കഴിഞ്ഞ സമയങ്ങളിലുടനീളം ഇന്ത്യൻ ടീമിനായി മികച്ച ബോളിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള പേസറാണ് മുഹമ്മദ് സിറാജ്. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വന്നപ്പോഴും ഈ മികച്ച പ്രകടനം സിറാജ് ആവർത്തിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഈ സീസണിൽ പവർപ്ലെയിൽ സിറാജിന്റെ ബോളുകൾക്ക് മറുപടി നൽകാൻ ഒരു ബാറ്റർക്കും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ബാംഗ്ലൂരിന്റെ പോയിന്റ്സ് ടേബിളിലെ കുതിപ്പിന് വലിയൊരു കാരണം തന്നെയാണ് സിറാജ്. ഇതുവരെ 2023 ഐപിഎല്ലിൽ ബാംഗ്ലൂരിന്റെ പവർപ്ലെയിലെ ആയുധമായി തന്നെയാണ് സിറാജ് നിൽക്കുന്നത്. 84 പന്തുകൾ പവർപ്ലെയിൽ ഇതുവരെ എറിഞ്ഞിട്ടുള്ള സിറാജ് 57 പന്തുകളും ഡോട്ട് ബോളുകളായി മാറ്റുകയായിരുന്നു.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു ബോളർക്കും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോർഡാണിത്. ഇത്രമാത്രം ഡോട്ട് ബോളുകൾ എറിയുക എന്നത് അവിശ്വസനീയം തന്നെയാണ്. മാത്രമല്ല കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ബാംഗ്ലൂരിന്റെ വിജയത്തിൽ വലിയ പങ്കുതന്നെ സിറാജ് വഹിക്കുന്നുണ്ട്. പഞ്ചാബ് കിംഗ്സിനെതിരെ മൊഹാലിയിൽ നടന്ന മത്സരത്തിൽ സിറാജിന്റെ അത്യുഗ്രൻ പ്രകടനം തന്നെയായിരുന്നു ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ നിശ്ചിത 4 ഓവറുകളിൽ 21 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ സിറാജ് സ്വന്തമാക്കുകയുണ്ടായിരുന്നു. ഈ പ്രകടനത്തിന്റെ മികവിൽ 24 റൺസിന് ബാംഗ്ലൂർ മത്സരത്തിൽ വിജയം കണ്ടു.
ഇതുവരെ ബാംഗ്ലൂരിനായി 6 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകളാണ് മുഹമ്മദ് സിറാജ് ഈ സീസണിൽ നേടിയിട്ടുള്ളത്. ഇതിൽ 6 വിക്കറ്റുകൾ പിറന്നിട്ടുള്ളത് പവർപ്ലേ ഓവറുകളിലാണ്. 6 മത്സരങ്ങളിൽ 14 ഓവറുകൾ സിറാജ് പവർപ്ലേയിൽ എറിഞ്ഞു. പവർ പ്ലേയിലെ സിറാജിന്റെ എക്കണോമി 4.2 മാത്രമാണ്. ഇതാണ് സിറാജിനെ മറ്റു ബോളർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. ഈ സീസണിൽ 6 മത്സരങ്ങളിൽ 13 റൺസ് ശരാശരിയിൽ സിറാജ് ബോൾ ചെയ്തിട്ടുണ്ട്. നിലവിൽ 12 വിക്കറ്റുകൾ വീഴ്ത്തി സിറാജ് പർപ്പിൾ ക്യാപ്പിന്റെ ഹോൾഡറാണ്.
എന്തായാലും ഇന്ത്യൻ ബോളിംഗ് നിരയെ സംബന്ധിച്ച് വലിയ പ്രതീക്ഷ തന്നെയാണ് സിറാജ്. 50 ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സിറാജിന്റെ മികച്ച പ്രകടനങ്ങൾ ഇന്ത്യയ്ക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നതാണ്. മറുവശത്ത് ബാംഗ്ലൂരിനെ സംബന്ധിച്ച് വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടവുമാണിത് . ആ സമയത്താണ് സിറാജ് തന്റെ മിന്നൽ ബോളുകളുമായി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.