2023 ഏകദിന ലോകകപ്പിൽ ഏറ്റവുമധികം വിവാദമായ മത്സരമായിരുന്നു ശ്രീലങ്കയും ബംഗ്ലാദേശും തമ്മിൽ നടന്നത്. മത്സരത്തിൽ എയ്ഞ്ചലോ മാത്യൂസ് പുറത്തായ രീതിയാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്. മത്സരത്തിൽ ടൈംഡ് ഔട്ടായിയാണ് മാത്യൂസ് പുറത്തായത്. ഇതാദ്യമായാണ് ഏകദിന ക്രിക്കറ്റിൽ ഒരു താരം ടൈംഡ് ഔട്ടായി പുറത്താവുന്നത്. മത്സരത്തിൽ ശ്രീലങ്കൻ താരം സമരവിക്രമ പുറത്തായ ശേഷമായിരുന്നു മാത്യൂസ് ക്രീസിലെത്തിയത്.
എന്നാൽ ക്രീസിൽ എത്തിയ ശേഷം മാത്യൂസിന്റെ ഹെൽമറ്റിന് പ്രശ്നങ്ങൾ ഉണ്ടാവുകയും, മറ്റൊരു ഹെൽമറ്റ് ആവശ്യപ്പെടുകയും ചെയ്തു. ഇതിനോടകം നിശ്ചിത 2 മിനിറ്റ് കഴിഞ്ഞതിനാൽ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ ടൈംഡ് ഔട്ടിന് അമ്പയറോട് അപ്പീൽ ചെയ്തു. അമ്പയർ ഇത് കണക്കിലെടുത്ത് ഔട്ട് വിധിക്കുകയായിരുന്നു.
ഈ സംഭവത്തിന് ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ബംഗ്ലാദേശ് ടീമിനും ഷാക്കിബിനുമെതിരെ ഉയർന്നിട്ടുള്ളത്. ബംഗ്ലാദേശ് ടീം മാന്യന്മാരുടെ മത്സരത്തെ മോശമാക്കാൻ ശ്രമിക്കുകയാണ് എന്ന് ആരാധകരടക്കം പറയുകയുണ്ടായി. ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എയ്ഞ്ചലോ മാത്യൂസിന്റെ സഹോദരൻ ട്രെവിൻ മാത്യൂസ്. ബംഗ്ലാദേശിന്റെ പ്രവർത്തി വളരെ അപലപനീയമാണെന്നും ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും ട്രെവിൻ പറഞ്ഞു. മാത്രമല്ല ഷാക്കിബ് ഇനി ഒരിക്കൽ ശ്രീലങ്കയിലേക്ക് വരികയാണെങ്കിൽ ശ്രീലങ്കൻ ആരാധകർ അയാൾക്കെതിരെ കല്ലെറിയാൻ പോലും സാധ്യതയുണ്ട് എന്നും ട്രെവിൻ ഓർമിപ്പിക്കുന്നു.
“ഈ സംഭവത്തിൽ ഞങ്ങൾ വളരെ നിരാശരാണ്. ബംഗ്ലാദേശ് നായകന് സ്പോർട്സ്മാൻ സ്പിരിറ്റ് അറിയില്ല. മാന്യന്മാരുടെ കളിയിൽ മനുഷ്യത്വം കാണിക്കാൻ പോലും ബംഗ്ലാദേശ് നായകന് സാധിച്ചില്ല. ശ്രീലങ്കയിലേക്ക് ഞങ്ങൾ ഒരിക്കലും ഷാക്കിബിനെ സ്വാഗതം ചെയ്യുന്നില്ല. അയാൾ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിക്കാനോ, ലങ്കൻ പ്രീമിയർ ലീഗ് മത്സരം കളിക്കാനോ ശ്രീലങ്കയിലേക്ക് വരികയാണെങ്കിൽ ഞങ്ങളുടെ ജനങ്ങൾ കല്ലെറിഞ്ഞാവും സ്വീകരിക്കുക. കോപം പൂണ്ട ഒരുപാട് ശ്രീലങ്കൻ ആരാധകരെ ഷാക്കിബ് നേരിടേണ്ടിയും വരും.”- ട്രെവിൻ മാത്യൂസ് പറഞ്ഞു.
മത്സരത്തിൽ ഷാക്കിബ് എടുത്ത ഈ തീരുമാനത്തിനെതിരെ മുൻ ക്രിക്കറ്റ് താരങ്ങൾ പോലും രംഗത്ത് വന്നിരുന്നു. മാത്യു ഹെയ്ഡൻ അടക്കമുള്ള താരങ്ങൾ ഷാക്കിബിനെതിരെ രംഗത്ത് എത്തി. മാത്രമല്ല ബംഗ്ലാദേശ് ബോളിംഗ് കോച്ചായ അലൻ ഡൊണാൾഡ് പോലും ഇക്കാര്യത്തിൽ ഷാക്കിബിനെ അനുകൂലിച്ചിരുന്നില്ല. ആ സമയത്ത് മൈതാനത്തെത്തി ഇതിനെതിരെ സംസാരിക്കാനാണ് തനിക്ക് തോന്നിയത് എന്ന് ബംഗ്ലാദേശ് ബോളിംഗ് കോച്ച് അലൻ ഡോണാൾഡ് മത്സരശേഷം പറഞ്ഞിരുന്നു. എന്തായാലും ഇപ്പോഴും ഈ വിവാദം ആളിക്കത്തി കൊണ്ടിരിക്കുകയാണ്.