ധോണിയെ പോലെയാണ് അവൻ :രോഹിത്തിനെ മികച്ച നായകനായി പ്രഖ്യാപിച്ച് മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിൽ ഇപ്പോൾ സജീവ പരിഗണന ലഭിക്കുന്ന ഒരു ചോദ്യമാണ് നിലവിലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ശേഷം ആരാകും ടീം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തിലേക്ക് എത്തുകയെന്നത്. നിലവിൽ ഇന്ത്യൻ ടീമിനെ മൂന്ന് ഫോർമാറ്റിലും നയിക്കുന്ന കോഹ്ലി അനവധി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് എങ്കിലും സൂപ്പർ താരത്തിന്റെ ക്യാപ്റ്റൻസിയിൽ ഇതുവരെ ഇന്ത്യൻ ടീമിന് ഒരു ഐസിസി കിരീടം നേടുവാൻ സാധിച്ചിട്ടില്ല. പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ന്യൂസിലാൻഡ് ടീമിനോട് വഴങ്ങിയ എട്ട് വിക്കറ്റിന്റെ തോൽവിക്ക് പിന്നാലെ പല മുൻ താരങ്ങളും ആരാധകരും വിരാട് കോഹ്ലി നായക സ്ഥാനത്ത് നിന്നും ഏറെ വൈകാതെ ഒഴിയണമെന്ന ആവശ്യം രൂക്ഷ ഭാഷയിൽ ഉന്നയിച്ചിരുന്നു. പകരം ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ എങ്കിലും രോഹിത് ശർമയെ നായകനാക്കി കൊണ്ട് വരണമെന്നാണ് പലരും പങ്കുവെക്കുന്ന അഭിപ്രായം.

എന്നാൽ ഇപ്പോൾ രോഹിത് ശർമ്മയെ വാനോളം പുകഴ്ത്തി തന്റെ അഭിപ്രായം പങ്കിടുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ്‌ നിരീക്ഷകനുമായ ആകാശ് ചോപ്ര.നായകനായി ഐപിഎല്ലിൽ അടക്കം കിരീടങ്ങൾ വാരികൂട്ടിയ രോഹിത് ശർമ്മക്ക് എക്കാലവും വളരെ സഹായകമായി മാറുന്ന കാര്യമെന്ത്‌ എന്ന് വിശദീകരിക്കുകയാണ് ആകാശ് ചോപ്ര ഇപ്പോൾ. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും ഇതിഹാസ നായകനുമായ ധോണിക്ക് സമാനമാണ് രോഹിത്തിന്റെ ക്യാപ്റ്റൻസി എന്നും ആകാശ് ചോപ്ര ചൂണ്ടികാണിച്ചു

“ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തിളങ്ങുന്ന ക്യാപ്റ്റനായി രോഹിത്തിന് വളരുവാൻ സാധിക്കും. എന്താണ് അവന്റെ ചിന്ത എന്ന് മുഖം നോക്കിയാൽ മനസ്സിലാവില്ല പക്ഷേ എന്താണ് കൃത്യമായി ചെയ്യേണ്ടത് എന്നത്തിൽ വിശദമായ ധാരണ രോഹിത് ശർമ്മക്ക് ഉണ്ട്.ധോണിയെ പോലെയാണ് അവനും എന്താണ് മത്സരത്തിൽ ഇനി നടക്കുകയന്നത് അവന്റെ മുഖത്തിൽ നിന്നും മനസ്സിലാവില്ല. തലയിൽ ഒരു കാൽകുലേറ്റർ ഉള്ളവനാണ് അവൻ. ഏത് ബൗളർ ഏതൊക്കെ ഓവർ എറിയണം എന്നതിൽ വ്യക്തമായ ധാരണയ അവന് ഉണ്ട് “ചോപ്ര വാചാലനായി.