവുണ്ട്. മാത്രമല്ല ടീമിൽ വലിയ ഇമ്പാക്ടാണ് അവൻ ഉണ്ടാക്കിയിട്ടുള്ളത്.”- ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിൽ പറയുകയുണ്ടായി. ഇത്തരം സംഭാവനകൾ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നുവെന്നും ഗൗതം ഗംഭീർ ചൂണ്ടിക്കാട്ടി.

ഐപിഎൽ നടക്കുന്ന 2 മാസം ഇന്ത്യൻ കോച്ചായ ഗൗതം ഗംഭീറിന് വിശ്രമിക്കാനുള്ള സമയമാണ്. ഇതേപ്പറ്റിയും ഗംഭീർ സംസാരിച്ചിരുന്നു. “ഇനിയുള്ള 2 മാസങ്ങൾ എനിക്ക് ധൈര്യമായി വിശ്രമിക്കാം.”- ഗംഭീർ കൂട്ടിച്ചേർത്തു. ഒരു പരിശീലകൻ എന്ന നിലയിൽ ഗംഭീറിന്റെ ആദ്യത്തെ ഐസിസി ട്രോഫി ആയിരുന്നു ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്റ്. അതുകൊണ്ടുതന്നെ ഗംഭീറിനെ സംബന്ധിച്ച് ഈ വിജയം വളരെ വലുത് തന്നെയാണ്.