ബാസ് ഡി ലീഡെയുടെ ഒറ്റയാൾ പോരാട്ടം വിഫലം. ആദ്യ മത്സരത്തിൽ പാകിസ്ഥാന് വിജയം.

തങ്ങളുടെ 2023 ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി പാക്കിസ്ഥാൻ. താരതമ്യേന ദുർബലരായ നെതർലാൻഡ് ടീമിനെതിരെ 81 റൺസിന്റെ വിജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. പാക്കിസ്ഥാനായി റിസ്വാനും സൗദ് ഷക്കീലുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. ഒപ്പം ബോളർമാരും മികച്ച പ്രകടനം പുറത്തെടുത്തതോടെ പാകിസ്ഥാൻ മത്സരത്തിൽ വിജയം നേടുകയായിരുന്നു. മറുവശത്ത് നെതർലാൻസിനായി ബാറ്റിങ്ങിലും ബോളിങ്ങിലും ബാസ് ഡി ലീഡെ ഒറ്റയാൾ പോരാട്ടം നടത്തി. ശക്തമായ പാക്കിസ്ഥാൻ ബോളിങ്ങിനെതിരെ പിടിച്ചുനിൽക്കാൻ മറ്റു നെതർലാൻഡ്സ് ബാറ്റർമാർക്ക് സാധിക്കാതെ വന്നു.

മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല പാക്കിസ്ഥാന് ലഭിച്ചത്. ഓപ്പണറായ ഫക്കർ സമൻ(12) ഇമാം ഉൾ ഹക്ക്(15) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ പാക്കിസ്ഥാന് നഷ്ടമായി. ഒപ്പം നായകൻ ബാബർ ആസമും(5) കൂടാരം കയറിയതോടെ പാകിസ്ഥാൻ വിയർത്തു. എന്നാൽ പിന്നീടെത്തിയ റിസ്വാനും സൗദി ഷക്കീലും ചേർന്ന് പാകിസ്താനെ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇരുവരും മത്സരത്തിൽ 68 റൺസ് വീതമാണ് നേടിയത്. ഒപ്പം മധ്യനിരയിൽ മുഹമ്മദ് നവാസും(39) ശതാബ് ഖാനും(32) മികവു പുലർത്തിയതോടെ പാക്കിസ്ഥാൻ 286 എന്ന സ്കോറിൽ എത്തുകയായിരുന്നു.

നെതർലൻഡ്സിനായി ഡി ലീഡെയാണ് ബോളിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തത്. 9 ഓവറുകളിൽ 62 റൺസ് വിട്ടുകൊടുത്ത ഡി ലീഡെ 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സിന് ഓപ്പണർ മാക്സ് ഓടൗഡിന്റെ(5) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ഒരു വശത്ത് ഓപ്പണർ വിക്രംജീത്ത് സിംഗ് ക്രീസിൽ ഉറക്കുകയായിരുന്നു. 67 പന്തുകളിൽ 52 റൺസാണ് വിക്രംജീത്ത് നേടിയത്. ഒപ്പം മധ്യനിരയിൽ ഡി ലീഡെ ബാറ്റിങ്ങിലും മികവ് പുലർത്തി. 68 പന്തുകളിൽ 67 റൺസായിരുന്നു ബാറ്റിംഗിൽ ഡി ലീഡെയുടെ സംഭാവന.

എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കണ്ടെത്തി ക്കൊണ്ട് പാക്കിസ്ഥാൻ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. നെതർലാൻഡ്സ് ബാറ്റർമാരിൽ നിന്നുണ്ടായ പിഴവുകൾ പാക്കിസ്ഥാൻ ഏറ്റവും മികച്ച രീതിയിൽ തന്നെ വിനിയോഗിച്ചു. ഇതോടെ നെതർലൻഡ്സ് കടപുഴകി വീഴുന്നതാണ് കണ്ടത്. മത്സരത്തിൽ 81 റൺസിന്റെ വിജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. 2023 ലോകകപ്പിൽ മികച്ച ഒരു തുടക്കം തന്നെയാണ് പാക്കിസ്ഥാൻ ടീമിന് ലഭിച്ചിരിക്കുന്നത്.