വിഘ്നേഷ് പുത്തൂർ 2025 ഐപിഎല്ലിൽ നിന്ന് പുറത്ത്. പകരക്കാരനെ ടീമിലെത്തിച്ച് മുംബൈ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മലയാളി താരം വിഘ്നേഷ് പുത്തൂർ പുറത്ത്. മുംബൈ ഇന്ത്യൻസ് താരമായിരുന്ന വിഘ്നേഷിന് മികച്ച തുടക്കമായിരുന്നു ഐപിഎല്ലിൽ ലഭിച്ചത്. എന്നാൽ പിന്നീട് താരത്തിന് പരിക്കേൽക്കുകയാണ് ഉണ്ടായത്. വിഘ്നേഷിന്റെ പകരക്കാരനായി 31കാരനായ ലെഗ് സ്പിന്നർ രഘു ശർമയെ മുംബൈ തങ്ങളുടെ ടീമിലേക്ക് എത്തിച്ചിട്ടുണ്ട്.

ജലന്തർ സ്വദേശിയായ രഘു ശർമ പഞ്ചാബിനായും പുതുച്ചേരിക്കായും ആഭ്യന്തര ക്രിക്കറ്റിൽ അണിനിരന്ന താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 57 വിക്കറ്റുകളാണ് 11 മത്സരങ്ങളിൽ നിന്ന് രഘു ശർമ സ്വന്തമാക്കിയിരിക്കുന്നത്. 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിന്റെ പകരക്കാരനെ മുംബൈ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇത്തവണത്തെ ഐപിഎല്ലിൽ ഒരു സർപ്രൈസ് തുടക്കം തന്നെയായിരുന്നു വിഘ്നേഷ് പുത്തൂരിന് ലഭിച്ചത്. തന്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മികവ് പുലർത്താൻ താരത്തിന് സാധിച്ചു. 3 വിക്കറ്റുകളുമായി ആദ്യ മത്സരത്തിൽ വിഗ്നേഷ് തിളങ്ങിയിരുന്നു. ശേഷം മുംബൈ ടീമിനായി 5 മത്സരങ്ങളിൽ അണിനിരന്ന വിഘ്നേഷ് 6 വിക്കറ്റ്കൾ സ്വന്തമാക്കി. ഇതിനിടെയാണ് വിഘ്നേഷ് പുത്തൂരിനെ പരിക്ക് പിടികൂടിയത്. ഇതോടുകൂടി വിഘ്നേഷ് മുംബൈ ഇന്ത്യൻസിന്റെ സൈഡ് ബെഞ്ചിൽ ഒതുങ്ങുകയായിരുന്നു.

എന്നിരുന്നാലും പ്രാഥമിക ഘട്ടത്തിൽ പരിക്കുണ്ടായിരുന്നിട്ടും, മുംബൈ ഇന്ത്യൻസ് വിഘ്നേഷിനെ കൈവിടാൻ തയ്യാറായില്ല. മുംബൈ ഇന്ത്യൻസിന്റെ മെഡിക്കൽ ടീമിനൊപ്പം പരിശീലനത്തിലായിരുന്നു വിഘ്നേഷ് പുത്തൂർ. വലിയൊരു തിരിച്ചുവരവിനായി താരം അങ്ങേയറ്റം മികച്ച രീതിയിൽ ശ്രമിച്ചിരുന്നു. മാത്രമല്ല 22കാരനായ വിഘ്നേഷിന് വലിയ പിന്തുണ തന്നെയാണ് മുംബൈ ഇന്ത്യൻസ് പരിക്കിന്റെ സമയത്ത് നൽകിയത്. പക്ഷേ നിലവിൽ പരിക്കിൽ നിന്ന് മോചിതനാവാൻ വിഘ്നേഷിന് സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് പകരക്കാരനെ മുംബൈ മൈതാനത്ത് ഇറക്കിയത്.

ഈ സീസണിൽ വളരെ മോശം തുടക്കമായിരുന്നു മുംബൈ ഇന്ത്യൻസിന് ലഭിച്ചത്. ആദ്യ 5 മത്സരങ്ങളിൽ കേവലം ഒരു വിജയം മാത്രം സ്വന്തമാക്കാനേ മുംബൈയ്ക്ക് സാധിച്ചിരുന്നുള്ളൂ. എന്നാൽ പിന്നീട് ശക്തമായ രീതിയിൽ തിരികെ വന്ന് ഐപിഎല്ലിന്റെ പ്ലേയോഫിന് അടുത്തേക്ക് എത്താൻ മുംബൈയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. ഇതുവരെ 10 മത്സരങ്ങൾ കളിച്ച മുംബൈയ്ക്ക് 6 വിജയങ്ങളുമായി 12 പോയിന്റുകൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.