വാക്‌സിനെടുത്തിട്ട് വണ്ടി കയറിക്കോ. 2020ൽ ധോണി പാതിരാനയ്ക്ക് അയച്ച കത്ത്.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഒരു നിർണായക പ്രകടനം കാഴ്ചവച്ചത്  പതിരാനയായിരുന്നു. മത്സരത്തിൽ നിർണായകമായ അവസാന ഓവറുകളാണ് പതിരാന എറിഞ്ഞത്. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബാംഗ്ലൂർ പാതിരാനയ്ക്ക് മുൻപിലായിരുന്നു മുട്ടുമടക്കിയത്. മത്സരത്തിന്റെ 18ആം ഓവറിൽ കേവലം 4 റൺസ് മാത്രമാണ് പതിരാന വിട്ടുനൽകിയത്. ഒപ്പം അവസാന ഓവറിലും തന്റെ കൃത്യത പാലിച്ചതോടെ ചെന്നൈയ്ക്ക് ഒരു വലിയ വിജയം തന്നെയാണ് ഈ യുവതാരം നൽകിയത്. 2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആയിരുന്നു ഈ യുവ ശ്രീലങ്കൻ താരം ചെന്നൈ ടീമിലേക്ക് കാലെടുത്തുവച്ചത്. എന്നാൽ അതിനു മുൻപ് 2020ൽ പതിരാനയുടെ പ്രകടനത്തിൽ ആകൃഷ്ടനായി മഹേന്ദ്ര സിംഗ് ധോണി അദ്ദേഹത്തെ ടീമിലേക്ക് ക്ഷണിച്ചിരുന്നു എന്നാണ് ട്രിനിറ്റി കോളജിലെ ബോളിംഗ് പരിശീലകനായ ബിലാൽ ഫസി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

2020ലാണ് പതിരാനയുടെ മികച്ച പ്രകടനത്തിന്റെ വീഡിയോ കണ്ട ശേഷം ധോണി അദ്ദേഹത്തെ കോൺടാക്ട് ചെയ്തത്. “ആ സമയത്ത് പതിരാനക്ക് 17- 18 വയസ്സ് മാത്രമാണുള്ളത്. അന്ന് കോവിഡ് വലിയ രീതിയിൽ വ്യാപിച്ചിരുന്നു. ആ സമയത്താണ് ധോണി പതിരാനയ്ക്ക് ഒരു കത്തയക്കുന്നത്. വാക്സിനേഷൻ ചെയ്തതിനുശേഷം യുഎഇയിൽ ടീമിനൊപ്പം ചേരാനായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അപ്പോൾ പതിരാന അണ്ടർ 19 വേൾഡ് കപ്പും മറ്റ് ബംഗ്ലാദേശ് ലീഗുകളുമൊക്കെ കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ബാറ്റർമാരെ പതിരാന യൊർക്കർ എറിഞ്ഞു വീഴ്ത്തുന്ന വീഡിയോ വൈറലാവുകയും, അത് ശ്രദ്ധയിൽപ്പെട്ട സൂപ്പർ കിങ്സ് അയാളെ ടീമിലെത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു ചെയ്തത്.”- ഫസി പറയുന്നു.

20230421 133455

“കഴിഞ്ഞ മൂന്നുവർഷവും പതിരാന ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. അന്ന് ധോണി കണ്ട വീഡിയോ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിലേതു പോലുമായിരുന്നില്ല. അതൊരു സ്കൂൾ ടൂർണമെന്റിലെ വീഡിയോയായിരുന്നു. എന്നാൽ അത് വൈറലായതിനുശേഷം മലിംഗ അടക്കമുള്ള താരങ്ങൾ സഹായവുമായി എത്തി. മലിംഗ പരിശീലകനായി പ്രവർത്തിച്ചു. പതിരാനയുടെ സ്പീഡും കൃത്യതയുമായിരുന്നു മലിംഗയെ കൂടുതൽ അയാളിലേക്ക് അടുപ്പിച്ചത്. ഇപ്പോഴും പതിരാന തന്റെ കൃത്യതയിലും സ്ഥിരതയിലും തന്നെയാണ് ശ്രദ്ധിക്കുന്നത്. ഒപ്പം ആത്മവിശ്വാസത്തിലും അയാൾ ഒരുപാട് മുമ്പിലെത്തിയിട്ടുണ്ട്.”- ഫസി കൂട്ടിച്ചേർക്കുന്നു.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബോളിങ്ങിൽ ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പല വമ്പൻ ബോളർമാരെയും ടീമിലെത്തിച്ചെങ്കിലും പലരും പരിക്കുമൂലം മാറിനിൽക്കുകയാണ് ഉണ്ടായത്. എന്നാൽ അതിനുശേഷമാണ് പതിരാന ഹീറോയിസം കാട്ടി ചെന്നൈ ടീമിലേക്ക് തിരികെയെത്തിയത്. പതിരാനയുടെ ബാംഗ്ലൂരിനെതിരായ പ്രകടനം ചെന്നൈയ്ക്ക് വലിയ ആശ്വാസം തന്നെയാണ്.