ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്തിന്റെ വീരഗാഥ തുടരുന്നു. സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 56 റൺസിന്റെ കൂറ്റൻ വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 227 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലുമാണ് ഗുജറാത്തിനായി ബാറ്റിംഗിൽ തിളങ്ങിയത്. ഒപ്പം ബോളിങ്ങിൽ മോഹിത് ശർമയും ഉഗ്രൻ പ്രകടനം കാഴ്ചവച്ചതോടെ ഗുജറാത്ത് വമ്പൻ വിജയത്തിലെത്തുകയായിരുന്നു. ഈ വിജയത്തോടെ ഗുജറാത്ത് തങ്ങളുടെ പ്ലെയോഫ് സാധ്യതകൾ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഓപ്പണർ വൃദ്ധിമാൻ സാഹയും ശുഭമാൻ ഗില്ലും ഗുജറാത്തിന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് തകർത്താടി. പൂർണ്ണമായും ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ സാഹചര്യങ്ങൾ അങ്ങേയറ്റം മുതലാക്കുന്നതിൽ ഗുജറാത്ത് ഓപ്പണർമാർ വിജയിച്ചു. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 142 റൺസാണ് കൂട്ടിച്ചേർത്തത്. 73 പന്തുകളിലായിരുന്നു ഈ തകർപ്പൻ കൂട്ടുകെട്ട്. മത്സരത്തിൽ വൃദ്ധിമാൻ സാഹ 43 പന്തുകളിൽ 81 റൺസ് നേടി. ഇന്നിങ്സിൽ 10 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. ശുഭ്മാൻ ഗിൽ 51 പന്തുകളിൽ 94 റൺസ് നേടി പുറത്താകാതെ നിന്നു. ഒപ്പം അവസാന ഓവറുകളിൽ ഹർദിക്ക് പാണ്ട്യയും(25) ഡേവിഡ് മില്ലറും(21) അടിച്ച് തകർത്തതോടെ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 227 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് തകർപ്പൻ തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. കൈൽ മേയെഴ്സും ഡികോക്കും ആദ്യ ഓവറുകളിൽ ലക്നവിന് പ്രതീക്ഷകൾ നൽകി. ഇരുവരും പവർപ്ലേ ഓവറുകളിൽ അടിച്ചുതർത്തതോടെ ഗുജറാത്തിന്റെ ലക്ഷ്യം മറികടക്കും എന്നുപോലും ഒരു നിമിഷം തോന്നിയിരുന്നു. മെയേഴ്സ് മത്സരത്തിൽ 32 പന്തുകളിൽ 48 റൺസ് ആണ് നേടിയത്. ഇന്നിങ്സിൽ 7 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. ആദ്യ വിക്കറ്റിൽ 88 റൺസായിരുന്നു ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. പക്ഷേ ഇവർക്കും ശേഷം ക്രീസിലെത്തിയ ദീപക് ഹൂഡ(11) മോശം ഫോമിൽ ബാറ്റ് ചെയ്തതോടെ മത്സരം ലക്നൗവിന്റെ കയ്യിൽ നിന്ന് വഴുതി പോകുന്നതാണ് കണ്ടത്.
ഡികോക്ക് മത്സരത്തിൽ 41 പന്തുകളിൽ 7 ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 70 റൺസ് നേടി. എന്നാൽ മധ്യനിര ബാറ്റർമാർ പൂർണമായും പരാജയപ്പെട്ടത് ലക്നൗവിനെ ബാധിക്കുകയായിരുന്നു. മധ്യനിരയിൽ 11 പന്തുകളിൽ 21 റൺസ് നേടിയ ബഡോണി മാത്രമാണ് പൊരുതിയത്. ബാക്കി ബാറ്റർമാർ പോരാടാൻ പോലും തയ്യാറായില്ല. ഇതോടെ മത്സരത്തിൽ 56 റൺസിന്റെ പരാജയം ലക്നൗ ഏറ്റുവാങ്ങുകയായിരുന്നു.