ഓസീസ് കാണികളുടെ വംശീയ അധിക്ഷേപം എന്നെ കൂടുതൽ കരുത്തനാക്കി : ആദ്യ പ്രതികരണവുമായി മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയൻ പരമ്പരക്കിടെ  ഏറെ വേദനയോടെ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തിൽ  ആദ്യമായി പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ്  താരം മുഹമ്മദ് സിറജ്. ഓസീസ് കാണികളുടെ  ഭാഗത്ത്‌ നിന്നുണ്ടായ അധിക്ഷേപം തന്നെ കൂടുതൽ കരുത്തനാക്കിയെന്ന് സിറാജ് പറഞ്ഞു.  ഓസീസ് പര്യടനത്തിന് ശേഷം നാട്ടിലേക്ക്  മടങ്ങിയെത്തിയ സിറാജ്  മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം  നടത്തിയത് .

സിറാജ് പറയുന്നത് ഇങ്ങനെ “ഓസ്‌ട്രേലിയൻ കാണികൾ എന്നെ അധിക്ഷേപിക്കാൻ തുടങ്ങി. എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം  മാനസികമായി കൂടുതൽ കരുത്ത് നൽകുകയാണ് ചെയ്തത്. എന്നാൽ ഇത്തരം കാര്യങ്ങൾ ഒന്നുംതന്നെ എന്റെ  ബൗളിംഗ് പ്രകടനത്തെ ഒരുതരത്തിലും  ബാധിക്കാതിരിക്കാനായിരുന്നു ഞാൻ  ശ്രദ്ധിച്ചത്. സംഭവം അറിഞ്ഞ  ഉടനടി ക്യാപ്റ്റൻ രഹാനയെ  അറിയിക്കുക  എന്നതായിരുന്നു എന്റെ ചുമതല. ഞാൻ അത് ഭംഗിയായി  ചെയ്യുകയും ചെയ്തു” സിറാജ് പറഞ്ഞു.

എന്നാൽ കാണികളുടെ ഭാഗത്ത്‌ നിന്ന് ഇപ്രകാരം സംഭവം ഉണ്ടായതിന് പിന്നാലെ അമ്പയർമാർ മൈതാനത്ത്  നിന്നും മാറിനിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അജിങ്ക്യ രാഹനെ ഇതിന് തയ്യാറായില്ല. തങ്ങൾ മൈതാനം വിടാൻ ഒരുക്കമല്ലെന്നും കളിയെ ഏറെ  ബഹുമാനിക്കുന്നു എന്നും നായകൻ  രഹാനെ അമ്പയർമാരോട് പറഞ്ഞതായി സിറാജ് വ്യക്തമാക്കി.

നേരത്തെ ഓസീസ് എതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് സിറാജ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത് .മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടയിൽ ബൗണ്ടറി ലൈനിൽ  ഫീൽഡ് ചെയ്യുകയായിരുന്ന സിറാജ്  നേരെ കാണികളിൽ ചിലർ അധിക്ഷേപപരമായ പരാമർശങ്ങൾ നടത്തുകയും താരത്തെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു .ഇന്ത്യൻ ടീം മാനേജ്‌മന്റ് പരാതി അറിയിച്ചതിനെ തുടർന്ന് ഐസിസി  സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.പക്ഷേ നാലാം ടെസ്റ്റിലും കാണികളുടെ ഭാഗത്ത്‌ നിന്ന് ഇന്ത്യൻ പേസർക്ക് എതിരെ അധിക്ഷേപം തുടർന്നിരുന്നു .

അതേസമയം ഓസ്‌ട്രേലിയൻ പര്യടനത്തിൽ മിന്നും പ്രകടനമാണ് സിറാജ് കാഴ്ചവെച്ചത് .ടെസ്റ്റ് പരമ്പരയിൽ  ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരം സിറാജായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നും 13 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ബ്രിസ്‌ബെയ്ൻ ടെസ്റ്റിലെ ഒരു ഇന്നിംഗ്‌സിൽ സിറാജ് 5 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. താരത്തിന്റെ കന്നി 5 വിക്കറ്റ് പ്രകടനമാണിത് . പരമ്പരയിൽ പാറ്റ് കമ്മിൻസും (21) ജോഷ് ഹേസൽവുഡുമാണ്(17) ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയത്. മൂന്നാമതാണ് സിറാജിന്റെ സ്ഥാനം.