ഐപിൽ പതിനഞ്ചാം സീസണിൽ ഫൈനലിലേക്ക് യോഗ്യത നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റൻസ്. ഇന്നലെ നടന്ന ഒന്നാം ക്വാളിഫൈറിൽ രാജസ്ഥാൻ റോയൽസ് ടീമിനെയാണ് ഹാർദിക്ക് പാണ്ട്യയും സംഘവും തോൽപ്പിച്ചത്. ടേബിൾ ടോപ്പേഴ്സ് ആയി ആദ്യത്തെ ഐപിൽ സീസണിൽ തന്നെ പ്ലേഓഫിലേക്ക് എത്തിയ ഗുജറാത്തിന് ഈ ഫൈനൽ മറ്റൊരു ഐതിഹാസിക നേട്ടമാണ്.
ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യയും കയ്യടികൾ നേടുകയാണ്. ഇന്ത്യൻ ടീമിൽ അടക്കം അവസരം നഷ്ടമായ ഹാർദിക്ക് പാണ്ട്യക്ക് ഇത് ശക്തമായ തിരിച്ചുവരവ് കൂടിയാണ്.
ഇന്നലെ മത്സരശേഷം ടീമിന്റെ ഈ ഐപിൽ സീസണിലെ കുതിപ്പിനെ കുറിച്ച് വളരെ അധികം വാചാലനായി സംസാരിച്ച ഹാർദിക്ക് പാണ്ട്യ രാജസ്ഥാൻ റോയൽസ് എതിരായ ഒന്നാം ക്വാളിഫൈറിൽ ഫിനിഷിങ് രീതിയിൽ താൻ വളരെ അധികം ഹാപ്പിയാണെന്ന് വിശദമാക്കി.കളിയിൽ വെടിക്കെട്ട് ഫിഫ്റ്റി അടക്കം നേടിയ ഡേവിഡ് മില്ലറെ കുറിച്ച് സംസാരിച്ചു.
“ഒരുപാട് ആളുകൾ ഡേവിഡ് മില്ലര്‍ അവസാനിച്ചു എന്ന് കരുതി, പക്ഷേ ഞങ്ങൾ അവനെ ലേലത്തിൽ വാങ്ങിയ സമയം മുതൽ അദ്ദേഹം എല്ലായ്പ്പോഴും ഒരു മാച്ച് വിന്നർ ആയിരുന്നു. ഇന്ന് അവൻ ചെയ്തത് ഞങ്ങൾ അവനിൽ നിന്ന് എപ്പോഴും പ്രതീക്ഷിച്ചതാണ്. അദ്ദേഹത്തിന് പ്രാധാന്യം നൽകേണ്ടത് പ്രധാനമാണ്. ആ സ്നേഹം അദ്ദേഹത്തിന് നൽകുകയും അവനിൽ നിന്ന് ഞങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തത നൽകുകയും ചെയ്യുക. അവൻ പരാജയപ്പെട്ടാൽ കുഴപ്പമില്ല, അത് ഒരു കളി മാത്രമാണ്,” പാണ്ഡ്യ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.