അവൻ ലോകകപ്പ് ടീമിൽ വേണം, അങ്ങനെയെങ്കിൽ ഇന്ത്യ കപ്പടിക്കും – ദ്രാവിഡിന് ഗാഗുലിയുടെ നിർദ്ദേശം.

2023 ഏകദിന ലോകകപ്പ് ഇന്ത്യയിൽ ആരംഭിക്കാൻ കേവലം രണ്ടു മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വമ്പൻ ടൂർണമെന്റിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളും തങ്ങളുടെ അവസാന സ്ക്വാഡിനെ കണ്ടെത്താനുള്ള തന്ത്രപ്പാടിലാണ്. ആതിഥേയരായ ഇന്ത്യയെ സംബന്ധിച്ച് തങ്ങളുടെ ടീം സെലക്ഷൻ തലവേദനയായി നിൽക്കുന്നു. രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭമാൻ ഗിൽ, ജഡേജ തുടങ്ങിയവരൊക്കെയും ഇന്ത്യയുടെ സ്ക്വാഡിൽ ഇടംപിടിക്കും എന്ന കാര്യം ഉറപ്പാണ്. പക്ഷേ മറ്റുള്ള താരങ്ങളുടെ കൃത്യമായ ഒരു കോമ്പിനേഷൻ കണ്ടെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്.

വളരെക്കാലമായി ഐസിസി ഇവന്റുകളിൽ കിരീടം ചൂടാൻ സാധിക്കാത്ത ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ് ഈ ലോകകപ്പ്. ലോകകപ്പിൽ രോഹിത് ശർമയും ശുഭമാൻ ഗില്ലും തന്നെ ഇന്ത്യയ്ക്കായി ഓപ്പണിങ് ഇറങ്ങും എന്ന് സൂചനകൾ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു. എന്നാൽ ജയസ്വാളിനെ കൂടി ഇന്ത്യ ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിക്കേണ്ടതുണ്ട് എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെയായിരുന്നു ജയസ്വാൾ ശ്രദ്ധ നേടാൻ തുടങ്ങിയത്. ശേഷം വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ പര്യടനത്തിലേക്കും ജയസ്വാളിന് അവസരം ലഭിച്ചിട്ടുണ്ട്. ടെസ്റ്റ് സ്ക്വാഡിൽ എത്തിയയുടൻ തന്നെ ഇന്ത്യ ജയസ്വാളിനെ മൈതാനത്ത് ഇറക്കുകയുണ്ടായി. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇനിങ്‌സിൽ 171 റൺസാണ് ഈ യുവതാരം നേടിയത്. ഇതോടെ ഒരുപാട് റെക്കോർഡുകളും ജയസ്വാൾ മറികടക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് രാഹുൽ ദ്രാവിഡിനോടും രോഹിത് ശർമയോടും ഗാംഗുലി ഈ ഉപദേശം നൽകുന്നത്. ജയസ്വാൾ തീർച്ചയായും ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കണം എന്ന് തന്നെയാണ് ഗാംഗുലി പറയുന്നത്.

“തന്റെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുക എന്നത് എല്ലായിപ്പോഴും അവിസ്മരണീയമാണ്. എനിക്കും അങ്ങനെ സെഞ്ചുറി സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അത് എത്രമാത്രം സ്പെഷ്യലാണ് എന്ന് എനിക്ക് ബോധ്യമുണ്ട്. മാത്രമല്ല ബാറ്റിംഗ് സാങ്കേതികത എടുത്തു പരിശോധിച്ചാലും ജയസ്വാൾ വളരെ മികച്ച കളിക്കാരനാണ്. ഇതിനോടൊപ്പം അദ്ദേഹം ഒരു ഇടംകയ്യൻ ബാറ്ററുമാണ്. ഒരു ഇടംകയ്യൻ ബാറ്ററുടെ സാന്നിധ്യം ടീമിനെ എപ്പോഴും സഹായിക്കും. അതിനാൽ തന്നെ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഉറപ്പായും ജയസ്വാൾ വേണം.”- ഗാംഗുലി പറയുന്നു.

എന്നിരുന്നാലും ഇന്ത്യ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ജയസ്വാളിനെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിനുള്ള സ്ക്വാഡിലും ജയസ്വാൾ അംഗമാണ്. ലോകകപ്പ് സ്ക്വാഡിൽ പരിഗണിക്കാത്ത കളിക്കാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ ജയസ്വാൾ ഏകദിന ലോകകപ്പിൽ കളിക്കാനുള്ള സാധ്യത എത്രമാത്രമുണ്ട് എന്ന് പരിശോധിക്കേണ്ടതാണ്.