ഇത്തവണത്തെ ഐപിഎൽ സീസണിൽ തരക്കേടില്ലാത്ത തുടക്കമായിരുന്നു മലയാളി താരം സഞ്ജു സാംസണ് ലഭിച്ചത്. എന്നാൽ പിന്നീട് പരിക്കിന്റെ പിടിയിലായ സഞ്ജു സാംസണ് കൃത്യമായ രീതിയിൽ രാജസ്ഥാൻ ടീമിനായി മൈതാനത്ത് അണിനിരക്കാൻ സാധിച്ചില്ല. രാജസ്ഥാന്റെ കഴിഞ്ഞ മത്സരങ്ങളിൽ ഒന്നുംതന്നെ സഞ്ജു സാംസൺ കളിച്ചിരുന്നില്ല.
ഇപ്പോൾ സഞ്ജുവിന്റെ ആരോഗ്യ കാര്യങ്ങളെപറ്റി കൃത്യമായ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് പരിശീലകനായ രാഹുൽ ദ്രാവിഡ്. സഞ്ജുവിന്റെ ആരോഗ്യസ്ഥിതി തങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും, ദിവസേനയുള്ള റിപ്പോർട്ടുകൾ കണക്കിലെടുക്കുന്നുണ്ട് എന്നും ദ്രാവിഡ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ കൂടുതലായി കാര്യങ്ങൾ പറയാൻ സാധിക്കുവെന്നാണ് ദ്രാവിഡ് കൂട്ടിച്ചേർക്കുന്നത്.
വാരിയെല്ലിനേറ്റ പരിക്ക് മൂലമായിരുന്നു സഞ്ജു കഴിഞ്ഞ 3 മത്സരങ്ങളിൽ നിന്ന് മാറി നിന്നത്. ഡൽഹിക്കെതിരായ രാജസ്ഥാന്റെ മത്സരത്തിനിടയാണ് സഞ്ജുവിന് പരിക്കേറ്റത്. സഞ്ജുവിന് പകരമെത്തിയ വൈഭവ് സൂര്യവംശി സെഞ്ച്വറി പ്രകടനം കാഴ്ചവച്ചെങ്കിലും മറ്റു താരങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിരുന്നില്ല. അതിനാൽ സഞ്ജു പരിക്ക്പറ്റി മാറി നിന്നതിനു ശേഷമുള്ള 2 മത്സരങ്ങളിൽ രാജസ്ഥാൻ പരാജയം നേരിട്ടിരുന്നു. ഇതിന് ശേഷം സഞ്ജു തിരിച്ചു വരണമെന്ന രീതിയിൽ ആരാധകരും രംഗത്തെത്തി. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ രാഹുൽ ദ്രാവിഡ് നൽകിയിരിക്കുന്നത്.
“ഇപ്പോൾ സഞ്ജുവിന്റെ പരിക്ക് ഭേദമാകുന്നുണ്ട്. എന്നാൽ ദിവസവും അവന്റെ ആരോഗ്യസ്ഥിതി വിലയിരുത്തേണ്ടതുണ്ട്. ശേഷം മാത്രമേ ഇതിനെപ്പറ്റി നമുക്ക് സംസാരിക്കാൻ സാധിക്കൂ. അവന് വാരിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. ഇത്തരം പരിക്കുകൾ അല്പം ഗുരുതരമായി കാണേണ്ട കാര്യം തന്നെയാണ്. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നത് കൊണ്ടാണ് തിരക്കിട്ട് സഞ്ജുവിനെ മൈതാനത്ത് എത്തിക്കാൻ രാജസ്ഥാൻ റോയൽസ് ശ്രമിക്കാത്തത്.”- രാഹുൽ ദ്രാവിഡ് പറയുകയുണ്ടായി.
“ഇപ്പോൾ ഞങ്ങൾ ദിവസേന സഞ്ജു സാംസണിന്റെ ആരോഗ്യ സാഹചര്യങ്ങൾ നിരീക്ഷിക്കാറുണ്ട്. എന്നാണ് സഞ്ജുവിന് മൈതാനത്തെത്തി രാജസ്ഥാനായി കളിക്കാൻ സാധിക്കുക എന്ന് നമുക്ക് പരിശോധിക്കാം. ഓരോ ദിവസവും സഞ്ജുവിന്റെ ആരോഗ്യസ്ഥിതിയിൽ ഉണ്ടാകുന്ന പുരോഗതികൾ ഞങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അത് വിലയിരുത്തി മാത്രമേ ഞങ്ങൾ മുൻപോട്ടുള്ള തീരുമാനങ്ങൾ എടുക്കു. സഞ്ജുവിന്റെ പരിക്കിനെ വലിയ ഗൗരവമായി തന്നെയാണ് ടീം നോക്കിക്കാണുന്നത്.”- ദ്രാവിഡ് കൂട്ടിച്ചേർക്കുകയുണ്ടായി.