അവർ 2 പേർ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ജയിച്ചേനെ. ഇന്ത്യൻ ടീം സെലക്ഷൻ മണ്ടത്തരം ചൂണ്ടിക്കാട്ടി ഹർഭജൻ.

GCWUvebW8AE66MH e1703692177770

ആദ്യ ടെസ്റ്റിൽ വളരെ ദയനീയമായ ഒരു പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്. ഒരു ഇന്നിംഗ്സിന്റെയും 32 റൺസിന്റെയും പരാജയമാണ് മത്സരത്തിൽ ഇന്ത്യ ഏറ്റുവാങ്ങിയത്. കേവലം 3 ദിവസങ്ങൾ കൊണ്ട് തന്നെ ആദ്യ ടെസ്റ്റ് മത്സരം അവസാനിക്കുന്നതും കാണാൻ സാധിച്ചിരുന്നു. രവീന്ദ്ര ജഡേജ അടക്കമുള്ള സീനിയർ താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിനിറങ്ങിയത്.

എന്നാൽ ഇന്ത്യ മത്സരത്തിൽ ഏറ്റവുമധികം മിസ്സ് ചെയ്ത രണ്ടു താരങ്ങളെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഹർഭജൻ സിംഗ് ഇപ്പോൾ. അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും ഇന്ത്യയുടെ ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം നേടാൻ സാധിക്കുമായിരുന്നു എന്നാണ് ഹർഭജന്റെ വാദം.

കഴിഞ്ഞ സമയങ്ങളിലെ പൂജാരയുടെയും രഹാനയുടെയും വിദേശ മണ്ണിലെ റെക്കോർഡുകൾ പരിശോധിച്ചാണ് ഹർഭജൻ സിങ് തന്റെ പ്രസ്താവന അറിയിച്ചിരിക്കുന്നത്. വിരാട് കോഹ്ലിയെ പോലെ തന്നെ വിദേശ മണ്ണിൽ റെക്കോർഡുള്ള താരമാണ് പൂജാരയെന്നും ഹർഭജൻ പറയുകയുണ്ടായി.

“അജിങ്ക്യ രഹാനെയെ ടീമിൽ പരിഗണിക്കാതിരുന്നതും, ചേതേശ്വർ പൂജാരയെ പുറത്താക്കിയതും യാതൊരു കാരണവുമില്ലാതെയാണ്. ലോകത്തിന്റെ എല്ലാ ദിക്കിലും റൺസ് സ്വന്തമാക്കാൻ സാധിക്കുന്ന രണ്ട് താരങ്ങളായിരുന്നു ഇവർ. കഴിഞ്ഞ കാലത്തെ റെക്കോർഡുകൾ എടുത്തു പരിശോധിച്ചാൽ പൂജാരയ്ക്ക് കൊഹ്ലിയെ പോലെ തന്നെ സംഭാവന നൽകാൻ സാധിക്കുന്ന താരമാണ്. അതിനാൽ തന്നെ എന്തുകൊണ്ടാണ് പൂജാരയെ ഇന്ത്യ ഒഴിവാക്കിയത് എന്ന് എനിക്ക് അറിയില്ല. ടെസ്റ്റ് ക്രിക്കറ്റിൽ പൂജാരയെക്കാൾ മികച്ച ഒരു ബാറ്ററെ കണ്ടെത്താൻ നമുക്ക് സാധിച്ചിട്ടില്ല. അയാൾ വളരെ പതിയെ കളിച്ചു തന്നെ ടീമിനെ രക്ഷിക്കാറുണ്ട്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾ വിജയിക്കാൻ കാരണം പൂജാരയായിരുന്നു.”- ഹർഭജൻ പറയുന്നു.

Read Also -  ലങ്കയ്‌ക്കെതിരെ ഹാർദിക് ടീമിന് പുറത്ത്. കോഹ്ലിയും രോഹിതും കളിക്കണമെന്ന് ഗംഭീറിന്റെ ആവശ്യം.

ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒരു നിമിഷത്തിൽ പോലും ഇന്ത്യയ്ക്ക് ആധിപത്യം നേടാൻ സാധിച്ചില്ല എന്നും ഹർഭജൻ പറയുകയുണ്ടായി. “3 ദിവസത്തെ മത്സരത്തിന്റെ ഒരു നിമിഷത്തിൽ പോലും  മത്സരത്തിൽ ആധിപത്യമുണ്ടാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ആദ്യ ഇന്നിങ്സിൽ ടോസ് നഷ്ടപ്പെട്ടതിന് ശേഷം ഇന്ത്യ 245 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇതിന് നന്ദി പറയേണ്ടത് രാഹുലിനോടാണ്. കാരണം ആദ്യ ഇന്നിങ്സിൽ ഒരു അവിശ്വസനീയ പ്രകടനമാണ് രാഹുൽ കാഴ്ചവെച്ചത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത് കേവലം 131 റൺസ് ആയിരുന്നു. ഇതിൽ കോഹ്ലിയുടെ സംഭാവന ഒഴിച്ചു നിർത്തിയാൽ വളരെ മോശം പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചിരിക്കുന്നത്.”- ഹർഭജൻ കൂട്ടിച്ചേർത്തു.

“വിരാട് കോഹ്ലി രണ്ടാം ഇന്നിങ്സിൽ കളിച്ചത് അതിമനോഹരമായി ആയിരുന്നു. ഇന്നിംഗ്സിന്റെ ഒരു സമയത്തും കോഹ്ലിയെ ദക്ഷിണാഫ്രിക്കയ്ക്ക് പുറത്താക്കാൻ സാധിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നിരുന്നാലും മത്സരത്തിൽ പ്രധാനമായി മാറിയത് ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ബാറ്റിംഗ് തന്നെയാണ്.”- ഹർഭജൻ പറഞ്ഞു വെക്കുന്നു.

 എന്നിരുന്നാലും ഈ വലിയ പരാജയത്തിൽ നിന്ന് വമ്പൻ തിരിച്ചുവരവിനുള്ള ശ്രമത്തിൽ തന്നെയാണ് ഇന്ത്യ. ടീമിൽ ചെറിയ മാറ്റങ്ങൾ വരുത്തി കേപ്പ് ടൗണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കും എന്നാണ് പ്രതീക്ഷ.

Scroll to Top