അവൻ ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധമായി മാറും. ഇന്ത്യൻ ഓൾറൗണ്ടറെപ്പറ്റി വസിം ജാഫർ.

ഏകദിന ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യങ്ങളിൽ വലിയ പരീക്ഷണങ്ങളിലൂടെയാണ് ഇന്ത്യൻ ടീം കടന്നുപോകുന്നത്. വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടു മത്സരങ്ങളിലും ബാറ്റിംഗ് ഓർഡറിലടക്കം മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പുതിയ യുവ താരങ്ങളെ ലോകകപ്പിനായി സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരീക്ഷണങ്ങൾ ഇന്ത്യ ആവർത്തിക്കുന്നത്. എന്നിരുന്നാലും രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിംഗ് തകർച്ച ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്.

എന്നാൽ ഇനിയും ഇന്ത്യ ഇത്തരത്തിൽ പരീക്ഷണങ്ങൾ തുടരേണ്ടതുണ്ട് എന്നാണ് ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്. ഇന്ത്യ തങ്ങളുടെ ടീമിൽ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് ഇനിയും അവസരങ്ങൾ നൽകണമെന്നും ലോകകപ്പിനായി സജ്ജനാക്കണമെന്നുമാണ് ജാഫറിന്റെ അഭിപ്രായം.

രണ്ടാം ഏകദിനത്തിന് മുൻപാണ് ജാഫർ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം ഏകദിനത്തിനുള്ള ടീമിൽ ഇന്ത്യ അക്ഷറിനെ ഉൾപ്പെടുത്തണം എന്നായിരുന്നു ജാഫർ പറഞ്ഞത്. “വിൻഡീസിൽ പന്തുകൾ തിരിയുന്നത് നമ്മൾ കാണുകയുണ്ടായി. അതിനാൽ തന്നെ വരും മത്സരങ്ങളിൽ അക്ഷർ പട്ടേലിനെ ഇന്ത്യ കളിപ്പിക്കേണ്ടതുണ്ട്. ഒരു സ്പിന്നറുടെ റോൾ ഭംഗിയായി ചെയ്യാൻ അക്ഷറിന് സാധിക്കും. മാത്രമല്ല അക്ഷറിനെ ടീമിൽ എത്തിക്കുന്നതിലൂടെ ഒരു നിലവാരമുള്ള ബാറ്ററെ കൂടിയാണ് ടീമിൽ ലഭിക്കുന്നത്.”- ജാഫർ പറഞ്ഞു.

ഒപ്പം ഏകദിന ലോകകപ്പിൽ അക്ഷർ വലിയൊരു പങ്കുവഹിക്കുമെന്നും ജാഫർ പറയുകയുണ്ടായി. “ഇപ്പോൾ നമ്മൾ അക്ഷറിനെ കളിപ്പിക്കുകയാണെങ്കിൽ അത് ഗുണകരമായി മാറിയേക്കും. ഒരുപക്ഷേ ഇവിടെ നമുക്ക് അക്ഷറിനെ ആവശ്യമില്ലായിരിക്കും. എന്നിരുന്നാലും ലോകകപ്പിൽ ഇന്ത്യയ്ക്കായി വലിയൊരു റോൾ നിർവഹിക്കാൻ അക്ഷർ പട്ടേലിന് സാധിക്കും. വരാനിരിക്കുന്ന കാലത്ത് ഏകദിന ക്രിക്കറ്റിലും അക്ഷർ ഒരു നിറസാന്നിധ്യമായി മാറും. അതുകൊണ്ടുതന്നെ മറ്റൊരു ഫാസ്റ്റ് ബോളർക്കു പകരം അക്ഷറിനെ ഇന്ത്യ ഇനിയുള്ള മത്സരങ്ങളിൽ ടീമിൽ പ്രതിഷ്ഠിക്കണം.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.

വിൻഡിസിനെതിരായ രണ്ടാം മത്സരത്തിൽ അത്ര മികച്ച പ്രകടനമല്ല അക്ഷർ കാഴ്ചവച്ചത്. മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ അക്ഷർ പട്ടേൽ 8 പന്തുകൾ നേരിട്ട് ഒരു റൺ മാത്രമാണ് നേടിയത്. മത്സരത്തിൽ ഒരുപാട് ഓവറുകൾ ബോൾ ചെയ്യാനും അക്ഷറിന് സാധിച്ചില്ല. കേവലം രണ്ടോവറുകളിൽ 4 റൺസ് മാത്രമേ അക്ഷർ വിട്ടുനൽകിയുള്ളു. എന്നിരുന്നാലും മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയുണ്ടായി. 6 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ മത്സരത്തിലെ അപ്രതീക്ഷിതമായ പരാജയം.

Previous articleരണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് അടിതെറ്റി. 6 വിക്കറ്റ് പരാജയം.
Next articleഉമ്രാന്റെ പ്രശ്നം ആത്മവിശ്വാസമില്ലായ്മ അല്ല, മറ്റു ചില കാര്യങ്ങൾ ബാധിക്കുന്നു. ഇന്ത്യൻ താരം പറയുന്നു.