“ആ 2 താരങ്ങളെ പുറത്താക്കൂ, ഡുപ്ലസ്സിസ് 3ആം നമ്പറിൽ ഇറങ്ങൂ”. ബാംഗ്ലൂർ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ശ്രീകാന്ത്..

kohli orange

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി ഒരു ഹോം മത്സരത്തിൽ പരാജയം നേരിട്ട ടീം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സാണ്. കൊൽക്കത്തക്കെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ പരാജയമാണ് ബാംഗ്ലൂർ ഏറ്റുവാങ്ങിയത്. മത്സരത്തിൽ 183 എന്ന ശക്തമായ ഒരു സ്കോർ സ്വന്തമാക്കിയിട്ടും അത് പ്രതിരോധിക്കാൻ ബാംഗ്ലൂർ ബോളർമാർക്ക് സാധിച്ചില്ല.

കേവലം 16.5 ഓവറുകളിൽ കൊൽക്കത്ത ഈ സ്കോർ മറികടക്കുകയാണ് ചെയ്തത്. ഇതിന് ശേഷം ബാംഗ്ലൂർ അനിവാര്യമായി ടീമിൽ വരുത്തേണ്ട ചില മാറ്റങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫിനെയും ടീം മാനേജ്മെന്റിനെയും വിമർശിച്ചു കൊണ്ടാണ് ശ്രീകാന്ത് സംസാരിച്ചത്. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൃത്യമായ കോമ്പിനേഷൻ കണ്ടെത്താൻ സാധിക്കാത്ത ടീമാണ് ബാംഗ്ലൂർ എന്ന് ശ്രീകാന്ത് പറയുന്നു. മാത്രമല്ല തങ്ങളുടെ ലൈനപ്പിൽ വലിയ മാറ്റങ്ങൾ വരുത്താൻ ബാംഗ്ലൂർ തയ്യാറാവണമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

പ്രധാനമായും രണ്ടു താരങ്ങളെ തങ്ങളുടെ പ്ലെയിങ്‌ ഇലവനിൽ നിന്ന് ബാംഗ്ലൂർ മാറ്റിനിർത്തണം എന്നാണ് ശ്രീകാന്ത് പറയുന്നത്. രജത് പട്ടിദാർ, അൽസാരി ജോസഫ് എന്നിവരെ പറ്റിയാണ് ശ്രീകാന്ത് സംസാരിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ ഇരു താരങ്ങളും ബാറ്റിങ്ങിലും ബോളിങ്ങിലും മോശം പ്രകടനമായിരുന്നു പുറത്തെടുത്തത്. പട്ടിദാർ 3 ഇന്നിങ്സുകളിൽ നിന്ന് 21 റൺസ് മാത്രമാണ് നേടിയത്. ജോസഫ് കേവലം ഒരു വിക്കറ്റ് മാത്രമാണ് ഇതുവരെ സ്വന്തമാക്കിയത്.

Read Also -  "തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി" - പരാജയ കാരണം പറഞ്ഞ് ഹർദിക് പാണ്ട്യ..

“വിൽ ജാക്സ് ഒരു ഉഗ്രൻ ഓഫ് സ്പിന്നർ തന്നെയാണ്. അവനെ ടീമിൽ കളിപ്പിച്ചാൽ രണ്ട് ഓവറുകൾ എറിയിക്കാനും സാധിക്കും. ഞാൻ മുന്നിലേക്ക് വയ്ക്കുന്ന ബാംഗ്ലൂർ ലൈനപ്പ് മറ്റൊന്നാണ്. ഞാനായിരുന്നു ക്യാപ്റ്റനെങ്കിൽ വിൽ ജാക്സിനെയും വിരാട് കോഹ്ലിയെയും ഓപ്പണിങ് ഇറക്കിയേനെ.

ഡുപ്ലസ്സിസ് മൂന്നാം നമ്പറിലാണ് കളിക്കേണ്ടത്. ക്യാമറോൺ ഗ്രീൻ നാലാം നമ്പറിലും ഗ്ലെൻ മാക്സ്വെൽ അഞ്ചാം നമ്പറിലും മൈതാനത്ത് എത്തണം. ശേഷം അൾസാരി ജോസഫിനെയും പട്ടിദാറിനെയും പ്ലെയിങ്‌ ഇലവനിൽ നിന്ന് മാറ്റി നിർത്തേണ്ടതുണ്ട്. പകരമായി ഇന്ത്യൻ പേസ് ബോളർ ആകാശ് ദീപിനെ ടീമിൽ കളിപ്പിക്കണം.”- ശ്രീകാന്ത് പറയുന്നു.

“ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു നല്ല സന്തുലിതാവസ്ഥ സൃഷ്ടിച്ചെടുക്കാൻ ബാംഗ്ലൂരിന് സാധിക്കും. അല്ലാത്തപക്ഷം ബോളിങ്ങിൽ ബാംഗ്ലൂർ എപ്പോഴും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂർ ഒരു ബൗൺസർ പോലും ബാറ്റർമാർക്കെതിരെ എറിയാൻ തയ്യാറായില്ല. അതുകൊണ്ടു തന്നെയാണ് സുനിൽ നരെയൻ മത്സരത്തിൽ അർത്ഥ സെഞ്ച്വറിയുടെ അടുത്ത് വരെ എത്തിയത്.”- ശ്രീകാന്ത് കൂട്ടിച്ചേർക്കുന്നു.

Scroll to Top