ദക്ഷിണാഫ്രിക്കകെതിരെയുള്ള ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനയകപ്പെട്ട ഇന്ത്യ നിശ്ചിത 20 ഓവറില്‍ 169 റണ്‍സ് നേടിയത്. ടോപ്പ് ഓഡര്‍ തകര്‍ച്ചക്ക് ശേഷം ഹാര്‍ദ്ദിക്ക് പാണ്ട്യ – ദിനേശ് കാര്‍ത്തിക് എന്നിവരുടെ ഫിനിഷിങ്ങ് പ്രകടനമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.
81 ന് 4 എന്ന നിലയില്‍ നിന്നും ഹാര്‍ദ്ദിക്ക് പാണ്ട്യയും ദിനേശ് കാര്‍ത്തികും 140 നു മുകളില്‍ എത്തിച്ചു. ഇരുവരും ചേര്‍ന്ന് 33 പന്തില്‍ 65 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഐപിഎല്‍ പ്രകടനത്തിലൂടെ ടീമില്‍ തിരിച്ചെത്തിയ ദിനേശ് കാര്‍ത്തികാണ് ടീമിന്‍റെ ടോപ്പ് സ്കോററായത്.
രാജ്യാന്തര ക്രിക്കറ്റിലെ തന്‍റെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണ് ദിനേശ് കാര്‍ത്തിക് ഇന്ന് നേടിയത്. അവസാന ഓവറിലെ രണ്ടാം പന്തില്‍ പുറത്താകുമ്പോള്‍ 27 പന്തില്‍ 9 ഫോറും 2 സിക്സും അടക്കം 55 റണ്‍സ് നേടി. അവസാന 5 ഓവറില്‍ 73 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ പിറന്നത്. ആദ്യ പത്തോവറില്‍ വെറും 56 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
പ്രെട്ടോറീയൂസിനെ സിക്സ് പറത്തിയാണ് ദിനേശ് കാര്‍ത്തിക് അര്‍ദ്ധസെഞ്ചുറി തികച്ചത്. അടുത്ത പന്തില്‍ ബൗണ്ടറി ശ്രമത്തിനിടെയാണ് ദിനേശ് കാര്‍ത്തിക് പുറത്തായത്. തകര്‍പ്പന്‍ പ്രകടനത്തോടെ ദിനേശ് കാര്‍ത്തിക്, ടി20 ലോകകപ്പ് സ്ക്വാഡില്‍ എത്താനുള്ള സാധ്യത വര്‍ധിക്കുകയാണ്.