തോറ്റ കളി പിടിച്ചെടുത്ത് മുഹമ്മദ് ഷമി. ഇന്ത്യക്ക് പരിശീലന മത്സരത്തില്‍ വിജയം.

ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 20 ഓവറില്‍ 180 റണ്‍സിനു എല്ലാവരും പുറത്തായി. 6 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ അവസാന ഓവറില്‍ 11 റണ്‍സ് വിജയിക്കാന്‍ വേണമെന്നിരിക്കെ ഷമി എറിഞ്ഞ ഓവറില്‍ 1 റണ്ണൗട്ടും 3 വിക്കറ്റും വീഴുകയായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. മിച്ചല്‍ മാര്‍ഷ് തകര്‍ത്തടിച്ചപ്പോള്‍ പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് പിറന്നു. 18 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം 35 റണ്‍സ് നേടിയാണ് മാര്‍ഷ് പുറത്തായത്. സ്റ്റീവന്‍ സ്മിത്തിന് (11) കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലാ.

പിന്നീട് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഗ്ലെന്‍ മാക്സ്വെലും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ടു. 16 പന്തില്‍ 4 ഫോറുമായി 23 റണ്‍സാണ് മാക്സ്വെല്‍ നേടിയത്.

അവസാന 4 ഓവറില്‍ 39 റണ്‍സായിരുന്നു ഓസ്ട്രേലിയക്ക് വേണ്ടിയിരുന്നത്. സ്റ്റോണിസിന്‍റെ (7) വിക്കറ്റ് നഷ്ടമായി. 19ാം ഓവറില്‍ ആരോണ്‍ ഫിഞ്ചിന്‍റെയും (54 പന്തില്‍ 76) ടിം ഡേവിഡിന്‍റയും (5) വിക്കറ്റ് നഷ്ടമായി. അവസാന ഓവറില്‍ വിജയിക്കാന്‍ 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

മത്സരത്തിലെ തന്‍റെ ആദ്യ ഓവര്‍ എറിഞ്ഞ ഷമി മൂന്നാമത്തെ പന്തില്‍ കമ്മിന്‍സിനെയും അഞ്ചാമത്തെ പന്തില്‍ ജോഷിനെയും അവസാന പന്തില്‍ റിച്ചാര്‍ഡസനെയും പുറത്താക്കി. നാലാമത്തെ പന്തില്‍ ആഗര്‍ റണ്ണൗട്ടാവുകയും ചെയ്തിരുന്നു.

ഇതോടെ മത്സരത്തില്‍ അവിശ്വസിനീയ വിജയം ഇന്ത്യ സ്വന്തമാക്കി

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവിധ് പതിവ് ശൈലിയിലേക്ക് ഉയരാന്‍ കഴിയാതെ വന്നതാണ് കൂറ്റന്‍ സ്കോറില്‍ നിന്ന് അകറ്റിയത്. ഓസീസിനായി കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ നാല് വിക്കറ്റ് വീഴ്‌ത്തി.

ഓപ്പണിംഗില്‍ കെല്‍ രാഹുല്‍ അഴിഞ്ഞാട്ടം നടത്തിയപ്പോള്‍ ഇന്ത്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 69 റണ്‍സിലെത്തി. കെല്‍ രാഹുല്‍ 33 പന്തില്‍ 6 ഫോറും 3 സിക്സുമായി 57 റണ്‍സ് നേടി. അര്‍ദ്ധസെഞ്ചുറി തികച്ചതിനു ശേഷം തൊട്ടടുത്ത പന്തില്‍ സൂര്യ പുറത്തായി. 33 പന്തില്‍ നിന്നും 6 ഫോറും 1 സിക്സും സഹിതമാണ് സൂര്യകുമാര്‍ യാദവിന്‍റെ ഇന്നിംഗ്സ്.

ഓസ്ട്രേലിയക്കായി റിച്ചാര്‍ഡ്സണ്‍ 4 വിക്കറ്റ് വീഴ്ത്തി. മാക്സ്വെല്‍, ആഗര്‍, സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Previous articleകെല്‍ രാഹുല്‍ തുടങ്ങിവച്ചു. സൂര്യ ഫിനിഷ് ചെയ്തു ! ഇന്ത്യ വിജയലക്ഷ്യം കുറിച്ചു.
Next articleടി20 ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു. വിന്‍ഡീസിനെ പരാജയപ്പെടുത്തി സ്കോട്ടലന്‍റ്