ക്രിക്കറ്റ് പ്രേമികൾ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഐപിഎൽ താരലേലം ഫെബ്രുവരി 18ന് നടക്കും .ഇത്തവണ ചെന്നൈയിലാകും താരലേലം നടക്കുക എന്ന് ഐപിൽ ഭരണസമിതി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ചെന്നൈയിൽ അവസാനിക്കുന്നതിന്‍റെ അടുത്ത ദിവസത്തേക്കാണ് ഐപിൽ ലേലം നിശ്ചയിച്ചിരിക്കുന്നത്.
ഐപിൽ താരലേലത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ തുക കൈവശമുള്ളത് കിംഗ്സ് ഇലവന്‍ പഞ്ചാബാണ്. പ്രമുഖ താരങ്ങളെയെല്ലാം സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയ പഞ്ചാബിന് ലേലത്തില്‍ 53.2 കോടി രൂപ ഇത്തവണ താരങ്ങളെ സ്വന്തമാക്കുവാൻ ചെലവഴിക്കാനാവും. ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്‌സ് (35.7 കോടി), രാജസ്ഥാന്‍ റോയൽസ് (34.85 കോടി), ചെന്നൈ സൂപ്പർ കിങ്‌സ് (22.9 കോടി), മുംബൈ ഇന്ത്യൻസ് ( 15.35 കോടി), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (10.85 കോടി), സൺ റൈസേഴ്‌സ് ഹൈദരാബാദ്(10.75 കോടി), ഡല്‍ഹ ക്യാപിറ്റൽസ് (9 കോടി) എന്നിങ്ങനെയാണ് ഐപിൽ ടീമുകൾക്ക് ലേലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുക.
മിനി ലേലമാണ് ഇക്കുറി അടുത്ത സീസൺ ഐപിഎല്ലിനായി നടക്കുകയെങ്കിലും പല ഐപിൽ ഫ്രാഞ്ചൈസികളും പ്രമുഖ താരങ്ങളെ സ്‌ക്വാഡിൽ നിന്ന് അടുത്ത സീസൺ മുന്നോടിയായി ഒഴിവാക്കിയിട്ടുള്ളതിനാല്‍ ക്രിക്കറ്റ് പ്രേമികള്‍ ഏവരും ലേലത്തിനായി അന്ത്യന്തം ആകാംക്ഷയിലാണ്.
നേരത്തെ മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങിയ മുംബൈക്ക് എതിരെ വെടിക്കെട്ട് സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഏതെങ്കിലും ഐപിഎൽ
ടീമിലെത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ആരാധകര്‍.കൂടാതെ മുൻ ഇന്ത്യൻ താരം ശ്രീശാന്തിനും ഐപിൽ കളിക്കുവാൻ അവസരം ലഭിക്കും എന്നാണ് സൂചനകൾ .മുൻ ഇന്ത്യൻ താരത്തെ സ്വന്തമാക്കുവാൻ ചില ടീമുകൾ പ്ലാനിടുന്നതായും ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട് .