മാക്സ്വെൽ ആറാടാൻ കാരണം അഫ്ഗാന്റെ മണ്ടൻ ബോളിംഗ്. അക്കാര്യം ചെയ്താൽ വിജയിക്കാമായിരുന്നു എന്ന് അക്രം.

glen maxwell cwc 2023

ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു വമ്പൻ അട്ടിമറിക്ക് തൊട്ടുമുൻപിൽ നിന്നാണ് അഫ്ഗാനിസ്ഥാൻ പരാജയത്തിലേക്ക് നീങ്ങിയത്. മത്സരത്തിൽ ഓസ്ട്രേലിയ 91ന് 7 എന്ന നിലയിൽ പൂർണമായും തകരുകയുണ്ടായി. ശേഷം മാക്സ്വെൽ ഒരു ഒറ്റയാൾ പോരാളിയെ പോലെ ഓസ്ട്രേലിയക്കായി അടിച്ചു തകർത്തതോടെ അഫ്ഗാനിസ്ഥാന്റെ മോഹങ്ങൾ ഇല്ലാതാവുകയായിരുന്നു.

മാത്രമല്ല അഫ്ഗാനിസ്ഥാൻ ഫീൽഡിൽ വരുത്തിയ പിഴവുകളും മത്സരത്തിലെ വമ്പൻ പരാജയത്തിന് കാരണമായി മാറി. അതേസമയം മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ ബോളർമാർക്ക് പറ്റിയ വലിയ അബദ്ധം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ നായകൻ വസീം അക്രം.

പരിക്കേറ്റ് ഓടാൻ പോലും സാധിക്കാതെ നിന്ന് മാക്സ്വെല്ലിനെതിരെ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തറിയാതിരുന്നത് അഫ്ഗാനിസ്ഥാൻ ബോളർമാർ കാട്ടിയ വലിയ മണ്ടത്തരമാണ് എന്ന് വസീം അക്രം പറയുകയുണ്ടായി. “നേരെ നിൽക്കാൻ പോലുമാവാതെ ക്രീസിൽ നിന്നിരുന്ന മാക്സ്വെല്ലിനെതിരെ എന്തുകൊണ്ടാണ് അഫ്ഗാനിസ്ഥാൻ ബോളർമാർ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തറിയാതിരുന്നത് എന്നത് വലിയൊരു ചോദ്യമാണ്.

അത് എനിക്ക് മനസ്സിലാവുന്നില്ല. നിലവിലെ യുവബോളർമാരോട് എല്ലാം എനിക്ക് പറയാനുള്ള ഒരു കാര്യമാണ്. വലം കയ്യൻ ബാറ്ററാണ് ക്രീസിൽ നിൽക്കുന്നതെങ്കിൽ എറൗണ്ട് ദ് വിക്കറ്റിൽ ഓഫ് സ്റ്റമ്പിന് പുറത്ത് നിങ്ങൾക്ക് പന്തറിയാൻ സാധിക്കും. അതാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വരുത്തിയ പിഴവും. അവർ അതിന് ശ്രമിച്ചില്ല.”- അക്രം പറഞ്ഞു.

Read Also -  ഹാരിസ് റോഫ് പന്തിൽ കൃത്രിമം കാട്ടി. ആരോപണവുമായി അമേരിക്കൻ ബോളർ.

“വലംകൈയൻ ബാറ്റർ ക്രീസിലുള്ള സമയത്ത് വലംകയ്യൻ ബോളർമാർ എറൗണ്ട് വിക്കറ്റിൽ എന്തുകൊണ്ടാണ് പന്തറിയാതിരിക്കുന്നത് എന്ന് ചിന്തിക്കാൻ പറ്റുന്നില്ല. മുൻപ് വെസ്റ്റിൻഡീസിന്റെ ഇതിഹാസ തരം ബ്രാവോ ഇത്തരത്തിൽ ചെയ്തിരുന്നു. എറൗണ്ട് ദി വിക്കറ്റിൽ, ഓഫ് സൈഡിൽ ഫീൽഡ് സെറ്റ് ചെയ്ത ശേഷം, ഓഫ് സ്റ്റമ്പിന് പുറത്ത് കൃത്യമായ യോർക്കാർ എറിഞ്ഞാൽ അതൊരു ആംഗിളാക്കി മാറ്റാൻ ബോളർമാർക്ക് സാധിക്കും. അങ്ങനെ വരുന്ന സാഹചര്യത്തിൽ ബാറ്റർമാർ ബുദ്ധിമുട്ടുകയും ചെയ്യും. എന്നാൽ മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ ഒരു ബോളർ പോലും അതിന് ശ്രമിച്ചതായി കണ്ടില്ല.”- അക്രം കൂട്ടിച്ചേർത്തു.

മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ബോളർമാർ പൊതിരെ തല്ലു കൊള്ളുകയായിരുന്നു. മാത്രമല്ല ക്രീസിൽ മാക്സ്വെൽ നിറഞ്ഞാടിയപ്പോൾ അഫ്ഗാനിസ്ഥാന് മുൻപിൽ യാതൊരു ഉത്തരവും ഇല്ലായിരുന്നു. മത്സരത്തിൽ 128 പന്തുകൾ നേരിട്ടായിരുന്നു മാക്സ്വൽ ഡബിൾ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 21 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെട്ടു. ഓസ്ട്രേലിയയുടെ ഈ വിജയം അഫ്ഗാനിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് വലിയ മങ്ങലേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Scroll to Top