നേപ്പാളിനെ 238 റൺസിന് തകര്‍ത്ത് പാകിസ്ഥാൻ. ഈ ബോളിംഗ് നിര ഇന്ത്യയ്ക്കും ഭീഷണി.

F4ycFiLX0AAQiUh scaled

2023 ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ നേപ്പാൾ ടീമിനെതിരെ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി പാക്കിസ്ഥാൻ. മത്സരത്തിൽ പൂർണ്ണമായും ആധിപത്യം നേടിയെടുത്ത പാക്കിസ്ഥാൻ 238 റൺസിന്റെ വമ്പൻ വിജയമാണ് നേടിയിരിക്കുന്നത്. മത്സരത്തിൽ പാക്കിസ്ഥാനായി ബാബർ ആസാം, ഇഫ്തിക്കാർ അഹമ്മദ് എന്നിവർ വെടിക്കെട്ട് സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി.

F4yGPrAWAAAkXX1

ഇവർക്കൊപ്പം ബോളർമാരെല്ലാം മികവ് പുലർത്തിയതോടെ കൂറ്റൻ വിജയം പാകിസ്താനെ തേടിയെത്തുകയായിരുന്നു. ഇതോടെ 2023 ഏഷ്യാകപ്പിൽ മികച്ച തുടക്കമാണ് പാക്കിസ്ഥാന് ലഭിച്ചിട്ടുള്ളത്. മറുവശത്ത് ഏഷ്യാകപ്പിൽ ആദ്യമായി അണിനിരക്കുന്ന നേപ്പാളിനെ സംബന്ധിച്ച് കുറച്ചധികം പുരോഗമിക്കേണ്ടതുണ്ട്.

മുൾട്ടാനിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാനെ ഞെട്ടിച്ചു കൊണ്ടാണ് നേപ്പാൾ തങ്ങളുടെ ബോളിംഗ് ആരംഭിച്ചത്. പാക്കിസ്ഥാൻ ഓപ്പണർമാരെ ചെറിയ ഇടവേളയിൽ കൂടാരം കയറ്റാൻ നേപ്പാൾ ബോളർമാർക്ക് സാധിച്ചു. എന്നാൽ നായകൻ ബാബർ ആസം ക്രീസിൽ ഉറച്ചതോടെ പാകിസ്ഥാൻ മത്സരത്തിലേക്ക് തിരികെയെത്തി. മൂന്നാം വിക്കറ്റിൽ മുഹമ്മദ് റിസ്വാനൊപ്പം(44) ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് ആസം കെട്ടിപ്പടുത്തത്. ശേഷം ഇഫ്തിക്കാർ അഹമ്മദിനെ കൂട്ടുപിടിച്ച് അഞ്ചാം വിക്കറ്റിൽ 214 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും ആസമിന് സാധിച്ചു.

Read Also -  രോഹിത് എന്നെ നെറ്റ്സിൽ നേരിടാറില്ല, കോഹ്ലിയുടെ വിക്കറ്റെടുത്താൽ കോഹ്ലി പ്രകോപിതനാവും - മുഹമ്മദ്‌ ഷാമി.

മത്സരത്തിൽ 131 പന്തുകൾ നേരിട്ട് ബാബർ അസം 151 റൺസാണ് നേടിയത്. 14 ബൗണ്ടറികളും നാല് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇഫ്തികാർ 71 പന്തുകളിൽ നിന്ന് 109 റൺസ് നേടി പുറത്താവാതെ നിന്നു. 11 ബൗണ്ടറികളും നാല് സിക്സറുകളുമായിരുന്നു ഇഫ്ത്തിക്കാറിന്റെ സമ്പാദ്യം. അവസാന ഓവറുകളിൽ ഈ ബാറ്റർമാർ നിറഞ്ഞാടിയപ്പോൾ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 342 എന്ന നിലയിൽ എത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ നേപ്പാളിന്റെ രണ്ടു മുൻനിര ബാറ്റർമാരെ മടക്കാൻ ഷാഹിൻ അഫ്രീദിക്ക് സാധിച്ചു.

പിന്നീട് ആരിഫ് ഷെയ്ക്കും(26) സോമ്പാൽ കാമിയും(28) നേപ്പാളിനായി തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തു. എന്നാൽ ഹാരിസ് റോഫിന്റെ തീയുണ്ടകൾക്ക് മുൻപിൽ ഇരുവരും വിറച്ചു വീണു. ശേഷം എല്ലാം ചടങ്ങുകൾ മാത്രമായി അവസാനിക്കുകയായിരുന്നു. എല്ലാ ബോളർമാരും കൃത്യമായി മത്സരത്തിൽ ആധിപത്യം നേടിയെടുത്തപ്പോൾ പാക്കിസ്ഥാൻ അനായാസമായി വിജയം കണ്ടു. മത്സരത്തിൽ 238 റൺസിന്റെ വിജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യാകപ്പിൽ നാളെ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും.

Scroll to Top