ലോകക്രിക്കറ്റിൽ കുഞ്ഞൻ ടീമുകൾ എന്ന വിശേഷണം നേടിയ അനവധി ക്രിക്കറ്റ് രാജ്യങ്ങളുണ്ട്. പക്ഷേ പലവിധ സന്ദർഭങ്ങളിൽ ശക്തരായ ടീമുകളെ ആട്ടിമറിച്ച ചരിത്രവും ഈ ടീമുകൾക്ക് ഉണ്ട്. ലോക ക്രിക്കറ്റ് ആരാധകരിൽ ബഹുഭൂരിപക്ഷവും ഇഷ്ടപെടുന്ന അയർലൻഡ് ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരമായിരുന്ന കെവിൻ ഒബ്രയാന്റെ ഏകദിന ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അയർലൻഡ് ടീമിനായി ഏറ്റവും അധികം വിക്കറ്റുകൾ വീഴ്ത്തിയ താരം ഇന്നലെ ഔദ്യോഗികമായി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തി.താരം പതിനഞ്ച് വർഷം നീണ്ട ഏകദിന കരിയറിനാണ് ഇന്നലെ വിരാമമിട്ടത്.
മുൻപ് 2011ലെ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ കരുത്തരായ ഇംഗ്ലണ്ട് ടീമിന് എതിരെ അയർലൻഡ് ടീം അട്ടിമറി ജയം കരസ്ഥമാക്കിയപ്പോൾ ആ മത്സരത്തിൽ കെവിൻ 113 റൺസ് അടിച്ചെടുത്തു. വെറും അൻപത് പന്തിൽ നിന്നായി തന്റെ സെഞ്ച്വറി സ്വന്തമാക്കിയ താരം ഏകദിന ലോകകപ്പ് ചരിത്രത്തിലെ വേഗതയാർന്ന ശതകമാണ് നേടിയതും. ഇന്നും ഏകദിന ലോകകപ്പിലെ ആ അപൂർവ്വ റെക്കോർഡ് കെവിൻ ഒബ്രയാന് സ്വന്തം.ഇംഗ്ലണ്ട് ടീം ഉയർത്തിയ 327 റൺസ് വിജയലക്ഷ്യം അയർലൻഡ് ഒരോവർ ബാക്കിനിൽക്കെ മറികടന്നതിന്നും ഏകദിന ചരിത്രത്തിലെ റെക്കോർഡ് നേട്ടമാണ്.
കരിയറിൽ 15 വർഷത്തിലേറെയായി അയർലൻഡ് ടീമിനായി ഏകദിനത്തിൽ പോരാടുവാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച താരം വരാനിരിക്കുന്ന ടി :20 ലോകകപ്പുകളിൽ മികച്ച പ്രകടനങ്ങൾ ടീമിനായി പുറത്തെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. “2005ൽ അരങ്ങേറ്റം കുറിച്ച കാലം മുതലേ ഞാൻ ടീമിനോപ്പമുണ്ട്. അനേകം മറക്കുവാൻ കഴിയാത്ത ഓർമകളുമായിട്ടാണ് ഇപ്പോൾ വിരമിക്കുന്നത് പക്ഷേ ടി :20 ഫോർമാറ്റിൽ കൂടുതൽ ശ്രദ്ധിക്കുകയെന്നതാണ് എന്റെ ആഗ്രഹം. വരുന്ന പതിനെട്ട് മാസത്തിൽ രണ്ട് ടി :20 ലോകകപ്പുകൾ വരുന്നുണ്ട് ” താരം വാചാലനായി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 37കാരനായ കെവിൻ ഒബ്രയാൻ 153 ഏകദിനങ്ങളിൽ നിന്നായി 3618 റൺസ് നേടിയിട്ടുണ്ട്.രണ്ട് സെഞ്ച്വറികൾ സ്വന്തമാക്കിയ താരം 114 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ടി :20 ക്രിക്കറ്റിൽ തുടരുവാൻ ആഗ്രഹിക്കുന്ന താരം 95 ടി :20 മത്സരങ്ങളിൽ നിന്നായി 1672 റൺസും 58 വിക്കറ്റുകളും വീഴ്ത്തി.