ഉമ്രാന്റെ പ്രശ്നം ആത്മവിശ്വാസമില്ലായ്മ അല്ല, മറ്റു ചില കാര്യങ്ങൾ ബാധിക്കുന്നു. ഇന്ത്യൻ താരം പറയുന്നു.

umran malik

വെസ്റ്റിൻഡിസിനെതിരായ ആദ്യ മത്സരത്തിൽ വിജയത്തോടെ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ ദയനീയമായ പരാജയമാണ് ഇന്ത്യ നേരിട്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ ബോളർമാർ പ്രധാന പങ്കു വഹിച്ചപ്പോൾ രണ്ടാം മത്സരത്തിൽ അത് സാധ്യമായില്ല. ഇരു മത്സരങ്ങളിലും ഇന്ത്യ ഒരുപാട് യുവതാരങ്ങൾക്ക് അവസരം നൽകുകയുണ്ടായി.

ഇതിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു പേസർ ഉമ്രാൻ മാലിക്. 2023ൽ ഇതുവരെ മികച്ച പ്രകടനങ്ങളല്ല ഉമ്രാൻ കാഴ്ചവച്ചിരുന്നത്. എന്നിരുന്നാലും ഇന്ത്യ ലോകകപ്പിന് മുൻപുള്ള പരീക്ഷണം എന്ന നിലയിൽ ഉമ്രാനെ ടീമിൽ ഉൾപ്പെടുത്തി. പക്ഷേ ഇരു മത്സരങ്ങളിലും ഉമ്രാൻ മാലിക് പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്. ഇതുവരെ പരമ്പരയിൽ ഒരു വിക്കറ്റ് പോലും നേടാൻ മാലിക്കിന് സാധിച്ചില്ല. ഈ സമയത്ത് ഉമ്രാൻ മാലിക്കിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം ആർ പി സിങ്‌.

ഒരു കാരണവശാലും ഉമ്രാൻ മാലിക്കിന് ആത്മവിശ്വാസക്കുറവില്ല എന്നാണ് ആർ പി സിംഗ് പറയുന്നത്. കൃത്യമായി താളം കണ്ടെത്താൻ സാധിക്കാത്തതാണ് ഉമ്രാൻ മാലിക്കിന്റെ പ്രശ്നം എന്ന് ആർപി സിങ്‌ പറയുകയുണ്ടായി. “ആത്മവിശ്വാസമാണ് അയാളുടെ പ്രശ്നം എന്നെനിക്ക് തോന്നുന്നില്ല. എന്നാൽ ആദ്യ ഏകദിനത്തിൽ അയാൾ പന്ത് എറിയുന്നതിനിടെ ഞാൻ കുറച്ചധികം കാര്യങ്ങൾ ശ്രദ്ധിക്കുകയുണ്ടായി.

ഉമ്രാൻ ഒരുപാട് ക്രോസ് സീം ബോളുകൾ എറിയുന്നുണ്ട്. അത് അയാൾ ഒഴിവാക്കണം. ആദ്യ മത്സരത്തിൽ നല്ല പേസിലാണ് ഉമ്രാൻ പന്ത് എറിഞ്ഞിരുന്നെങ്കിലും, കേവലം മൂന്ന് ഓവറുകൾ മാത്രമേ അയാൾക്ക് എറിയാൻ സാധിച്ചുള്ളൂ. അത് വളരെ കുറവായിട്ടാണ് എനിക്ക് തോന്നുന്നത്. വരുന്ന മത്സരത്തിലെങ്കിലും അയാൾക്ക് കൂടുതൽ ഓവറുകൾ ഇന്ത്യ നൽകണം.”- ആർപി സിംഗ് പറഞ്ഞു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

“ഉമ്രാന്റെ ബോളിങ്ങിൽ വലിയ പ്രശ്നങ്ങളുണ്ട് എന്ന് ഞാൻ കരുതുന്നില്ല. അയാൾക്ക് മത്സരങ്ങളിൽ പന്ത് മൂവ് ചെയ്യിക്കാൻ സാധിക്കുന്നുണ്ട്. ഇപ്പോഴും കാര്യങ്ങളൊക്കെയും അയാളുടെ പക്ഷത്തു തന്നെയാണ്. ഇപ്പോൾ ഇന്ത്യ ചെയ്യേണ്ടത് അയാളെ കൂടുതൽ മത്സരങ്ങളിൽ കളിപ്പിക്കുക എന്നതാണ്. അങ്ങനെ കളിപ്പിക്കുന്നതിലൂടെ മത്സരത്തിൽ രണ്ടോ മൂന്നോ വിക്കറ്റുകൾ സ്വന്തമാക്കാൻ ഉമ്രാന് സാധിച്ചേക്കും. അങ്ങനെയുള്ള സാഹചര്യം വരികയാണെങ്കിൽ പുറത്തുനിന്നുള്ള പ്രചോദനങ്ങൾ ഉമ്രാന് ആവശ്യമില്ല.”- സിംഗ് കൂട്ടിച്ചേർക്കുന്നു.

“അയാൾ കൂടുതലായി ക്രോസ് സീം പന്തുകളെ ആശ്രയിക്കുന്നുണ്ട്. എനിക്ക് തോന്നുന്നു അതിലും നല്ലത് സീമിൽ മാത്രം ശ്രദ്ധിക്കുന്നതാണെന്ന്. എന്തായാലും ഇപ്പോൾ ഉമ്രാന്റെ ഭാഗത്ത് വലിയ പ്രശ്നങ്ങൾ ഞാൻ കാണുന്നില്ല. ഒരു മത്സരത്തിൽ കൃത്യതയോടെ 7-8 ഓവറുകൾ എറിയാൻ ഉമ്രാൻ മാലിക്കിന് സാധിച്ചാൽ അയാൾക്ക് തന്റെ ശരീരത്തിന്റെ പ്രതിഫലനങ്ങളും താളവുമൊക്കെ തിരിച്ചറിയാൻ സാധിക്കും.”- ആർ പി സിംഗ് പറഞ്ഞുവെക്കുന്നു.

Scroll to Top