ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ കാട്ടുതീയായി ജസ്പ്രീറ്റ് ബുമ്ര. മത്സരത്തിൽ നിർണായ സമയത്ത് ഇംഗ്ലണ്ടിന്റെ 2 വിക്കറ്റുകൾ തുടർച്ചയായി വീഴ്ത്തിയാണ് ബൂമ്ര ഇന്ത്യയ്ക്ക് മത്സരത്തിൽ ആധിപത്യം നേടിക്കൊടുത്തത്. 230 എന്ന താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇംഗ്ലണ്ടിനേറ്റ തിരിച്ചടി തന്നെയായിരുന്നു ബൂമ്രയുടെ ഈ തകർപ്പൻ ബോളിംഗ് പ്രകടനം. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഓപ്പണർ ഡേവിഡ് മലാൻ, സൂപ്പർതാരം ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിൽ ബൂമ്ര സ്വന്തമാക്കിയത്. ഈ വിക്കറ്റുകൾ മത്സരത്തിൽ ഇന്ത്യയ്ക്ക് ആധിപത്യം നൽകിയിട്ടുണ്ട്.
മത്സരത്തിൽ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം തന്നെയാണ് മലാനും ബെയർസ്റ്റോയും നൽകിയത്. എന്നാൽ അഞ്ചാം ഓവറിൽ ബൂമ്ര ഇത് തിരുത്തുകയായിരുന്നു. ഓവറിലെ അഞ്ചാം പന്ത് മലാനെതിരെ ഒരു ഷോട്ട് ലെങ്ത് പന്തായാണ് ബൂമ്ര എറിഞ്ഞത്. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് ഒരു സ്ക്വയർ കട്ട് കളിക്കാനാണ് മലാൻ ശ്രമിച്ചത്. എന്നാൽ ബാറ്റിന്റെ ഇൻസൈഡ് എഡ്ജിൽ കൊണ്ട പന്ത് കൃത്യമായി സ്റ്റമ്പിൽ പതിക്കുകയായിരുന്നു. ഇങ്ങനെ അപകടകാരിയായ മലാൻ കൂടാരം കയറുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാണ് മലാന്റെ വിക്കറ്റ് നൽകിയത്. മത്സരത്തിന്റെ തുടക്കം മുതൽ സുന്ദരമായി ഷോട്ടുകളാണ് മലാൻ ഇന്ത്യൻ ബോളർമാർക്കെതിരെ കളിച്ചത്. മത്സരത്തിൽ 17 പന്തുകൾ നേരിട്ട മലാൻ 16 റൺസ് ആണ് നേടിയത്.
പിന്നീട് തൊട്ടടുത്ത പന്തിൽ തന്നെ സൂപ്പർതാരം ജോ റൂട്ടിനെയും പുറത്താക്കാൻ ബുമ്രയ്ക്ക് സാധിച്ചു. കൃത്യമായി പിച്ചു ചെയ്തുവെന്ന പന്തിന്റെ ദിശ നിർണയിക്കുന്നതിൽ ജോ റൂട്ട് പരാജയപ്പെടുകയായിരുന്നു. റൂട്ടിന്റെ പ്രതിരോധം മറികടന്ന് പന്ത് കൃത്യമായി പാഡിൽ കൊണ്ടു. ഇന്ത്യയുടെ അപ്പീലിന് വഴങ്ങി അമ്പയർ അത് ഔട്ട് വിധിക്കുകയുണ്ടായി. എന്നാൽ ഇത് ഔട്ടാണോ എന്ന് സംശയം റൂട്ടിന് ഉണ്ടായിരുന്നു. ജോ റൂട്ട് റിവ്യൂ എടുക്കാൻ തയ്യാറായി. പക്ഷേ റിപ്ലൈയിൽ കൃത്യമായി പന്ത് സ്റ്റമ്പിൽ കൊള്ളുന്നത് ദൃശ്യമായിരുന്നു. ഇതോടെ മത്സരത്തിൽ റൂട്ടും കൂടാരം കയറി. ഒരു ഗോൾഡൻ ഡക്കായാണ് റൂട്ട് മടങ്ങിയത്.
ഇന്ത്യയ്ക്ക് ഒരു തട്ടുപൊളിപ്പൻ തുടക്കമാണ് ബൂമ്ര നൽകിയിരിക്കുന്നത്. മുൻപ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള തകർച്ച നേരിടേണ്ടി വന്നിരുന്നു. 87 റൺസ് സ്വന്തമാക്കിയ നായകൻ രോഹിത് ശർമയുടെ മികവിലായിരുന്നു ഇന്ത്യ 229 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിയത്. ഒപ്പം സൂര്യകുമാർ യാദവും ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന സമയങ്ങളിൽ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. മത്സരത്തിൽ തുടർച്ചയായി വിക്കറ്റുകൾ നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാൻ സാധിക്കൂ.