പാക്കിസ്ഥാനെതിരായ നെതർലൻഡ്സിന്റെ ആദ്യ മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനമാണ് യുവതാരം ബാസ് ഡി ലീഡെ കാഴ്ചവച്ചത്. ക്വാളിഫയർ മത്സരങ്ങളിൽ അത്യുഗ്രൻ ഓൾറൗണ്ട് പ്രകടനങ്ങൾക്ക് ശേഷമാണ് ബാസ് ഡി ലീഡെ ലോകകപ്പിലേക്ക് എത്തിയത്. ആദ്യ മത്സരത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങാൻ ഈ യുവതാരത്തിന് സാധിച്ചു.
മത്സരത്തിൽ 4 വിക്കറ്റുകളാണ് ബാസ് ഡി ലീഡെ നേടിയത്. പാകിസ്ഥാനെ 300ന് മുകളിലേക്ക് ഒരു സ്കോറിൽ പോകാതെ ഒതുക്കുന്നതിൽ ഡി ലീഡെയുടെ ബോളിംഗ് പ്രകടനം വളരെ നിർണായകമായിരുന്നു. ഈ പ്രകടനത്തോടെ ഒരു അത്യപൂർവ്വം നേട്ടം ബാസ് ഡി ലീഡെ സ്വന്തമാക്കുകയുണ്ടായി. തന്റെ പിതാവ് 20 വർഷങ്ങൾക്കു മുൻപ് ലോകകപ്പിൽ നേടിയ നേട്ടം ആവർത്തിച്ചാണ് ബാസ് ഡി ലീഡെ ചരിത്രം കുറിച്ചത്.
മത്സരത്തിൽ 9 ഓവറുകളിൽ 62 റൺസ് വഴങ്ങിയാണ് 4 വിക്കറ്റുകൾ ബാസ് ഡി ലീഡെ സ്വന്തമാക്കിയത്. താരത്തിന്റെ പിതാവായ ടിം ഡി ലീഡെയും ഇത്തരത്തിൽ ഒരു തകർപ്പൻ പ്രകടനം കാഴ്ചവച്ചിരുന്നു. 29 ഏകദിന മത്സരങ്ങൾ നെതർലൻഡ്‌സ് ടീമിനായി ടീം ഡി ലീഡേ കളിച്ചട്ടുണ്ട്. 2003ലെ ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെയായിരുന്നു ടീം ഡി ലീഡെ ഒരു അത്യുഗ്രൻ ബോളിംഗ് പ്രകടനം കാഴ്ചവച്ചത്. അന്ന് ഇന്ത്യയുടെ 4 വിക്കറ്റുകളാണ് ടിം ഡി ലീഡെ സ്വന്തമാക്കിയത്. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, ഹർഭജൻ സിംഗ്, സഹീർ ഖാൻ എന്നിവരുടെ വിക്കറ്റുകളായിരുന്നു മത്സരത്തിൽ ഈ സൂപ്പർ താരം നേടിയത്. ഇപ്പോൾ 20 വർഷങ്ങൾക്കുശേഷം തന്റെ പിതാവിന്റെ നേട്ടം മകനും കൈവരിച്ചിരിക്കുകയാണ്.
ഇതുവരെ നെതർലൻഡ്സ് ടീമിനായി ബാസ് ഡി ലീഡെ 60 മത്സരങ്ങളിലധികം കളിച്ചിട്ടുണ്ട്. ബോളിങ്ങിൽ മാത്രമല്ല ബാറ്റിംഗിൽ മികവുപുലർത്താനും ബാസ് ഡി ലീഡെക്ക് കഴിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിലും ബാറ്റിംഗിൽ ബാസ് ഡി ലീഡെ മികവ് പുലർത്തിയിരുന്നു. മത്സരത്തിൽ 68 പന്തുകളിൽ 67 റൺസ് ആണ് ഈ യുവതാരം നേടിയത്. ആറു ബൗണ്ടറികളും രണ്ട് സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു. നെതർലൻഡ്സ് സമ്മർദ്ദത്തിൽ നിന്ന സമയത്താണ് ഡി ലീഡെ ക്രീസിലെത്തിയത്. ശേഷം കൃത്യമായ ഷോട്ടുകളുമായി യുവതാരം റൺസ് കണ്ടെത്തുകയായിരുന്നു.
എന്നിരുന്നാലും മത്സരത്തിൽ നെതർലൻഡ്സിനെ വിജയത്തിലെത്തിക്കാൻ ബാസ് ഡി ലീഡേയ്ക്ക് സാധിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 286 റൺസ് ആയിരുന്നു നേടിയത്. പാകിസ്ഥാനായി മുഹമ്മദ് റിസ്വാനും സൗദി ഷക്കീലുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സിന് ഓപ്പണർ വിക്രംജിത്ത് സിംഗ് മികച്ച തുടക്കം നൽകി. ഒപ്പം മധ്യനിരയിൽ ഡി ലീഡെയും മികവുപുലർത്തി. എന്നാൽ മറ്റു ബാറ്റർമാർ പരാജയമായി മാറിയപ്പോൾ നെതർലൻസിന്റെ ഇന്നിംഗ്സ് കേവലം 205 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ 81 റൺസിന്റെ വിജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്.