കരുതിയിരുന്നോളൂ, ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ബാബർ ആസം.

2023 ഏഷ്യാകപ്പിന്റെ ആദ്യ മത്സരത്തിൽ നേപ്പാൾ ടീമിനെതിരെ ഒരു ഉജ്ജ്വല വിജയം തന്നെയാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. താരതമ്യേന ദുർബലരായ നേപ്പാളിനെതിരെ ആദ്യ സമയങ്ങളിൽ പാക്കിസ്ഥാൻ ഒന്ന് വിറച്ചെങ്കിലും പിന്നീട് വളരെ ശക്തമായ രീതിയിൽ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 342 റൺസ് നേടുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിന്റെ ഇന്നിംഗ്സ് കേവലം 104 റൺസിന് അവസാനിച്ചു. ഇതോടെ 238 റൺസിന്റെ കൂറ്റൻ വിജയമാണ് പാകിസ്ഥാനെ തേടിയെത്തിയത്. ഈ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ നായകൻ ബാബർ ആസാം.

സെപ്റ്റംബർ രണ്ടിനാണ് ഏഷ്യാകപ്പിലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുന്നത്. ഇതിനായി തങ്ങൾ പൂർണമായും സജ്ജരാണ് എന്നാണ് ബാബർ ആസാം പറയുന്നത്. “നേപ്പാളിനെതിരായ മത്സരം ഇന്ത്യക്കെതിരായ വലിയ മത്സരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പായാണ് ഞാൻ കാണുന്നത്. നേപ്പാളിനെതിരായ മത്സരം ഞങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസം നൽകുകയുണ്ടായി.

വരാനിരിക്കുന്ന എല്ലാ മത്സരത്തിലും 100% ആത്മാർത്ഥതയോടെ തന്നെ കളിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതുതന്നെയാണ് വേണ്ടത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിലും അതിന് കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്”- ബാബർ ആസം പറഞ്ഞു.

ഇതോടൊപ്പം നേപ്പാളിനെതിരായ മത്സരത്തിലെ ബാറ്റിംഗ് പ്രകടനത്തെ പറ്റിയും ആസം വാചാലനാവുകയുണ്ടായി. “മത്സരത്തിന്റെ ആദ്യ ഭാഗങ്ങളിൽ പന്ത് കൃത്യമായി ബാറ്റിലേക്ക് എത്തുന്നില്ലായിരുന്നു. അതുകൊണ്ട് മുഹമ്മദ് റിസ്വാനുമൊത്ത് ഒരു ഭേദപ്പെട്ട കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് ശ്രമിച്ചത്. മത്സരത്തിനിടെ ഒരുപാട് തവണ റിസ്വാൻ എനിക്ക് ആത്മവിശ്വാസം നൽകി. ചില സമയങ്ങളിൽ റിസ്വാന് ആത്മവിശ്വാസം നൽകാൻ എനിക്കും സാധിച്ചു.”- ബാബർ ആസാം കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ ബാബർ ആസാമിനൊപ്പം സെഞ്ച്വറി നേടിയ താരമായിരുന്നു ഇഫ്തിക്കാർ അഹമ്മദ്. പാകിസ്ഥാൻ വിജയത്തിൽ വലിയ പങ്കുതന്നെ ഇഫ്തിക്കാർ വഹിക്കുകയുണ്ടായി. ഇഫ്തിക്കാറിന്റെ ഇന്നിംഗ്സിനെ പറ്റിയും ബാബർ സംസാരിച്ചു.

“വളരെ നിർണായകമായ ഒരു ഇന്നിങ്സാണ് ഇഫ്തിക്കാർ അഹമ്മദ് കളിച്ചത്. തുടക്കത്തിൽ കുറച്ചു ബൗണ്ടറി നേടിയതോടുകൂടി ഇഫ്തിക്കാർ തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തി. ആ രീതിയിൽ കളിക്കാനാണ് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതും. ആദ്യ കുറച്ച് ഓവറുകളിൽ പ്രതീക്ഷിച്ച സ്കോറിങ് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് റൺസ് ഉയർത്താൻ ഞങ്ങൾക്ക് സാധിച്ചു. ബോളിംഗിൽ ഞങ്ങളുടെ പേസർമാരും സ്പിന്നർമാരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.”- ബാബർ ആസം പറഞ്ഞുവയ്ക്കുന്നു.