ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഒരു സുവർണ്ണ അവസരം തന്നെയാണ് സഞ്ജു സാംസൺ നഷ്ടപ്പെടുത്തിയത്. 10 ഓവറുകളിൽ അധികം ബാക്കിയുള്ള സാഹചര്യത്തിൽ ക്രീസിലെത്തിയ സഞ്ജു സാംസൺ ഒരു അനാവശ്യ ഷോട്ടിലൂടെ തന്റെ വിക്കറ്റ് വലിച്ചെറിയുകയാണ് ഉണ്ടായത്. ടീമിലെ സ്ഥിര സാന്നിധ്യമാകാൻ ലഭിച്ച വലിയൊരു അവസരമാണ് സഞ്ജു സാംസൺ കളഞ്ഞു കുളിച്ചത്.
ഇതിനുശേഷം സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി ഒരുപാട് മുൻ താരങ്ങളും രംഗത്തെത്തുകയുണ്ടായി. ഇപ്പോൾ സഞ്ജുവിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയാണ്. സഞ്ജു ലഭിക്കുന്ന അവസരങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം എന്നാണ് ചോപ്ര പറയുന്നത്.
“രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ വളരെ മോശം ഷോട്ടാണ് കളിച്ചത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ ശുഭമാൻ ഗില്ലും മധ്യത്തിൽ സഞ്ജു സാംസനും മോശം ഷോട്ടുകൾ കളിക്കുകയുണ്ടായി. സഞ്ജുവിനെ തെറ്റായ ബാറ്റിംഗ് പൊസിഷനിലാണ് ഇന്ത്യ കളിപ്പിച്ചത് എന്ന് വേണമെങ്കിൽ സഞ്ജുവിന്റെ ആരാധകർക്ക് പറയാൻ സാധിക്കും. പക്ഷേ മുൻനിരയിൽ അയാൾക്ക് സ്ഥലം ലഭിക്കുമോ എന്ന കാര്യം നമ്മൾ പരിശോധിക്കണം. അങ്ങനെ മുൻനിരയിൽ സഞ്ജുവിന് സ്ഥാനം ലഭിക്കാത്ത പക്ഷം എന്ത് ചെയ്യാൻ സാധിക്കും?”- ആകാശ് ചോപ്ര പറയുന്നു.
“ഇങ്ങനെയുള്ള സാഹചര്യത്തിൽ സഞ്ജുവിന് മുൻപിൽ 2 ഒപ്ഷനുകളാണ് ഉള്ളത്. ഒന്നുകിൽ കളിക്കുക അല്ലെങ്കിൽ കളിക്കാതിരിക്കുക. ഏതു പൊസിഷനിലായാലും റൺസ് കണ്ടെത്താൻ ശ്രമിക്കുക, അല്ലെങ്കിൽ ടീമിൽ കളിക്കാതിരിക്കുക. മത്സരത്തിൽ 10 ഓവറുകൾ ബാക്കിയുണ്ടായിരുന്നു. അത് സഞ്ജുവിന് ഒരു അവസരമായിരുന്നു.
ഇപ്പോൾ ലഭിക്കുന്ന അവസരങ്ങൾ നല്ല രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ കുറച്ചുനാൾ കഴിഞ്ഞ് സഞ്ജു അതിൽ ദുഃഖിക്കേണ്ടിവരും. ഒരുപക്ഷേ ഇത് അനീതിപരമായി തോന്നിയേക്കാം. പക്ഷേ ടീമിൽ സഞ്ജുവിന് കളിക്കാൻ ഒരു പൊസിഷൻ ഇല്ലെങ്കിൽ പിന്നെ അത്തരം ഒരു പൊസിഷൻ എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
ആദ്യ രണ്ടു മത്സരങ്ങളിലെയും സഞ്ജു സാംസണിന്റെ പ്രകടനം ആരാധകരെയടക്കം നിരാശയിലാക്കിയിട്ടുണ്ട്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ തകർപ്പൻ ഫോമിലേക്ക് സഞ്ജു തിരികെ വരുന്നതിന് സൂചനകൾ നൽകിയിരുന്നു.
എന്നാൽ അതിനുശേഷമുള്ള രണ്ടു മത്സരങ്ങളിലും ഇത്തരത്തിൽ പരാജയപ്പെട്ടതോടെ സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കൂടി മങ്ങലേറ്റിട്ടുണ്ട്. എന്നിരുന്നാലും 3 മത്സരങ്ങൾ അവശേഷിക്കുമ്പോൾ സഞ്ജു ശക്തമായി തിരിച്ചുവരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.