ഇംഗ്ലണ്ടിന്റെ മേൽ വീണ്ടും ഇടിത്തീ. അർഹിച്ച വിജയം നഷ്ടമായി. ആഷസ് ട്രോഫി സ്വപ്നം മാത്രം.

364572

ഇംഗ്ലണ്ടിന്റെ ആഷസ് സ്വപ്നങ്ങൾക്ക് മേൽ ഇടിത്തീയായി മഴയുടെ കളി. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് മഴമൂലം സമനിലയിൽ കലാശിച്ചു. മത്സരത്തിൽ പൂർണ്ണമായും ഇംഗ്ലണ്ട് ആധിപത്യം നേടി നിൽക്കുന്ന സമയത്ത് ആയിരുന്നു വില്ലനായി മഴയെത്തിയത്. നിർണായകമായ നാലും അഞ്ചും ദിവസങ്ങൾ പൂർണമായും മഴ കൊണ്ടുപോയതോടെ മത്സരം സമനിലയിൽ കലാശിച്ചു. ഏതുതരത്തിൽ നോക്കിയാലും ഇംഗ്ലണ്ടിന് മാത്രമാണ് ഈ സമനിലയിലൂടെ നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇതോടെ ഇത്തവണത്തെ ആഷസ് സ്വന്തമാക്കാം എന്ന ഇംഗ്ലണ്ട് സ്വപ്നങ്ങളാണ് ഇല്ലാതായിരിക്കുന്നത്. അവസാന മത്സരത്തിൽ വിജയിച്ചാൽ പോലും പരമ്പര സമനിലയിലാക്കാൻ മാത്രമേ ഇനി ഇംഗ്ലണ്ടിന് സാധിക്കുകയുള്ളൂ.

മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യ ദിനം ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഒരു പരിധിവരെ ഓസ്ട്രേലിയയെ പിടിച്ചുനിർത്താൻ ഇംഗ്ലണ്ട് ബോളർമാർക്ക് സാധിച്ചു. ഓസ്ട്രേലിയയുടെ പല ബാറ്റർമാർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും ആരെയും വലിയ സ്കോറിലെത്താൻ ഇംഗ്ലണ്ട് ബോളർമാർ സമ്മതിച്ചില്ല. ലാബുഷെയ്ൻ(51) മിച്ചൽ മാർഷ്(51) എന്നിവരായിരുന്നു ആദ്യ ഇന്നിംഗ്സിലെ ഓസ്ട്രേലിയയുടെ ടോപ് സ്കോറർമാർ. ഇംഗ്ലണ്ടിനായി ആദ്യ ഇന്നിങ്സിൽ ക്രിസ് വോക്സ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ബാസ്സ് ബോൾ രീതിയിൽ തന്നെയാണ് ഇന്നിംഗ്സ് ആരംഭിച്ചത്. ക്രോളിയുടെ ബാറ്റിംഗ് ഇംഗ്ലണ്ടിന്റെ സ്കോർ വലിയ രീതിയിൽ ഉയർത്തി. മത്സരത്തിൽ 182 പന്തുകൾ നേരിട്ട ക്രോളി 189 റൺസ് ആണ് നേടിയത്. 21 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ഒപ്പം ബെയർസ്റ്റോ(99) റൂട്ട്(84) എന്നിവരും ഇംഗ്ലണ്ടിനായി ബാറ്റിംഗിൽ തിളങ്ങി. ഇതോടെ ഇംഗ്ലണ്ട് 592 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്സിൽ ഒരു വമ്പൻ ലീഡ് നേടിയെടുക്കാനും ഇംഗ്ലണ്ടിന് സാധിച്ചു.

Read Also -  ബാറ്റിംഗിൽ ഉഗ്രന്‍ പ്രകടനവുമായി അഖിൽ എംഎസ്. തൃശൂരിനെ വീഴ്ത്തി ട്രിവാൻഡ്രം. 8 വിക്കറ്റിന്റെ വിജയം.

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ലാബുഷൈൻ ആണ് ക്രീസിൽ പിടിച്ചുനിന്നത്. ലാബുഷൈൻ 111 റൺസ് രണ്ടാം ഇന്നിങ്സിൽ നേടുകയുണ്ടായി. എന്നിരുന്നാലും മറുവശത്ത് കൃത്യമായ സമയത്ത് വിക്കറ്റുകൾ നഷ്ടമായത് ഓസ്ട്രേലിയയെ ബാധിക്കുകയായിരുന്നു. അങ്ങനെ ഓസ്ട്രേലിയ 214 ന് 5 എന്ന നിലയിൽ എത്തി. എന്നിരുന്നാലും ഇംഗ്ലണ്ടിനേക്കാൾ 61 റൺസ് പിന്നിലായിരുന്നു ഓസ്ട്രേലിയ. ഈ സമയത്താണ് മത്സരത്തിൽ മഴ കനത്തത്. നിർണായകമായ അവസാന രണ്ട് ദിവസങ്ങളിൽ മഴ നിന്നു പെയ്തു. ഇതോടെ മത്സരം സമനിലയായി വിധിക്കപ്പെട്ടു. നിലവിൽ 4 മത്സരങ്ങൾ അവസാനിക്കുമ്പോൾ പരമ്പര 2- 1 എന്ന നിലയിൽ ഓസ്ട്രേലിയ ലീഡ് ചെയ്യുകയാണ്.

Scroll to Top