സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. മത്സരത്തിൽ ഗുജറാത്തിനായി ബോളിങ്ങിൽ തിളങ്ങിയത് 3 വിക്കറ്റ്കൾ സ്വന്തമാക്കിയ മോഹിത് ശർമയാണ്.ശേഷം ബാറ്റിംഗിൽ മുൻനിര ബാറ്റർമാരൊക്കെയും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ അനായാസം ഗുജറാത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. ഹൈദരാബാദ് സ്വന്തമാക്കിയ 162 എന്ന സ്കോർ അനായാസം മറികടന്ന് പക്വതയാർന്ന വിജയം സ്വന്തമാക്കാൻ ഗുജറാത്തിന് മത്സരത്തിൽ സാധിച്ചു.
മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം ഹൈദരാബാദിന് ലഭിച്ചു. എന്നാൽ ഒരു ബാറ്റർക്കു പോലും ക്രീസിലുറച്ച് വമ്പൻ പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ല എന്നത് ഗുജറാത്തിന്റെ ഇന്നിംഗ്സിന്റെ പ്രത്യേകതയായിരുന്നു. അഗർവാളും(16) ഹെഡും(19) തരക്കേടില്ലാത്ത തുടക്കം നൽകിയെങ്കിലും അത് മുതലെടുക്കുന്നതിൽ ഹൈദരാബാദ് ബാറ്റർമാർ പരാജയപ്പെടുകയായിരുന്നു. മൂന്നാമനായി എത്തിയ അഭിഷേക് ശർമ 20 പന്തുകളിൽ 29 റൺസ് നേടി മികവ് പുലർത്തി. ക്ലാസൻ 13 പന്തുകളിൽ 24 റൺസ് ആണ് നേടിയത്.
ഇവർക്കൊപ്പം അവസാന ഓവറുകളിൽ 14 പന്തുകളിൽ 29 റൺസ് നേടിയ അബ്ദുൾ സമദു തിളങ്ങിയതോടെ ഹൈദരാബാദ് 162ന് 8 എന്ന സ്കോറിൽ എത്തുകയായിരുന്നു. ഗുജറാത്തിനായി 4 ഓവറുകളിൽ 25 റൺസ് മാത്രം വിട്ടു നൽകി മോഹിത് ശർമ 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്ത് ടൈറ്റൻസിനായി എല്ലാ ബാറ്റർമാരും മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണർ വൃദ്ധിമാൻ സാഹ 13 പന്തുകളിൽ 25 റൺസുമായി ആക്രമണത്തിന് നേതൃത്വം നൽകുകയായിരുന്നു. ഒപ്പം നായകൻ ഗിൽ 28 പന്തുകളിൽ 36 റൺസുമായി പക്വതയാർന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.
മൂന്നാമനായി ക്രീസിലെത്തിയ സായി സുദർശൻ 36 പന്തുകളിൽ 45 റൺസ് നേടി ക്രീസിൽ ഉറച്ചതോടെ ഗുജറാത്ത് വിജയ വഴിയിലേക്ക് എത്തി. ഒപ്പം അപകടകാരിയായ ഡേവിഡ് മില്ലർ 27 പന്തുകളിൽ 44 റൺസുമായി തിളങ്ങുകയും ചെയ്തതോടെ മത്സരത്തിൽ ഗുജറാത്ത് 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു. 2024 ഐപിഎല്ലിലെ ഗുജറാത്തിന്റെ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്. ഇതുവരെ കേവലം ഒരു മത്സരത്തിൽ മാത്രമാണ് ഗുജറാത്ത് പരാജയമറിഞ്ഞത്.