ഇംഗ്ലണ്ടിനെതിരെയുള്ള സെഞ്ചുറി നേട്ടത്തോടെ ബാബര്‍ അസമിനു റെക്കോഡ് നേട്ടം. ഏറ്റവും വേഗത്തില്‍ 14 ഏകദിന സെഞ്ചുറി എന്ന റെക്കോഡാണ് പാക്കിസ്ഥാന്‍ നായകന്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ നേടിയ സെഞ്ചുറിക്ക് ഒരുപാട് പ്രത്യേകയുമുണ്ട്.
ഇംഗ്ലണ്ട് മണ്ണില്‍ ഏകദിന സെഞ്ചുറി നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് ബാബര്‍ അസം. 1983 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റനായ ഇമ്രാന്‍ ഖാന്‍ ശ്രീലങ്കകെതിരെ 102 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ കൂടിയാണ് ബാബര്‍ അസം.
81ാം ഇന്നിംഗ്സിലാണ് ബാബര്‍ അസം 14ാം ഏകദിന സെഞ്ചുറി നേടിയത്. ഹാഷീം അംലയുടെ (84 ഇന്നിംഗ്സ്) റെക്കോഡാണ് തകര്‍ത്തത്.
ആദ്യ രണ്ട് ഏകദിനത്തില്‍ ബാബര്‍ അസം നിരാശപ്പെടുത്തിയിരുന്നു. മൂന്നാം ഏകദിനത്തില്‍ 139 പന്തില്‍ നിന്നാണ് പാക്കിസ്ഥാന്‍ നായകന്‍ 158 റണ്‍സ് നേടിയത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ മത്സരത്തില്‍ 14 ഫോറും 4 സിക്സും നേടി.
മത്സരത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 332 റണ്‍സ് വിജയലക്ഷ്യം 7 വിക്കറ്റ് നഷടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം നിര രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ വിജയം പിടിച്ചെടുക്കുകയായിരുന്നു. ജയിംസ് വിന്‍ഡിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്.