എമർജിങ് ഏഷ്യാകപ്പിന്റെ ഫൈനലിൽ പാക്കിസ്ഥാൻ ടീമിനെതിരെ കൂറ്റൻ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ 128 റൺസിന്റെ വമ്പൻ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതുവരെ ടൂർണമെന്റിൽ കൃത്യമായി ആധിപത്യം സ്ഥാപിച്ച ഇന്ത്യ എ ടീമിന്റെ മോശം പ്രകടനം തന്നെയാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. പാക്കിസ്ഥാനായി താഹിർ ഒരു വമ്പൻ സെഞ്ചുറി തന്നെ മത്സരത്തിൽ നേടുകയുണ്ടായി. ഈ ബലത്തിൽ ആദ്യ ഇന്നിങ്സിൽ ഒരു വമ്പൻ സ്കോർ പാക്കിസ്ഥാൻ ബോർഡിൽ ചേർക്കുകയായിരുന്നു. എന്നിരുന്നാലും 30കാരനായ താഹിർ എമർജിങ് ഏഷ്യാകപ്പിൽ കളിച്ചത് സംബന്ധിച്ച് വലിയ രീതിയിലുള്ള വിമർശനങ്ങൾ ആരാധകരടക്കം ഉന്നയിക്കുന്നുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവിന് വിപരീതമായി ആദ്യ ബോൾ മുതൽ അടിച്ചു തകർക്കുന്ന പാകിസ്ഥാൻ എ ടീമിനെയാണ് കാണാൻ സാധിച്ചത്. പാക്കിസ്ഥാനായി ഓപ്പണർമാരായ അയ്യൂബ്(59) ഫർഹാൻ(65) എന്നിവർ തകർപ്പൻ തുടക്കം നൽകി. ശേഷമാണ് താഹിർ ക്രീസിൽ എത്തിയത്. മത്സരത്തിൽ 71 പന്തുകൾ നേരിട്ട താഹിർ 108 റൺസാണ് നേടിയത്. 12 ബൗണ്ടറികളും നാല് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ വാലറ്റ ബാറ്റർമാർ കൂടി അടിച്ചുതകർത്തതോടെ പാക്കിസ്ഥാൻ എ 352 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അഭിഷേക് ശർമ തരക്കേടില്ലാത്ത തുടക്കം നൽകി. 51 പന്തുകളിൽ 61 റൺസായിരുന്നു അഭിഷേക് നേടിയത്. ഒപ്പം നായകൻ യാഷ് ദൾ 41 പന്തുകളിൽ 39 റൺസ് നേടി. എന്നാൽ പിന്നീടെത്തിയ ബാറ്റർമാരൊക്കെയും പാക്കിസ്ഥാൻ ബോളിങ്ങിന് മുൻപിൽ അടിയറവ് പറഞ്ഞു. ജൂറൽ(9) റിയാൻ പരാഗ്(14) തുടങ്ങിയവരൊക്കെയും ചെറിയ ഇടവേളയിൽ തന്നെ കൂടാരം കയറിയപ്പോൾ ഇന്ത്യ മത്സരത്തിൽ പരാജയം അറിയുകയായിരുന്നു. മത്സരത്തിൽ 128 റൺസിന്റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ 40 ഓവറില്‍ 224 റണ്‍സില്‍ എല്ലാവരും പുറത്തായി.
എന്നിരുന്നാലും ഇതിനിടെ പാകിസ്ഥാൻ നിരയിൽ സെഞ്ച്വറി നേടിയ താഹിറിനെ സംബന്ധിച്ച് ഒരുപാട് വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുന്നുണ്ട്. സാധാരണയായി യുവതാരങ്ങളെ പങ്കെടുപ്പിക്കുന്ന ടൂർണമെന്റ് ആണ് എമർജിങ് ഏഷ്യ കപ്പ്. ഇതിൽ എങ്ങനെയാണ് 30കാരനായ താഹിർ എത്തിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്. മുൻപ് ബംഗ്ലാദേശ് ടീമിൽ 30കാരനായ സൗമ്യ സർക്കാർ അണിനിരന്നപ്പോഴും ഇത്തരത്തിൽ വിമർശനങ്ങൾ ഉയരുകയുണ്ടായി. എന്തായാലും വരും വർഷങ്ങളിൽ ഐസിസി ഇതിനെ സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തണമെന്നാണ് ആരാധകർ പറയുന്നത്.