സംഗക്കാരയുടെ ഉപദേശങ്ങൾ സഹായിച്ചു. ഇത്തവണ കളിക്കുന്നത് മറ്റൊരു റോളിലെന്ന് സഞ്ജു.

sandeep and samson

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയം തന്നെയാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി നായകൻ സഞ്ജു സാംസൺ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെയാണ് പുറത്തെടുത്തത്.

മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ 52 പന്തുകളിൽ 82 റൺസാണ് നേടിയത്. ഇന്നിങ്സിൽ 3 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും സഞ്ജുവിനെ തന്നെയായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിലുള്ള തന്റെ സന്തോഷം സഞ്ജു വ്യക്തമാക്കുകയുണ്ടായി.

നിലവിൽ ടീമിൽ താനൊരു വ്യത്യസ്തമായ റോളാണ് വഹിക്കുന്നതെന്ന് സഞ്ജു സാംസൺ പറഞ്ഞു. ഒപ്പം സംഗക്കാരയുടെ ഉപദേശവും തനിക്ക് ഗുണം ചെയ്യുന്നുണ്ട് എന്നാണ് മലയാളി താരത്തിന്റെ വിലയിരുത്തൽ.

മൈതാനത്ത് എത്തി ഇത്തരത്തിൽ സമയം ചെലവഴിക്കാൻ സാധിക്കുന്നത് വലിയ സന്തോഷം നൽകുന്നുണ്ട്. പ്രത്യേകിച്ച് നമ്മുടെ ടീം വിജയിക്കുമ്പോൾ ഈ പ്രകടനം നടത്താൻ സാധിച്ചത് വളരെ സ്പെഷ്യലാണ്. ഞങ്ങൾക്കുള്ള വ്യത്യസ്തമായ കോമ്പിനേഷൻ ഉപയോഗിച്ച്, ഇപ്പോൾ ഞാൻ കളിക്കുന്നത് ഒരു വ്യത്യസ്തമായ റോളിൽ തന്നെയാണ്. സംഗക്കാര എനിക്ക് ആവശ്യമായ കുറച്ച് നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.”- സഞ്ജു പറയുന്നു.

Read Also -  റുതുരാജിന്‍റെ സെഞ്ചുറിക്ക് സ്റ്റോണിസിന്‍റെ സെഞ്ചുറി മറുപടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ലക്നൗ

“കഴിഞ്ഞ 10 വർഷമായി ഞാൻ ഐപിഎല്ലിൽ കളിക്കുന്നുണ്ട്. അതിന്റെതായ അനുഭവസമ്പത്ത് എനിക്ക് എല്ലായിപ്പോഴുമുണ്ട്. സാഹചര്യങ്ങൾ മനസ്സിലാക്കാനായി മൈതാനത്ത് കൂടുതൽ സമയം ചിലവഴിക്കണം എന്ന തോന്നൽ എനിക്കുണ്ടായിട്ടുണ്ട്. മാത്രമല്ല അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ കളിക്കാൻ സാധിച്ചതും എനിക്ക് ഗുണം ചെയ്തു. കൃത്യമായി നമ്മുടെ ശക്തിയും ബലഹീനതയും മനസ്സിലാക്കുക എന്നതിലാണ് പ്രധാന കാര്യം. ഞാൻ എല്ലായിപ്പോഴും ബോളിനെതിരെ പ്രതികരിക്കുന്ന ബാറ്ററാണ്. ആദ്യ ബോളാണോ അവസാന ബോളാണോ എന്ന് ഞാൻ നോക്കാറില്ല.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.

“ഈ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സന്ദീപ് ശർമയ്ക്ക് നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവൻ ആ 3 ഓവറുകൾ എറിഞ്ഞില്ലായിരുന്നുവെങ്കിൽ എനിക്ക് കളിയിലെ താരമായി മാറാൻ സാധിക്കില്ലായിരുന്നു. അവനെ അതുകൊണ്ടുതന്നെ ഇങ്ങോട്ട് ക്ഷണിക്കണമെന്ന് ഞാൻ കരുതുന്നു. ഇത് പൂർണമായും കഴിവ് മാത്രമല്ല, സമ്മർദ്ദ സാഹചര്യങ്ങളിൽ ഉള്ള പെരുമാറ്റം കൂടിയാണ് എന്ന് അശ്വിൻ ഭായ് മുൻപ് പറയുന്നത് ഞാൻ കേട്ടിരുന്നു. സന്ദീപ് ശർമയുടെ ശരീരഭാഷയിലും മറ്റും അത് പ്രതിഫലിക്കുന്നുണ്ട്.”- സഞ്ജു സാംസൺ പറഞ്ഞു വെക്കുന്നു.

Scroll to Top