നാളെയാണ് ഇന്ത്യയുടെ സെമി ഫൈനലിലെ ഇംഗ്ലണ്ടിനെതിരെയുള്ള സൂപ്പർ പോരാട്ടം. ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. സെമി ഫൈനൽ ആയതിനാലും ഇരു ടീമുകളും ശക്തമായതിനാലും ജയം ആർക്കൊപ്പം ആകുമെന്ന് പ്രവചിക്കാൻ സാധിക്കുകയില്ല. കളിക്കാരുടെ ഫോമിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യക്കാണ് ചെറിയ മുൻതൂക്കം.
ഇന്ത്യയുടെ സെമി പ്രവേശനത്തിന് നിർണായ പങ്കുവഹിച്ച താരങ്ങളാണ് വിരാട് കോഹ്ലിയും സൂര്യ കുമാർ യാദവും.
അതുകൊണ്ടുതന്നെ ഇരുവരുടെയും പ്രകടനം സെമിഫൈനലിൽ ഇന്ത്യക്ക് നിർണായകമാകും. അതേസമയം ഇന്ത്യൻ നായകൻ രോഹിത് ശർമ ഇതുവരെയും മികച്ച ഫോമിലേക്ക് എത്താത്തത് ഇന്ത്യക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്. ആദ്യ മത്സരങ്ങളിൽ രാഹുൽ മോശം പ്രകടനമാണ് പുറത്തെടുത്തതെങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടി താരം ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകൾ നൽകിയിരുന്നു.രോഹിത് ശർമ ഈ ലോകകപ്പിൽ ആകെ ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് നേടിയിട്ടുള്ളത്. അതും നെതർലാൻഡ്സിനെതിരെ മാത്രമാണ്. ഇപ്പോൾ ഇതാ ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
ഇന്ത്യൻ ഓപ്പണർമാർ എന്തുതന്നെയായാലും ഫോമിലേക്ക് തിരിച്ചെത്തണമെന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. “രോഹിത് ശർമ ഇതുവരെ പ്രതീക്ഷിച്ച പോലെ റൺസ് നേടിയിട്ടില്ല. സെമി ഫൈനലിൽ തിളങ്ങിയാൽ ഇന്ത്യക്ക് ആ പ്രകടനം കരുത്തായി മാറും. എന്നാൽ ഒരു മത്സരം കൂടി രോഹിത് നിരാശപ്പെടുത്തിയാൽ അത് വലിയ തിരിച്ചടിയാവും. ആദ്യ ഓവർ മിക്ക കളിയിലും മെയ്ഡനാണ്. അതുകൊണ്ട് തന്നെ 19 ഓവർ മത്സരമാണ് ഇന്ത്യ കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ ഇത്തരമൊരു മോശം തുടക്കം ഇന്ത്യക്ക് ഉണ്ടായിക്കൂടാ. 19 ഓവർ മത്സരം കളിക്കാനാണ് ഇന്ത്യ നോക്കുന്നതെങ്കിൽ അത് മുതലാക്കാൻ ഇംഗ്ലണ്ടിനാവും. ഓപ്പണർമാർ എന്ന
നിലയിൽ മികച്ച റെക്കോർഡ് ഉള്ള താരങ്ങളാണ് രാഹുലും രോഹിത്തും എങ്കിലും, രണ്ടു പേരും ഒരുമിച്ചപ്പോൾ ആ കൂട്ടുകെട്ട് നന്നായി ഉപയോഗിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ ലോകകപ്പിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഇംഗ്ലണ്ടിനെതിരെ 6 ഓവറിൽ 50 റൺസിലധികം നേടി മികച്ച തുടക്കം നൽകേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആക്രമണ ശൈലി പുറത്തെടുക്കണം. അവരെ തോൽപ്പിക്കണമെങ്കിൽ അതാണ് വേണ്ടത്. തുടക്കമുതൽ രോഹിത് സ്കോർ ചെയ്യാൻ തുടങ്ങണം. പതുക്കെ തുടങ്ങിയാൽ ഇന്ത്യയുടെ അവസ്ഥ ദുർബലമാകും. കാർത്തിക്- പന്ത് എന്നിവരിൽ ആരാവും കളിക്കാൻ ഇറങ്ങുക എന്ന് കണ്ടറിയണം. ഇന്ത്യയുടെ ബാറ്റിംഗ് മികച്ചതാണെങ്കിലും മധ്യനിരയിൽ പ്രശ്നങ്ങളുണ്ട്. ആകെ വിശ്വസ്തനായ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് മാത്രമാണ്. ബാക്കി ആർക്കും സ്ഥിരതയില്ല.”- ആകാശ് ചോപ്ര പറഞ്ഞു