ഇത്തവണത്തെ ടി :20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം ആരാധകർക്കും വിരാട് കോഹ്ലിക്കും സംഘത്തിനും വളരെ അധികം പ്രധാനമാണ്. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ഇന്ത്യൻ ടീം നേരിടുന്ന ഐസിസി കിരീട വരൾച്ചക്ക് അന്ത്യം കുറിക്കുവാൻ ഇത്തവണത്തെ ലോകകപ്പിന് കഴിയുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും മുൻ താരങ്ങളും അടക്കം പ്രവചിക്കുന്നത്. കൂടാതെ നിലവിലെ പല താരങ്ങൾ ഫോമും ഐപിഎല്ലിലടക്കം യൂഎഇയിൽ കളിച്ച എക്സ്പീരിയൻസ് കൂടി ഇന്ത്യൻ ടീമിന് അനുകൂലമായ ഒരു ഘടകമായി ആരാധകർ അടക്കം ഇപ്പോൾ വിലയിരുത്തുന്നുണ്ട്. ഇന്ത്യൻ ടീം ടി :20 ക്യാപ്റ്റനായി അവസാന ലോകകപ്പ് കൂടി കളിക്കുന്ന വിരാട് കോഹ്ലിക്കായി ഈ ലോകകപ്പ് നേടുവാൻ ഇന്ത്യൻ ക്രിക്കറ്റ് ഒരുമിച്ച് ശ്രമിക്കുമെന്നാണ് മുൻ ഇന്ത്യൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്.
പാകിസ്ഥാൻ എതിരായ മത്സരത്തോടെ ഈ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന ഇന്ത്യൻ ടീം ഇത്തവണ വളരെ ഏറെ കരുതിയിരിക്കേണ്ട മൂന്ന് ടീമുകൾ ഏതൊക്കെയെന്ന് ചൂണ്ടികാണിക്കുക ആണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്ന.2007ലെ പ്രഥമ ടി :20 ലോകകപ്പ് കരസ്ഥമാക്കിയ ശേഷം ഇതുവരെ കുട്ടിക്രിക്കറ്റിൽ കിരീടം നേടുവാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യൻ ടീമിന് വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി മികവിൽ ഇത്തവണ ലോകകപ്പ് നേടാൻ കഴിയുമെന്നാണ് സുരേഷ് റെയ്നയുടെ പ്രവചനം. നേരത്തെ ഈ ലോകകപ്പ് കോഹ്ലിക്കായി നേടണമെന്നുള്ള റെയ്ന വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. ടി :20 ക്യാപ്റ്റൻസി ഒഴിയുന്ന കോഹ്ലി ഒരു കിരീടം അർഹിക്കുന്നുണ്ടെന്നാണ് മുൻ താരം അഭിപ്രായപെട്ടത്.
” ഈ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, അഫ്‌ഘാനിസ്ഥാൻ ടീമുകളെ നമ്മൾ കരുതിയിരിക്കണം. വിൻഡീസ് ടീം ടി :20 ക്രിക്കറ്റിൽ എല്ലാ കാലത്തും വളരെ അപകടകാരികളാണ്.അവർ മുൻപ് സെമി ഫൈനലിൽ ഇന്ത്യൻ ടീമിനെയും തോൽപ്പിച്ചിരുന്നു. കൂടാതെ ഒന്നാമത്തെ നമ്പർ മുതൽ അവസാനത്തെ നമ്പർ വരെ കളിക്കാൻ എത്തുന്നവർ മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മന്മാരാണെന്നത് അവർക്ക് അനുകൂല ഘടകമാണ്. ഒപ്പം ഈ ലോകകപ്പിൽ അധികം ആരും തന്നെ വാഴ്ത്താൻ ശ്രമിക്കാത്ത ടീമാണ് ശ്രീലങ്ക, അഫ്‌ഘാനിസ്ഥാൻ എന്നിവർ. അവർ നമ്മളെ നിർണായക മത്സരത്തിൽ ഏറെ സമ്മർദ്ദത്തിലാക്കിയേക്കാം. ഏതൊരു ടീമിനെയും കരുതലോടെ കളിക്കാനുള്ള മനസ്സ് ഇന്ത്യൻ ടീം കാണിക്കണം “മുൻ ആൾറൗണ്ടർ അഭിപ്രായം വിശദമാക്കി