2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ആവേശം നിറഞ്ഞ മത്സരത്തിൽ 20 റൺസിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. നായകൻ സഞ്ജു സാംസണിന്റെ ഉഗ്രൻ ബാറ്റിംഗാണ് മത്സരത്തിൽ രാജസ്ഥാനെ വിജയത്തിൽ എത്തിച്ചത്.
ബാറ്റിങ്ങിലും നായകൻ എന്ന നിലയിലും മികവു പുലർത്താൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിൽ 52 പന്തുകളിൽ 82 റൺസ് ആണ് സഞ്ജു നേടിയത്. സഞ്ജുവിന്റെ ബലത്തിൽ ശക്തമായ ഒരു സ്കോർ കെട്ടിപ്പടുക്കാനും രാജസ്ഥാന് സാധിച്ചു. മറുപടി ബാറ്റിംഗിൽ ലക്നൗ 20 റൺസകലെ കൂപ്പുകുത്തി വീഴുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ജെയസ്വാൾ(24) രാജസ്ഥാന് നൽകിയത്. ശേഷമാണ് മൂന്നാമനായി സഞ്ജു സാംസൺ ക്രിസിൽ എത്തിയത്. ഒരു നായകന്റെ ഇന്നിങ്സാണ് സഞ്ജു മത്സരത്തിൽ കളിച്ചത്. തന്റെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ പതിയെയാണ് സഞ്ജു കളിച്ചു തുടങ്ങിയത്.
ശേഷം തന്റെ പ്രതാപകാല ഫോമിലേക്ക് സഞ്ജു തിരിച്ചെത്തുകയായിരുന്നു. കേവലം 33 പന്തുകളിൽ തന്നെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാൻ സഞ്ജുവിന് സാധിച്ചു. മൂന്നാം വിക്കറ്റിൽ റിയാൻ പരഗുമൊത്ത് ഒരു മികച്ച കൂട്ടുകെട്ടും സഞ്ജു കെട്ടിപ്പടുത്തു. മത്സരത്തിൽ 52 പന്തുകളിൽ 3 ബൗണ്ടറികളും 6 സിക്സറുകളും അടക്കം 82 റൺസ് നേടിയ സഞ്ജു പുറത്താവാതെ നിന്നു.
പരഗ് 29 പന്തുകളിൽ 43 റൺസ് ആണ് നേടിയത്. ഇതോടെ രാജസ്ഥാൻ നിശ്ചിത 20 ഓവറുകളിൽ 193 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ലക്നൗവിനെ ഞെട്ടിച്ചുകൊണ്ടാണ് ട്രെൻഡ് ബോൾട്ട് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ അപകടകാരികളായ ഡിക്കോക്കിന്റെയും(4) ദേവദത്ത് പഠിക്കലിന്റെയും(0) ആയുഷ് ബഡോണിയുടെയും(1) വിക്കറ്റുകൾ ലക്നൗവിന് നഷ്ടമായി. എന്നാൽ പിന്നീട് നായകൻ രാഹുലും ദീപക് ഹൂഡയും(26) ചേർന്ന് ലക്നൗവിനെ കൈപിടിച്ചു കയറ്റുകയായിരുന്നു. രാഹുൽ മത്സരത്തിൽ 44 പന്തുകളിൽ 58 റൺസ് ആണ് നേടിയത്.
മറുവശത്ത് വിക്കറ്റുകൾ വീണപ്പോൾ നിക്കോളാസ് പൂരൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. അവസാന ഓവർ വരെ മത്സരത്തിന്റെ ആവേശം കൊണ്ടുവരാൻ പൂരന് സാധിച്ചിരുന്നു. അവസാന ഓവറിൽ ലക്നൗവിന് വിജയിക്കാൻ വേണ്ടിയിരുന്നത് 27 റൺസാണ്. എന്നാൽ അവസാന ഓവറിൽ ആവശ് കൃത്യത പാലിച്ചതോടെ രാജസ്ഥാൻ 20 റൺസിന്റ വിജയം സ്വന്തമാക്കി. ലക്നൗവിനായി നിക്കോളാസ് പൂറൻ 41 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 64 റൺസ് നേടുകയുണ്ടായി. എന്തായാലും രാജസ്ഥാന് ഉജ്ജ്വല തുടക്കം തന്നെയാണ് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്.