‘ഇതാണ് സഞ്ജുവിന്റെ പ്രശ്നം. ഈ രീതിയിൽ മാറ്റം വരണം’!! പിഴവ് ചൂണ്ടിക്കാട്ടി അക്മൽ.

588a3 16913756485413 1920

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ആദ്യ രണ്ടു ട്വന്റി20കളിലും മോശം ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ 12 പന്തുകളിൽ 12 റൺസ് നേടിയ സഞ്ജു, രണ്ടാം മത്സരത്തിൽ 7 റൺസ് മാത്രമാണ് നേടിയത്. ഒരുപാട് നാളുകൾക്ക് ശേഷം ടീമിൽ കളിക്കാൻ ലഭിച്ച അവസരം സഞ്ജു കൃത്യമായി വിനിയോഗിക്കാത്തതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

ടീമിൽ സ്ഥിര സാന്നിധ്യമാവാൻ ലഭിച്ച അവസരം സഞ്ജു നശിപ്പിയ്ക്കുകയാണ് എന്നാണ് ആരാധകർ പോലും വിമർശിക്കുന്നത്. സഞ്ജു എന്തുകൊണ്ടാണ് മത്സരത്തിൽ മോശം പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് എന്ന നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്റെ മുൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ.

സഞ്ജു ഇനിയെങ്കിലും അവസരത്തിനൊത്ത് ഉയരണം എന്നാണ് അക്മൽ പറയുന്നത്. “ഇത്തരത്തിൽ സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നത് കാണുമ്പോൾ വലിയ നിരാശ തന്നെ ഉണ്ടാവുന്നു. വളരെ മികച്ച ഒരു ഇന്നിംഗ്സ് കാഴ്ചവയ്ക്കാനുള്ള അവസരം സഞ്ജു സാംസണ് ലഭിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഒരുപാട് ഓവറുകൾ ബാക്കിനിൽക്കുന്ന സമയത്താണ് സഞ്ജു സാംസൺ തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഒരുപക്ഷേ ഇന്ത്യയുടെ പരിശീലകനും നായകനും സഞ്ജുവിനോട് ആക്രമിച്ച് കളിക്കാൻ പറഞ്ഞിട്ടുണ്ടാവണം. അതുകൊണ്ടു തന്നെയായിരിക്കണം അവൻ അത്തരം ഷോട്ടുകൾ കളിച്ചത്.”- അക്മൽ പറഞ്ഞു.

Read Also -  ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാവാൻ അവന് സാധിക്കും : ഗാംഗുലി.

“എന്തൊക്കെ പറഞ്ഞാലും സഞ്ജു ഒരു ക്ലാസ് ബാറ്റർ തന്നെയാണ്. അവസരത്തിനൊത്ത് ഉയരാനുള്ള പ്രതിഭ സഞ്ജു സാംസനുണ്ട്. പക്ഷേ അയാളുടെ സമീപനത്തിലാണ് പ്രശ്നങ്ങൾ നിൽക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ പക്വത പുലർത്താൻ സഞ്ജു തയ്യാറാവണം. ഒരു വലിയ ഇടവേളയ്ക്ക് ശേഷമായിരുന്നു സഞ്ജു സാംസൺ ടീമിലേക്ക് തിരികെയെത്തിയത്. അതിനാൽ തന്നെ ടീമിൽ സ്ഥിര സാന്നിധ്യമാവാനാണ് സഞ്ജു ശ്രമിക്കേണ്ടത്. അതിനു തക്കതായ ഇന്നിംഗ്സുകൾ കാഴ്ചവയ്ക്കണം. അതിന് സഞ്ജുവിന് സാധിച്ചില്ല.”- അക്മൽ കൂട്ടിച്ചേർക്കുന്നു.

ഇതുവരെ ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റിൽ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുക്കാൻ സഞ്ജു സാംസണ് സാധിച്ചിട്ടില്ല. ഇന്ത്യക്കായി 19 ട്വന്റി20 മത്സരങ്ങൾ സഞ്ജു കളിച്ചു. ഇതിൽ നിന്നായി കേവലം 320 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്.

അയർലൻഡ് ടീമിനെതിരെ നേടിയ 77 റൺസ് മാത്രമാണ് സഞ്ജുവിന്റെ എടുത്തുപറയാൻ സാധിക്കുന്ന ഒരു പ്രകടനം. 18.82 മാത്രമാണ് സഞ്ജുവിന്റെ ട്വന്റി20 മത്സരങ്ങളിലെ ശരാശരി. എന്നാൽ ഏകദിന മത്സരങ്ങളിൽ മികച്ച റെക്കോർഡുകളാണ് സഞ്ജുവിന്റെ പേരിലുള്ളത്.

Scroll to Top