ശ്രീലങ്കക്ക് എതിരായ മൂന്നാം ടി :20 മത്സരത്തിൽ മിന്നും ജയം സ്വന്തമാക്കി രോഹിത് ശർമ്മയും സംഘവും. മൂന്ന് മത്സര ടി :20 പരമ്പരയും തൂത്തുവാരിയ ഇന്ത്യൻ ടീം തുടർച്ചയായ മൂന്നാമത്തെ ടി :20 പരമ്പര നേട്ടമാണ് സ്വന്തമാക്കുന്നത്. നാട്ടിൽ മറ്റൊരു തുടർച്ചയായ ടി :20 പരമ്പര നേട്ടവും സ്വന്തമാക്കിയ രോഹിത് ശർമ്മയും ടീമും വരാനിരിക്കുന്ന ടി :20ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി അനേകം പോസിറ്റീവുകൾ നേടുകയാണ്.
ഇന്നത്തെ ജയത്തോടെ ടി :20യിൽ ഏറ്റവും അധികം തുടര്‍ച്ചയായ വിജയം സ്വന്തമാക്കുന്ന ടീമായി ഇന്ത്യ മാറി. ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ് ലോകകപ്പിൽ കിവീസിന് എതിരായ തോൽവിക്ക് പിന്നാലെ ജയത്തിലേക്ക് എത്തിയ ഇന്ത്യൻ ടീം തുടർച്ചയായ പന്ത്രണ്ടാം ടി :20 മത്സരമാണ് ജയിക്കുന്നത്. നേരത്തെ പന്ത്രണ്ട് ടി :20കളിൽ തുടർച്ചയായി ജയിച്ച അഫ്‌ഘാൻ ടീമിന്റെ നേട്ടത്തിനും ഒപ്പമാണ് ഇന്ത്യൻ സംഘം എത്തിയത്.
അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ 12 കളികൾ തുടർച്ചയായി ജയിക്കുന്ന രണ്ടാമത്തെ മാത്രം ടീമായി മാറിയ ഇന്ത്യൻ ടീം ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ് ടീമുകൾക്ക് എതിരെയും വൈറ്റ് വാഷ് കരസ്ഥമാക്കിയിരുന്നു. കൂടാതെ ഇന്നത്തെ ജയത്തോടെ ഹാട്രിക്ക് വൈറ്റ് വാഷ് ടി :20യിൽ നേടുകയാണ് ഇന്ത്യൻ ടീം. രോഹിത് ശർമ്മ സ്ഥിര ലിമിറ്റഡ് ഓവർ നായകനായ ശേഷം ജയിക്കുന്ന മൂന്നാമത്തെ പരമ്പരയാണ് ഇത്.
ഇന്നത്തെ മത്സരത്തിൽ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. ഈ ടി :20 പരമ്പരയിൽ അപരാജിതനായ ശ്രേയസ് അയ്യർ തന്നെയാണ് പരമ്പരയിലെ മാൻ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയത്. തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധസെഞ്ചുറിയാണ് ശ്രേയസ്സ് അയ്യര്‍ നേടിയത്. വീരാട് കോഹ്ലിക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടി20 പരമ്പരയില്‍ തുടര്‍ച്ചയായ 3 അര്‍ദ്ധസെഞ്ചുറികള്‍ നേടുന്നത്.
2016 ൽ ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിലാണ് തുടർച്ചയായി മൂന്ന് മത്സരങ്ങളിലും കോഹ്ലി ഫിഫ്റ്റി നേടിയത്. ശ്രേയസ് അയ്യരെയും കോഹ്ലിയെയും കൂടാതെ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ നിക്കോളസ് പൂറൻ, ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ, ന്യൂസിലൻഡ് ബാറ്റ്സ്മാൻ കോളിൻ മൺറോ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.