റെക്കോഡ് നേട്ടവുമായി ഇംഗ്ലണ്ട്. പിറന്നത് 26 സിക്സും 3 സെഞ്ചുറിയും

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. നെതര്‍ലണ്ടിനെതിരെയുള്ള ആദ്യ ഏകദിന പോരാട്ടത്തിലാണ് ഇംഗ്ലണ്ട് 498 ന് 4 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ബാറ്റെടുത്തവരെല്ലാം നിറഞ്ഞാടിയ മത്സരത്തില്‍ ഇംഗ്ലണ്ടിനു വേണ്ടി 3 ബാറ്റര്‍മാര്‍ സെഞ്ചുറി നേടി. തങ്ങളുടെ തന്നെ 481 റണ്‍സിന്‍റെ റെക്കോഡാണ് ഇംഗ്ലണ്ട് തിരുത്തിയത്.

രണ്ടാം ഓവറില്‍ ജേസണ്‍ റോയിനെ നഷ്ടമായെങ്കിലും ഡേവിഡ് മലാന്‍ – സാള്‍ട്ട് സംഖ്യം രണ്ടാം വിക്കറ്റില്‍ 222 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 93 പന്തില്‍ 122 റണ്‍സ് നേടി പുറത്തായതിനു ശേഷം അടുത്ത ഊഴം ജോസ് ബട്ട്ലറുടേതായിരുന്നു. ഐപിഎല്‍ ഫോം തുടര്‍ന്ന താരം 27 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടി. മറുവശത്ത് മലാന്‍ 90 പന്തില്‍ സെഞ്ചുറി തികച്ചു.

england top score

അടുത്ത 20 പന്തുകളില്‍ നിന്നാണ് ബട്ട്ലര്‍ സെഞ്ചുറിയിലേക്ക് എത്തിയത്. 47 പന്തില്‍ സെഞ്ചുറി തികച്ച ജോസ് ബട്ട്ലര്‍, ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി മാറി. 44ാം ഓവറിലാണ് ഇംഗ്ലണ്ട് 400 കടന്നത്. അടുത്ത ഓവറില്‍ മലാന്‍റെയും (125) മോര്‍ഗന്‍റെയും (0) വിക്കറ്റ് നഷ്ടമായപ്പോള്‍ ക്രീസില്‍ എത്തിയത് ലിവിങ്ങ്സ്റ്റണ്‍.

18 പന്തില്‍ അര്‍ദ്ധസെഞ്ചുറിയിലെത്തിയ താരം ഇംഗ്ലണ്ടിനായി ഏറ്റവും വേഗത്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ താരമായി മാറി. മറുവശത്ത് ജോസ് ബട്ട്ലര്‍ സ്കോറിങ്ങ് തുടര്‍ന്നുകൊണ്ടിരുന്നു. 2 റണ്‍സിനാണ് 500 എന്ന ടോട്ടല്‍ ഇംഗ്ലണ്ടിനു നഷ്ടമായത്. പുറത്താകതെ നിന്ന ജോസ് ബട്ട്ലറായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്കോറര്‍. 70 പന്തില്‍ 162 റണ്‍സാണ് താരം നേടിയത്. 7 ഫോറും 14 സിക്സും പിറന്നു. ലിവിങ്ങ്സ്റ്റണ്‍ 22 പന്തില്‍ 6 വീതം ഫോറും സിക്സും അടിച്ച് 66 റണ്‍സ് നേടി.