പലപ്പോഴും ക്രിക്കറ്റ് ആരാധകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുവാൻ അജിൻക്യ രഹാനെക്ക് സാധിച്ചിട്ടിട്ടുണ്ട് .ഏത് സമ്മർദ്ദ ഘട്ടത്തിലും യാതൊരു മുഖഭാവവും കൂടാതെ ടീമിലെ സഹതാരങ്ങളെ സപ്പോർട്ട് ചെയ്യുന്ന നായകനായും രഹാനയെ നാം കാണാറുണ്ട് .ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര നേട്ടം ഒരുതരത്തിൽ രഹാനെയുടെ കൂടി നേട്ടമാണ് .സ്ഥിര നായകൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ആദ്യ ടെസ്റ്റിൽ കനത്ത തോൽവി വഴങ്ങിയ ടീമിനെ ഇത്ര മനോഹരമായി പരമ്പരയിൽ തിരിച്ചുകൊണ്ടുവന്നതിൽ രഹാനെയുടെ നായകത്വത്തിന്റെ പങ്ക് വളരെ വലുതാണ് .
എന്നാൽ ഇപ്പോൾ ഇന്ത്യൻ നായകനും ടീം ഇന്ത്യയും ശ്രദ്ധകേന്ദ്രങ്ങളാകുന്നത് ബ്രിസ്‌ബേൻ മത്സര ശേഷമുള്ള ഒരു സംഭവത്തിന്റെ പേരിലാണ് .നൂറാം ടെസ്റ്റ് മത്സരം കളിച്ച ഓസീസ് താരം നഥാന്‍ ലിയോണിന് ഇന്ത്യന്‍ ജേഴ്‌സി നല്‍കി കൊണ്ട് രഹാനെയും ടീമും ഒരിക്കൽ കൂടി ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്നു . ജേഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങളും ഒപ്പും പതിച്ചിരുന്നു.
മത്സരത്തിന് ശേഷം പരമ്പര വിജയത്തിന്റെ ട്രോഫി ഉയര്‍ത്തുന്നതിന് മുമ്പാണ് സംഭവം. ഇതോടൊപ്പം ലിയോണിനെ അഭിനന്ദിക്കാനും നായകൻ രഹാനെ മറന്നില്ല. ഈ വീഡിയോ നിമിഷങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്ത്യയുടെ ഈ മഹത്തായ നടപടിയെ ക്രിക്കറ്റ് ലോകം വാനോളം പുകഴ്ത്തി .മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ഇതിനെ കുറിച്ച് ഒരു കുറിപ്പും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. രഹാനെ ചെയ്തത് ഒരു മഹത്തായ കാര്യമാണെന്നായിരുന്നു ലക്ഷ്മണ്‍ കുറിപ്പില്‍ പറഞ്ഞത്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഏറ്റുവാങ്ങിയ രഹാനെ അത് യുവതാരം നടരാജന് സമ്മാനിച്ചതും ആരാധകരുടെ മനം കവര്‍ന്നു. നേരത്തെ ടീമിന്റെ വിജയത്തിന് വേണ്ടി പ്രയത്‌നിച്ച എല്ലാവരേയും ക്യാപ്റ്റന്‍ മത്സര ശേഷം അഭിനന്ദിച്ചിരുന്നു. ”അവസാന സമയങ്ങളിൽ ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ കാത്തു. ഓസ്‌ട്രേലിയയുടെ 20 വിക്കറ്റുകളും വീഴ്ത്താനായതും വഴിത്തിരിവായി. അതുകൊണ്ടാണ് അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയത്.” രഹാനെ വിജയത്തെ കുറിച്ച് വാചാലനായി .
ബ്രിസ്‌ബേനില്‍ നടന്ന പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം. 1988ന് ശേഷം ആദ്യമായിട്ടാണ് ഗാബയില്‍ ഓസീസ് തോൽവി ഏറ്റുവാങ്ങുന്നത് . പരമ്പര 2-1 ഇന്ത്യ സ്വന്തമാക്കിയത് ചരിത്ര നേട്ടമായാണ് ആരാധകർ ആഘോഷിക്കുന്നത് . ഋഷഭ് പന്ത് (പുറത്താവാതെ 89), ശുഭ്മാന്‍ ഗില്‍ (91), ചേതേശ്വര്‍ പൂജാര (56) എന്നിരാണ് ഇന്ത്യന്‍ വിജയത്തിനായി അഞ്ചാം ദിനം പടപൊരുതിയത് .