“ഏഷ്യകപ്പിലൂടെ ഞാൻ ഏകദിനം പഠിക്കാൻ പോവുകയാണ് ” സൂര്യകുമാർ യാദവ്

ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി വമ്പൻ പ്രകടനങ്ങൾ കാഴ്ചവയ്ക്കാറുണ്ടെങ്കിലും ഏകദിന ക്രിക്കറ്റിൽ വളരെ മോശം ഇന്നിങ്സുകളാണ് സൂര്യകുമാർ യാദവ് കളിച്ചിട്ടുള്ളത്. ഇതുവരെ ഏകദിന ക്രിക്കറ്റിൽ തന്റേതായ ശൈലിയിൽ ഒരു മികച്ച ഇന്നിങ്സ് കെട്ടിപ്പടുക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടില്ല. ഇത്തവണത്തെ ഏഷ്യാകപ്പോടുകൂടി ഈ മോശം പ്രകടനങ്ങൾക്ക് അറുതിവരും എന്നാണ് സൂര്യകുമാർ യാദവ് ഇപ്പോൾ പറയുന്നത്.

ഏകദിന ക്രിക്കറ്റിലെ തന്റെ മോശം പ്രകടനങ്ങൾ ഈ ഏഷ്യാകപ്പോട് കൂടി അവസാനിക്കുമെന്ന് സൂര്യ ചൂണ്ടിക്കാട്ടുന്നു. ഏതുതരത്തിൽ ഏകദിന ക്രിക്കറ്റ് കളിക്കും എന്നത് ഈ ടൂർണമെന്റിൽ നിന്ന് പഠിച്ചെടുക്കുമെന്നും, ഇന്ത്യൻ ടീം ഏൽപ്പിക്കുന്ന ജോലി ഭംഗിയായി നിർവഹിക്കുമെന്നും സൂര്യകുമാർ യാദവ് പറയുകയുണ്ടായി.

“എന്റെ ടീം എന്നെ ഏൽപ്പിക്കുന്ന ജോലി വളരെ ഭംഗിയായി തന്നെ നിറവേറ്റാനാണ് ഞാൻ ശ്രമിക്കുന്നത്. ഏകദിനം എന്നത് ഞാൻ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു ഫോർമാറ്റ് കൂടിയാണ്. ട്വന്റി20 ക്രിക്കറ്റിൽ എന്റേതായ ശൈലിയിൽ റൺസ് കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഏകദിന ഫോർമാറ്റിൽ എന്തുകൊണ്ടാണ് എനിക്ക് റൺസ് നേടാൻ സാധിക്കാത്തത് എന്ന് പലരും ആശ്ചര്യപ്പെടാറുണ്ട്. എല്ലാത്തിനും ഇത്തവണ അവസാനമുണ്ടാവും എന്നാണ് ഞാൻ കരുതുന്നത്.”- സൂര്യകുമാർ യാദവ് പറയുന്നു.

“ഇപ്പോൾ ഞാൻ ഒരുപാട് പരിശീലനങ്ങളിൽ ഏർപ്പെടാറുണ്ട്. ക്രിക്കറ്റിൽ ഏറ്റവും വെല്ലുവിളിയായി തോന്നിയിട്ടുള്ളത് ഏകദിന ഫോർമാറ്റ് തന്നെയാണ്. എല്ലാ ഫോർമാറ്റിലെയും പോലെ തന്നെ ഏകദിനത്തിലും കളിക്കണം. ക്രീസിലെത്തിയശേഷം അല്പം സമയം എടുക്കേണ്ടതുണ്ട്. അതിനുശേഷം സ്ട്രൈക്ക് മാറി കളിക്കാൻ ശ്രമിക്കണം. പിന്നീട് ട്വന്റി20 ക്രിക്കറ്റ് പോലെ വമ്പൻ ഷോട്ടുകൾ കളിക്കാൻ ഞാൻ ശ്രമിക്കും. ഇപ്പോൾ കൂടുതലായും സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ബാറ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. ഈ ടൂർണമെന്റിലൂടെ ഏകദിന ക്രിക്കറ്റ് എന്ന ഫോർമാറ്റ് പഠിച്ചെടുക്കാൻ എനിക്ക് സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ.”- സൂര്യകുമാർ കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കായി ഇതുവരെ 26 ഏകദിന മത്സരങ്ങൾ സൂര്യകുമാർ യാദവ് കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 511 റൺസ് മാത്രമാണ് ഈ സൂപ്പർതാരം നേടിയിട്ടുള്ളത്. സൂര്യയുടെ ഏകദിന ക്രിക്കറ്റിലെ ഈ മോശം പ്രകടനങ്ങൾ ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഇത്തവണത്തെ ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ ഇന്ത്യ സൂര്യയെ ഉൾപ്പെടുത്തിയിരിക്കുന്നു.

മറുവശത്ത് ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യ പുറത്തിരുത്തുകയും ചെയ്തിട്ടുണ്ട്. ഇനിയും സൂര്യ ഏകദിന ക്രിക്കറ്റിൽ മോശം പ്രകടനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ സഞ്ജുവിനെ ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിച്ചേക്കും.

Previous articleനേപ്പാളിനെ 238 റൺസിന് തകര്‍ത്ത് പാകിസ്ഥാൻ. ഈ ബോളിംഗ് നിര ഇന്ത്യയ്ക്കും ഭീഷണി.
Next articleകരുതിയിരുന്നോളൂ, ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ബാബർ ആസം.