ക്രിക്കറ്റിലെ എക്കാലത്തെയും വമ്പൻ ശക്തികളിൽ ഒന്നാണ് ഇന്ത്യ. പക്ഷേ 2013ന് ശേഷം ഒരു ഐസിസി കിരീടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. പല ടൂർണമെന്റ്കളിലും സെമിഫൈനുകളിലും ഫൈനലുകളിലും ഇന്ത്യ പരാജയപ്പെടുന്നതാണ് കാണാൻ സാധിക്കുന്നത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ഇതിനുശേഷം ഫൈനലിലെ പരാജയത്തെ സംബന്ധിച്ച് ഒരുപാട് നിരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ത്യൻ ടീമിന്റെ ചില രീതികളാണ് ടീമിനെ ഫൈനലുകളിൽ പരാജയപ്പെടുത്തുന്നത് എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നത്.
എത്ര മത്സരങ്ങളിൽ പരാജയമറിഞ്ഞാലും ഇന്ത്യൻ ടീം തങ്ങളുടെ നായകനെ മാറ്റാറില്ല എന്നും, സൂപ്പർതാരങ്ങൾക്ക് എപ്പോഴും ടീമിൽ അവസരങ്ങൾ നൽകാറുണ്ടെന്നും ഗവാസ്കർ പറയുന്നു. ഇത് ടീമിനെ ബാധിക്കുന്നു എന്നാണ് ഗവാസ്കർ ചൂണ്ടിക്കാട്ടുന്നത്. ധോണിയുടെ കീഴിൽ ഇന്ത്യ തുടർച്ചയായി പരാജയപ്പെട്ടപ്പോഴും ധോണിയെ നായസ്ഥാനത്ത് നിന്ന് മാറ്റാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ഗവാസ്കർ സംസാരിച്ചത്.
“ഇന്ത്യൻ ടീം എത്ര മത്സരങ്ങളിൽ തോറ്റാലും നായകൻമാർക്ക് യാതൊരു പ്രശ്നവുമില്ല. അവർക്ക് ടീമിൽ അവരുടെ സ്ഥാനം ലഭിച്ചുകൊണ്ടിരിക്കും. ഇത് കുറച്ചധികം കാലമായി ഇന്ത്യയുടെ പതിവാണ്. 2011 ന് ശേഷമാണ് ഇന്ത്യൻ ടീമിൽ ഇത്തരമൊരു രീതി കാണാൻ തുടങ്ങിയത്. മുൻപ് ഇംഗ്ലണ്ടിനോടും ഓസ്ട്രേലിയയോടും ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ 4-0ന് പരാജയമറിഞ്ഞിരുന്നു. ആ സമയത്ത് പോലും ഇന്ത്യ തങ്ങളുടെ ക്യാപ്റ്റനെ മാറ്റാൻ തയ്യാറായില്ല.”- ഗവാസ്കർ പറയുന്നു. പരോക്ഷമായി ധോണിയെ വിമർശിച്ചുകൊണ്ടാണ് ഗവാസ്കർ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.
2011-12 സമയത്തായിരുന്നു ധോണിക്ക് കീഴിൽ ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ ഈ പരാജയങ്ങൾ ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിനോടും ഓസ്ട്രേലിയയോടും പരാജയമറിഞ്ഞെങ്കിലും ധോണി നായകസ്ഥാനം രാജിവെച്ചില്ല. പിന്നീട് 2014ലായിരുന്നു ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ശേഷം വിരാട് കോഹ്ലി ഇന്ത്യൻ നായകനായി ചുമതലയേൽക്കുകയും ചെയ്തു. പിന്നീട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ട് ബോർഡർ- ഗവാസ്കർ ട്രോഫികൾ ഓസ്ട്രേലിയയിൽ സ്വന്തമാക്കുകയും ചെയ്തിരുന്നു. മാത്രമല്ല കോഹ്ലിക്ക് കീഴിൽ ഇംഗ്ലണ്ടിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
2021ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയെ കോഹ്ലി എത്തിച്ചിരുന്നു. എന്നാൽ അന്ന് ന്യൂസിലാൻഡിനോട് ഇന്ത്യ പരാജയപ്പെടുകയാണ് ഉണ്ടായത്. പിന്നീട് രണ്ടാമത്തെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിൽ തന്നെയായിരുന്നു ഇന്ത്യ തുടങ്ങിയത്. എന്നാൽ ഈ സർക്കിളിന് മധ്യേ രോഹിത് ശർമയ്ക്ക് നായക സ്ഥാനം കോഹ്ലി നൽകുകയായിരുന്നു. പക്ഷേ ഇന്ത്യയെ സംബന്ധിച്ച് മാറ്റങ്ങൾ ഒന്നും തന്നെ പിന്നീടുണ്ടായില്ല. ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയൊട് വളരെ ദയനീയമായി തന്നെ പരാജയപ്പെട്ടു.