ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യൻ ടീമിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. വളരെ പ്രതീക്ഷയോടെ ദക്ഷിണാഫ്രിക്കൻ മണ്ണിലെത്തിയ ഇന്ത്യൻ ടെസ്റ്റ് ടീമിന് നിരാശകൾ വിതറിയ ഒരു മത്സരമായിരുന്നു സെഞ്ചുറിയനിൽ അവസാനിച്ചത്.
മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 32 റൺസിനുമാണ് ഇന്ത്യ പരാജയമറിഞ്ഞത്. ഇന്ത്യയുടെ ഈ പരാജയത്തിനുള്ള കാരണം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ ഇപ്പോൾ. കൃത്യമായി പരിശീലന മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിൽ കളിക്കാതിരുന്നതാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമായത് എന്ന ഗവാസ്കർ പറയുന്നു.
ആദ്യ ടെസ്റ്റ് മത്സരത്തിന് മുൻപ് ഒരു ഇൻട്രാ സ്ക്വാഡ് മത്സരം മാത്രമായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിച്ചത്. ഇത് ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് സുനിൽ ഗവാസ്കറുടെ പക്ഷം. “പരാജയത്തിനുള്ള കാരണം കൃത്യമാണ്. ദക്ഷിണാഫ്രിക്കയിൽ മറ്റു മത്സരങ്ങളൊന്നും തന്നെ ഇന്ത്യ കളിച്ചില്ല. നമ്മൾ നേരിട്ട് ഇത്തരമൊരു ടെസ്റ്റ് മത്സരം കളിക്കുമ്പോൾ അത് വിജയകരമായി മാറാൻ സാധ്യത കുറവാണ്. ഇന്ത്യ എ ടീമിനെ നമ്മൾ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിരുന്നു. എന്നാൽ എ ടീം പര്യടനം ആരംഭിക്കുന്നതിന് മുൻപാണ് ഇവിടെ എത്തിയിരുന്നത്.”
” ഇവിടെ വന്നതിന് ശേഷം ഇന്ത്യ പ്രാക്ടീസ് മത്സരങ്ങൾ കളിക്കണമായിരുന്നു. എന്നാൽ ഇൻട്ര സ്‌ക്വാഡ് മത്സരം മാത്രമാണ് ഇന്ത്യ കളിച്ചത്. അതൊരു തമാശ മാത്രമാണ്. കാരണം നമ്മുടെ ബാറ്റർമാർ ബാറ്റ് ചെയ്യുമ്പോൾ, നമ്മുടെ ബോളർമാർ എത്ര സ്പീഡിൽ പന്തറിയും? അവർ എത്ര ബൗൺസറുകൾ എറിയും? കാരണം നമ്മുടെ ബാറ്റർമാർക്ക് പരിക്ക് പറ്റുമോ എന്ന ഭയം അവർക്ക് എപ്പോഴുമുണ്ട്.”- ഗവാസ്കർ പറയുന്നു.
“ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇന്ത്യ ദക്ഷിണാഫ്രിക്കൻ എ ടീമുമായി ഒന്നോ രണ്ടോ മത്സരങ്ങൾ കളിക്കാൻ തയ്യാറാവണമായിരുന്നു. അല്ലാത്തപക്ഷം ഏതെങ്കിലും സംസ്ഥാനവുമായോ കൗണ്ടി ടീമുമായോ ഇന്ത്യ കളിക്കേണ്ടിയിരുന്നു. നിലവിൽ ടെസ്റ്റ് മത്സരങ്ങൾ തമ്മിൽ നിലനിൽക്കുന്നത് കേവലം ഏഴു ദിവസത്തെ വ്യത്യാസമാണ്. ഇത് ഇന്ത്യയുടെ വർക്ക്ലോഡിനും കാരണമായിട്ടുണ്ട്.”- ഗവാസ്കർ കൂട്ടിച്ചേർത്തു. മത്സരത്തിലെ പരാജയത്തിന് ശേഷം വളരെ രൂക്ഷമായ വിമർശനം തന്നെയാണ് ഗവാസ്കർ അറിയിച്ചിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യയുടെ സീനിയർ താരങ്ങളുടെ ബാറ്റിംഗ് അടക്കം ഗവാസ്കർ ചോദ്യം ചെയ്തിരുന്നു.
ഇന്ത്യയ്ക്കായി മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി സ്വന്തമാക്കിയ രാഹുൽ മാത്രമായിരുന്നു ബാറ്റിംഗിൽ തിളങ്ങിയത്. രണ്ടാം ഇന്നിങ്സിൽ വിരാട് കോഹ്ലിക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്. മറ്റു ബാറ്റർമാരുടെ പരാജയം ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചു. പ്രധാനമായി നായകൻ രോഹിത് ശർമ രണ്ട് ഇന്നിങ്സുകളിലും വമ്പൻ പരാജയമായി മാറിയതും ഇന്ത്യക്ക് തിരിച്ചടിയായി. ഈ പോരായ്മയോക്കെയും നീക്കി ഇന്ത്യ അടുത്ത ടെസ്റ്റ് മത്സരത്തിലൂടെ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.