ലോകകപ്പിലെ ഇന്ത്യയുടെ ജൈത്രയാത്ര ഇന്നലത്തെ ഇംഗ്ലണ്ടിനെതിരെയുള്ള പരാജയത്തോടെ അവസാനിച്ചു. ഇപ്പോഴിതാ ട്വന്റി-20 ഫോർമാറ്റിൽ വമ്പൻ മാറ്റങ്ങളാണ് വരാൻ പോകുന്നത് എന്ന സൂചനയാണ് പുറത്തുവരുന്നത്. ഇന്ത്യൻ സീനിയർ താരങ്ങളുടെ കാര്യത്തിൽ ബി.സി.സി.ഐ തീരുമാനമെടുക്കാൻ പോവുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഇന്ത്യൻ നായകൻ രോഹിത് ശർമയുടെയും മുന്‍ നായകൻ വിരാട് കോഹ്ലിയുടെയും ഭാവിയുടെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനമെടുത്തിരിക്കും. ഏകദിന ലോകകപ്പ് വരാനിരിക്കെ വളരെ കുറച്ച് 20-20 മത്സരങ്ങളാണ് ഇനി ഇന്ത്യക്ക് കളിക്കാനുള്ളത്. അതു കൊണ്ടു തന്നെ കുട്ടി ക്രിക്കറ്റിൽ തുടരണോ വേണ്ടയോ എന്ന തീരുമാനം സീനിയർ താരങ്ങൾ എടുക്കേണ്ടി വരും. സീനിയർ താരങ്ങളായ അശ്വിനും കാർത്തികും തങ്ങളുടെ അവസാന 20-20 മത്സരങ്ങൾ കളിച്ചു എന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനമാണ്.
അതേസമയം എല്ലാവരും ഉറ്റുനോക്കുന്നത് രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും തീരുമാനങ്ങളാണ്. ഇരുവരും 2024ൽ നടക്കുന്ന ലോകകപ്പിലും കളിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന പ്രകാരം ബി.സി.സി.ഐ ആരോടും വിരമിക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. അടുത്ത വർഷം സീനിയർ താരങ്ങൾ ട്വന്റി-20 കളിക്കാതെ വിരമിച്ചു കഴിഞ്ഞാൽ അത് ഐ.പി.എല്ലിനെ ബാധിക്കുമെന്ന പേടിയാണ് ഉള്ളത്. അതുകൊണ്ടാണ് ബി.സി.സി.ഐ ഇക്കാര്യത്തിൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കാത്തത്.
ഇക്കാര്യങ്ങൾ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സെമിഫൈനലിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് താരം സംസാരിച്ചത്. മുതിർന്ന താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും ഈ കാര്യം തീരുമാനിക്കാൻ രണ്ടു വർഷം ഇനിയുമുണ്ടെന്നാണ് ഇന്ത്യൻ പരിശീലകൻ പറഞ്ഞത്.
ന്യൂസിലന്‍റ് പരമ്പരയില്‍ ഹര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കളിക്കുക. ശുഭ്മാന്‍ ഗില്ലിനൊപ്പം റിഷഭ് പന്ത് ഓപ്പണ്‍ ചെയ്യുമെന്നാണ് സൂചന. കൂടാതെ പരിക്കില്‍ നിന്നും തിരിച്ചെത്തുന്ന വാഷിങ്ങ് ടണ്‍ സുന്ദറിന് കൂടുതല്‍ അവസരങ്ങള്‍ കൊടുക്കുമെന്നാണ് സൂചനകള്‍.