ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.ചില പ്രമുഖ താരങ്ങളുടെ അഭാവത്തിൽ യുവ താരങ്ങൾക്കും പുതുമുഖ താരങ്ങൾക്കും അവസരം നൽകിയാണ് ടീമിനെ സെലക്ട് ചെയ്തത്.പൊതുവെ ക്രിക്കറ്റ് ലോകം ധവാന്റെ ക്യാപ്റ്റൻസിയിലുള്ള ഇന്ത്യൻ സ്‌ക്വാഡിനെ സ്വാഗതം ചെയ്തെങ്കിലും ഇപ്പോൾ ചില താരങ്ങളെ ഒഴിവാക്കിയ തീരുമാനം വിവാദമായി മാറി കഴിഞ്ഞു. പടിക്കൽ,ചേതൻ സക്കറിയ അടക്കമുള്ള പുതുമുഖ താരങ്ങൾക്ക് അവസരം നൽകുവാനുള്ള തീരുമാനത്തെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
എന്നാൽ ഇപ്പോൾ ടീം സെലക്ഷനിലെ ചില പാളിച്ചകൾ ചൂണ്ടികാണിക്കുന്ന മുൻ ഇന്ത്യൻ താരവും പ്രമുഖ നിരീക്ഷകനും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച.ഇന്ത്യൻ ടീമിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത പ്രമുഖ താരമായ കൃഷ്‌ണപ്പ ഗൗതം ലങ്കക്ക് എതിരായ സ്‌ക്വാഡിൽ എങ്ങനെ ഇടം നേടിയെന്നാണ് ആകാശ് ചോപ്രയുടെ ചോദ്യം.ഇംഗ്ലണ്ടിന് എതിരായ അവസാന പരമ്പരയിലും താരം ഇല്ലല്ലോ എന്നും ചോപ്ര വിമർശനം ഉന്നയിക്കുന്നു.
ഇതവണത്തെ ഐപിഎല്ലിൽ ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെ അംഗമായ ഗൗതം ഒരു മത്സരം പോലും ഈ സീസണിൽ കളിച്ചിരുന്നില്ല. “എന്റെ അഭിപ്രായത്തിൽ ഗൗതം ഇന്ത്യൻ ടീമിലേക്ക് എത്തിയത് വിചിത്രമായ ഒരു നടപടിയാണ്. അദ്ദേഹം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ഭേദപെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എങ്കിലും അത്രത്തോളം മികച്ച ബാറ്റിങ് അല്ലേൽ ബൗളിംഗ് അദ്ദേഹം പുറത്തെടുത്തിട്ടില്ല. ഈ സീസൺ ഐപിഎല്ലിൽ ഒരൊറ്റ കളി പോലും കളിച്ചിട്ടില്ലാത്ത താരം സെലക്ഷന് മുൻപായി യാതൊരു സാധ്യത പോലും കൽപ്പിക്കപ്പെടാതിരുന്ന താരമാണ് ” ആകാശ് ചോപ്ര വിമർശനം കടുപ്പിച്ചു.